Latest News

കരള്‍ രോഗം; അറിയാം ചികിത്സാ രീതികള്‍

Malayalilife
 കരള്‍ രോഗം; അറിയാം ചികിത്സാ രീതികള്‍

ഫാറ്റി ലിവറും ലിവര്‍ സിറോസിസും മുതല്‍ ലിവര്‍ കാന്‍സറും ജനിതക തകരാറുകള്‍ വരെ നീളുന്ന വിവിധങ്ങളായ കരള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അടുത്ത കാലം വരെ കരള്‍ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സാധ്യതകള്‍ പരിമിതമായതുകൊണ്ടുതന്നെ ഏറെ ഭീതി നിറയ്ക്കുന്ന ഒരു രോഗാവസ്ഥ കൂടിയായിരുന്നു ഇത്. ഏറെ ആക്രമണകാരിയായ രോഗമായി ആയിരുന്നു കരള്‍ രോഗങ്ങളെ പൊതുവില്‍ കണ്ടിരുന്നത്. എന്നാല്‍ സമീപകാലത്തായി രോഗനിര്‍ണയത്തിലും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ പ്രതീക്ഷാവാഹകമാണ്. ഹെപ്പറ്റോളജി മേഖലയും ഒരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് രോഗികള്‍ക്ക് ഏറെ ആശ്വാസകരവും പുതിയ പ്രതീക്ഷ നല്‍കുകയും ചെയ്യുന്നതാണ്.

*രോഗം നിര്‍ണയത്തിലെ മാറ്റങ്ങള്‍*

ലിവര്‍ ബയോപ്‌സികളായിരുന്നു കരള്‍ രോഗങ്ങള്‍ വിലയിരുത്തുന്നതിനുള്ള പ്രാഥമിക രീതി. എന്നാല്‍ അവ അപകടസാധ്യതകളും അസ്വസ്ഥതകളും ഏറെ നിറഞ്ഞതാണ്. എന്നാല്‍ ഇന്ന് നോണ്‍-ഇന്‍വേസീവ് ഡയഗ്‌നോസ്റ്റിക്‌സ്

രോഗനിര്‍ണയത്തില്‍ പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ഇലാസ്റ്റോഗ്രാഫി ഉപയോഗിച്ച് കരളിന്റെ കാഠിന്യം അളക്കുന്ന ഫൈബ്രോസ്‌കാന്‍ പോലുള്ള സാങ്കേതിക വിദ്യകള്‍, കരള്‍ ഫൈബ്രോസിസും കൊഴുപ്പ് അടിഞ്ഞുകൂടലും പോലുള്ള രോഗാവസ്ഥകള്‍ വളരെ വേഗത്തില്‍ വേദനയില്ലാതെ വിലയിരുത്താന്‍ സഹായിക്കുന്നതാണ്.

സമാന്തരമായി, എംആര്‍ ഇലാസ്റ്റോഗ്രഫി, പ്രോട്ടോണ്‍ ഡെന്‍സിറ്റി ഫാറ്റ് ഫ്രാക്ഷന്‍ ഇമേജിംഗ് തുടങ്ങിയ നൂതന എംആര്‍ഐ സാങ്കേതിക വിദ്യകള്‍ കരള്‍ ടിഷ്യുവിനെ കുറിച്ചുള്ള വിശദമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്. ഇത് രോഗനിര്‍ണയത്തെ കൂടുതല്‍ സൂക്ഷ്മവും കൃത്യവും ആക്കി മാറ്റുന്നു. ELF ടെസ്റ്റ്, ഫൈബ്രോ ടെസ്റ്റ് പോലുള്ള രക്തത്തെ അടിസ്ഥാനമാക്കിയുള്ള ബയോമാര്‍ക്കറുകളും ഇപ്പോള്‍ ലിവര്‍ ഫൈബ്രോസിസിനെ കണക്കാക്കാന്‍ പതിവായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് ബയോപ്‌സികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇടയ്ക്കിടെയുള്ള നിരീക്ഷണം എളുപ്പത്തില്‍ ആകുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ചികിത്സ

ഒരുകാലത്ത് വിട്ടുമാറാത്തതും വിനാശകരവുമായ രോഗമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഹെപ്പറ്റൈറ്റിസ് സി. എന്നാല്‍ ഇപ്പോള്‍ 95% ത്തിലധികം കേസുകളിലും ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കും. ഡയറക്റ്റ് ആക്റ്റിംഗ് ആന്റിവൈറല്‍സ് (DAAs), രോഗശാന്തി നിരക്ക് 95 ശതമാനത്തില്‍ അധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പാര്‍ശ്വഫലങ്ങളും ചികിത്സാകാലയളവും കുറയ്ക്കുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) യ്ക്ക് പൂര്‍ണ്ണമായ ചികിത്സ ലഭ്യമല്ലെങ്കിലും, എന്‍ട്രി ഇന്‍ഹിബിറ്ററുകള്‍, ആര്‍എന്‍എ ചികിത്സകള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ മരുന്നുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വൈറസിനെ തുടച്ചുനീക്കാനും മികച്ച നിയന്ത്രണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കാനും ഈ മേഖലയില്‍ നടത്തിവരുന്ന പഠനങ്ങള്‍ സഹായിക്കും എന്നാണ് കരുതുന്നത്.

*കരള്‍ കാന്‍സറിനുള്ള ഇമ്മ്യൂണോതെറാപ്പി*

മാരകമായ കരള്‍ കാന്‍സറായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ (HCC) ന് ഒരുകാലത്ത് വളരെ കുറച്ച് ചികിത്സാ സാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍, HCC ചികിത്സിക്കുന്നതില്‍ ഇമ്മ്യൂണോതെറാപ്പികള്‍ക്ക് വലിയ പങ്കുണ്ട്.

ടൈറോസിന്‍ കൈനേസ് ഇന്‍ഹിബിറ്ററുകള്‍ പോലുള്ള മരുന്നുകളുമായി ഇമ്മ്യൂണോതെറാപ്പി സംയോജിപ്പിക്കുന്ന കോമ്പിനേഷന്‍ തെറാപ്പികള്‍ കൂടുതല്‍ ശക്തമാണ്. ഈ കോമ്പിനേഷനുകള്‍ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും കാന്‍സര്‍ ബാധിച്ച രോഗികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു.

ജീവിതശൈലിയും ദഹന വൈകല്യങ്ങളും മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗത്തിനും ചികിത്സ സാധ്യതകള്‍ വേറെ വര്‍ദ്ധിച്ചിട്ടുണ്ട്. വീക്കം, ഫൈബ്രോസിസ്, ദഹന സംബന്ധമായ അപാകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ലിനിക്കില്‍ പരീക്ഷണങ്ങളില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്.

കൂടാതെ, റീജനറേറ്റീവ് മെഡിസിനും സ്റ്റെം സെല്‍ തെറാപ്പികളും കേടായ കരള്‍ ടിഷ്യുകളെ സുഖപ്പെടുത്താനും ട്രാന്‍സ്പ്ലാന്റേഷന്റെ ആവശ്യകത കുറയ്ക്കാനും സഹായിക്കുന്നു. ഈ പുരോഗതികള്‍ക്കൊപ്പം, മെഷീന്‍ പെര്‍ഫ്യൂഷന്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ദാതാവിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു, കൂടാതെ മികച്ച ശസ്ത്രക്രിയാ രീതികള്‍ കരള്‍ മാറ്റിവയ്ക്കല്‍ സുരക്ഷിതവും വിജയകരവുമാക്കുന്നു.

ഹെപ്പറ്റോളജിയില്‍ കൃത്രിമബുദ്ധിയുടെ പങ്ക് ഒരുപക്ഷേ ഭാവിയിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമാണ്. ഫൈബ്രോസിസ് കണ്ടെത്തുന്നതില്‍ റേഡിയോമിക്‌സ് ഫൈബ്രോസിസ് ഇന്‍ഡക്‌സ് (RFI) പോലുള്ള ഉപകരണങ്ങള്‍ പരമ്പരാഗത പരിശോധനകളെ മറികടക്കുന്നു. ട്രാന്‍സ്പ്ലാന്റുകള്‍ ആസൂത്രണം ചെയ്യാനും, ശസ്ത്രക്രിയാനന്തര ഫലങ്ങള്‍ പ്രവചിക്കാനും, കരള്‍ മുഴകളുടെ തരങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനും AI സഹായിക്കുന്നു.

ഉയര്‍ന്ന ഫലം നല്‍കുന്ന മരുന്നുകളും നോണ്‍-ഇന്‍വേസീവ് ടെസ്റ്റുകളും മുതല്‍ AI-അധിഷ്ഠിത രോഗനിര്‍ണയങ്ങളും ജീന്‍ തെറാപ്പിയും വരെ ഉള്‍പ്പെടുന്ന കരള്‍ രോഗ പരിചരണ മേഖല മുമ്പ് ഒരിക്കലും നല്‍കാത്തത്ര പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. രോഗത്തെ ഭയക്കാതിരിക്കാനും കൃത്യമായ രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും ജീവിതത്തിലേക്ക് മടങ്ങി വരാനുമുള്ള അവസരം ഓരോ വ്യക്തിക്കും തുറന്നു നല്‍കുന്നതാണ് ഈ പുതിയ മാറ്റങ്ങള്‍.

തയ്യാറാക്കിയത്: ഡോ. മാത്യു ജേക്കബ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് - ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബിലിയറി & അബ്‌ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി,കൊച്ചി

Read more topics: # കരള്‍
liver disease and treatment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES