കാന്‍സറിന്റെ കാര്യത്തില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും ചികിത്സിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്നു തിരുവനന്തപുരം ആര്‍.സി.സി.യില്‍നിന്നുള്ള ഈ കണക്ക്്. ഇവിടെ ചികിത്സക്കെത്തുന്ന സ്തനാര്‍ബുദ രോഗികളില്‍ 73 ശതമാനവും രോഗം ഭേദപ്പെടുത്താനാവാത്ത അവസ്ഥയിലെത്തുന്നവരാണ്. കാരണം ഇവര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിച്ചു, അതേപോലെ തുടക്കത്തിലേ പരിശോധനകള്‍ക്ക് തയ്യാറായതുമില്ല.
സ്്തനത്തില്‍ വരുന്ന മാറ്റങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയുണ്ടെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു. ''മക്കളുടെ കല്യാണം കഴിയട്ടെ, ഭര്‍ത്താവിന്റെ അസുഖം ചികിത്സിച്ചിട്ട് ഡോക്ടറെ കാണാം എന്നൊക്കെ പറഞ്ഞ് സ്ത്രീകള്‍ ചികിത്സ വൈകിക്കുന്നു. കാന്‍സര്‍ വന്നാല്‍ മാറില്ലെന്ന ധാരണയും വിട്ടുപോയിട്ടില്ല.
ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ വന്നിട്ട് എട്ടുവര്‍ഷമൊക്കെ കഴിഞ്ഞേ അതു കാന്‍സറായി മാറുന്നുള്ളു. അതുകൊണ്ടുതന്നെ നേരത്തെ പരിശോധനകള്‍ നടത്തി രോഗസാധ്യത കണ്ടെത്തണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ 95 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാവും. രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സ തേടുകയുമാണ് പ്രധാനം''-ഡോ.പവിത്രന്‍ അഭിപ്രായപ്പെടുന്നു.
മാറിടത്തില്‍ കാന്‍സര്‍ വരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് കണക്കുകള്‍. ''കേരളത്തില്‍ സ്ത്രീകളില്‍ വരുന്ന കാന്‍സറില്‍ 65 ശതമാനവും മാറിടത്തില്‍ വരുന്നവയാണ്. 10 വര്‍ഷത്തിനിടെ ഇതില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന വ്യത്യാസങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍, ആദ്യത്തെ ഗര്‍ഭധാരണം നീട്ടിവെക്കല്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനിടയാക്കുന്നു''.
-കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ഗീത പറയുന്നു. പാരമ്പര്യ സ്വഭാവമുള്ള അസുഖവുമാണിത്. അമ്മയ്ക്ക് മാറിടത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മക്കള്‍ക്ക് വരാന്‍ സാധ്യത കൂടുതലുണ്ട്. ചെറുപ്രായത്തിലേ ആര്‍ത്തവം തുടങ്ങിയവര്‍ക്കും (12 വയസ്സിനുമുമ്പ്), 55 വയസ്സിനുശേഷം ആര്‍ത്തവവിരാമം വന്നവര്‍ക്കും സ്തനാര്‍ബുദസാധ്യത കൂടുതലുണ്ട്
സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാവുന്ന വേദനയില്ലാത്ത തെന്നിമാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. മുലഞെട്ടുകള്‍ അകത്തേക്ക് വലിഞ്ഞിരിക്കുക, സ്തനങ്ങള്‍ തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം, സ്തനചര്‍മത്തിലെ തടിപ്പുകളും പാടുകളും എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം.
സ്തനാര്‍ബുദം വീട്ടില്‍വെച്ചുതന്നെ കണ്ടെത്താം. കുളിക്കുമ്പോള്‍ സ്തനത്തില്‍ തടിപ്പുകളോ മുഴയോ നീരോ ഉണ്ടോയെന്ന് പരിശോധിക്കുക. നനഞ്ഞിരിക്കുമ്പോള്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാം. സ്തനത്തിനുചുറ്റിലും വൃത്താകൃതിയില്‍ വിരലോടിക്കുക. ഇടതുകൈ കൊണ്ട് വലത് സ്തനവും വലംകൈകൊണ്ട് ഇടതു സ്തനവും പരിശോധിക്കണം. ഇത്തരം സ്വയം പരിശോധനകള്‍ക്കുപോലും സ്ത്രീകള്‍ സമയം മാറ്റിവെക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു അര്‍ബുദമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് കാരണം. രോഗം പ്രകടമാവുന്നതിന് 15 വര്‍ഷം മുന്‍പുവരെ ഈ മാറ്റങ്ങള്‍ നടക്കും. അതുകൊണ്ട് കൃത്യമായ പരിശോധനകള്‍ നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനുമാവും. രണ്ട് ആര്‍ത്തവകാലങ്ങള്‍ക്കിടയിലുള്ള സമയത്തെ രക്തംപോക്ക്, ലൈംഗികബന്ധത്തിനുശേഷമുണ്ടാവുന്ന രക്തസ്രാവം എന്നിവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.