മനുഷ്യകുലത്തിന് തന്നെ ഭീഷണിയായ പല അസുഖങ്ങൾക്കും ദിവ്യൗഷധമാണ് വെളുത്തുള്ളിയെന്ന് പഠനം. അർബുദരോഗത്തെയും ഹൃദ്രോഗത്തെയും ടൈപ്പ് 2 പ്രമേഹത്തെയും ചെറുക്കാൻ വെളുത്തുള്ളിക്കാവുമെന്നാണ് വർഷങ്ങൾ നീണ്ടുനിന്ന പഠനത്തിലൂടെ ഗവേഷകർ തെളിയിച്ചിരിക്കുന്നത്. നോട്ടിങ്ങാം സർവകലാശാലയിലെ ഗവേഷകരുടേതാണ് ഏറെ പ്രയോജനകരമായ ഈ കണ്ടെത്തലുകൾ.
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സൾഫ്യൂരിക് ഘടകങ്ങളാണ് അതിന്റെ രോഗപ്രതിരോധശേഷിക്ക് കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പീറ്റർ റോസ് പറഞ്ഞു. വെളുത്തുള്ളി ഏതുതരത്തിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് വെളുത്തുള്ളി തിന്നുന്നതാണോ ഭക്ഷണ പദാർഥങ്ങൾക്കൊപ്പം കഴിക്കുന്നതാണോ ഗുണകരമെന്ന് പറയാറായിട്ടില്ല. ഏതുതരത്തിലും വെളുത്തുള്ളിയുടെ ഉപയോഗം ഗുണകരമാണെന്നാണ് ഗവേഷകർ പറയുന്നത്.
8000 വർഷമെങ്കിലും മുമ്പുമുതൽക്കെ മനുഷ്യർ വെളുത്തുള്ളി ഉപയോഗിച്ച് തുടങ്ങിയതാണെന്ന് ഗവേഷകർ കണ്ടെത്തി. സുമേറിയൻ സംസ്‌കാരത്തിന്റെ കാലം മുതൽക്കെ മധ്യേഷ്യയിൽ വെളുത്തുള്ളിയുടെ ഉപയോഗമുണ്ടായിരുന്നു. ഈജിപ്തിലും 1500 ബിസി മുതൽക്ക് ഇതിന്റെ ഉപയോഗം കാണുന്നുണ്ട്. അന്നും ഔഷധങ്ങളിലൊന്നായാണ് വെളുത്തുള്ളിയെ പരിഗണിച്ചിരുന്നത്. ഗ്രീക്കുകാരും റോമാക്കാരും മൃഗങ്ങളുടെ ആക്രമണത്തിലേൽക്കുന്ന പരിക്കുകൾക്ക് ഔഷധമായും ഇതുപയോഗിച്ചിരുന്നു.
ആധുനിക വൈദ്യത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസ്, ശ്വാസകോശ സംബന്ധമായ അസുധങ്ങൾക്ക് വെളുത്തുള്ളി ഔഷധമായി നിർദ്ദേശിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. മുറിവുകൾക്കും ഇത് മരുന്നായി ഉപയോഗിച്ചു. ബാക്ടീരിയകളെ നശിപ്പിക്കാൻ വെളുത്തുള്ളി നല്ലതാണെന്ന് ലൂയി പാസ്റ്റർ 1858-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിൽ മിഷണറി ഡോക്ടറായ ആൽബർട്ട് ഷ്വെയ്റ്റ്‌സർ ആഫ്രിക്കയിൽ പിടിപെട്ട അതിസാരത്തിനും വെളുത്തുള്ളി ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
ചരിത്രത്തിലും ആധുനിക ഗവേഷണത്തിലും കണ്ടെത്തിയ ഗുണഗണങ്ങളാണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്. ഇത്രയേറെ രോഗപ്രതിരോധശേഷിയുള്ള മറ്റൊരു ചെടിവർഗം ലോകത്തുണ്ടാകാനിടയില്ലെന്നും പീറ്റർ റോസ് പറയുന്നു. മനുഷ്യരെ ബാധിക്കുന്ന പല ഗുരുതര രോഗങ്ങളും ഒരളവുവരെ തടഞ്ഞുനിർത്താൻ വെളുത്തുള്ളിക്കാവുമെന്നും ട്രെൻഡ്‌സ് ഇൻ ഫാർമകോളജിക്കൽ സയൻസ് എന്ന ജേണലിലെ ലേഖനത്തിൽ അദ്ദേഹം പറയുന്നു.