ലണ്ടന്‍: അധികം ആയാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നത് പോലെയാണ് ഉറക്കത്തിന്റെ കാര്യവും മനുഷ്യ ശരീരത്തിന് ഉറക്കം അത്യാവശ്യമാണെങ്കിലും അത് അധികമായാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയേറയാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നയാള്‍ക്ക് അസുഖം വരുമെന്ന് ഉറപ്പാണെങ്കില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നയാള്‍ക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. 3.3 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. കൂടുതല്‍ മണിക്കൂറുകള്‍ ഉറങ്ങുന്നയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാഞ്ചസ്റ്റര്‍, കീലി, ലീഡ്സ്, ഈസ്റ്റ് അങ്കില എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടും തോറും ഹൃദയ സംബന്ധമായ അസുഖം കൂടുവാനും സാധ്യതയും ഒപ്പം തന്നെശരീരത്തില്‍ കണ്ടെത്താനാകാത്ത വിധത്തിലുള്ള മറ്റ് പ്രശ്നങ്ങളുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നയാള്‍ക്ക് രോഗ സാധ്യത കുറവാണ്.അങ്ങനെ ഉറങ്ങുന്നവര്‍ക്ക് രോഗ സാധ്യത കുറവായിരിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഒന്‍പത് മണിക്കൂറോ അതിലധികമോ ഉറങ്ങുന്നയാള്‍ക്ക് മരണ സാധ്യത 14 ശതമാനം അധികമാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ പത്തു മണിക്കൂറിലധികം ഉറങ്ങുന്നയാള്‍ക്ക് മരണ സാധ്യത 30 ശതമാനമാണ്. 11 മണിക്കൂറാണെങ്കില്‍ അത് 47 ശതമാനമാകും. ഇവരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 56 ശതമാനം അധികമാണ്. വിദഗ്ദ്ധര്‍ ഇതിന് മുന്‍പ് നടത്തിയ 74 പഠനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ പുതിയ നിഗമനത്തിലെത്തിയത്.