നോമ്പെടുക്കാം ആരോഗ്യത്തോടെ; വൃക്ക രോഗികൾ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
 നോമ്പെടുക്കാം ആരോഗ്യത്തോടെ; വൃക്ക രോഗികൾ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നുഷ്യൻ ഉൾപ്പെടെ ജീവജാലങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നതും രക്തസമ്മർദ്ദ നില നിലനിർത്തുന്നതിലുമെല്ലാം വലിയ പങ്കു വഹിക്കുന്ന അവയവമാണ്. ഈ വർഷത്തെ വൃക്ക ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് മുസ്ലീം ജനത  നോമ്പ് നോറ്റു കൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണിത്. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കിയാണ് നോമ്പെടുക്കുന്നത്. നല്ല വശങ്ങൾ ഒരുപാടുണ്ടെങ്കിലും ശ്രദ്ധിച്ച് നോമ്പ് നോറ്റില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും എന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വൃക്ക ദിനത്തിൽ വൃക്ക രോഗങ്ങളും നോമ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

നോമ്പ് ആരോഗ്യത്തിനും ആത്മീയതക്കും!

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക എന്നതിലുപരിയായി സഹനത്തിൻ്റെയും ഒത്തുചേരലിൻ്റെയും ആത്മീയതയുടെയുമെല്ലാം ആഘോഷമാണ് റമദാനിലെ വ്രതാരംഭം.  ഈ വർഷം കേരളത്തിൽ 13 മണിക്കൂറോളമാണ് നോമ്പിൻ്റെ ദൈർഘ്യം. കേവലം പട്ടിണി കിടക്കുന്നതിലുപരിയായി ഏതാനും വൃതാനുഷ്ഠാനത്തിന് ഏതാനും ആരോഗ്യവശങ്ങൾ കൂടി ഉണ്ടെന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ ഇതരമതസ്ഥരും വ്രതാനുഷ്ഠാനത്തിൽ പങ്കെടുക്കാറുണ്ട്.

നോമ്പെടുക്കുന്നതിലൂടെ ദഹന വ്യവസ്ഥയ്ക്ക് ഇടവേള ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും. ഭക്ഷണത്തിന്റെ ഉപയോഗം കുറയുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കത്തി തീരാനും  അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കും. നോമ്പ് നോൽക്കുന്ന പലരിലും മാനസികാരോഗ്യം മെച്ചപ്പെടുന്നതായി കാണാറുണ്ട്. നോമ്പിന്റെ ആത്മീയ വശങ്ങൾ  ഒരു വ്യക്തിയിലും ആത്മനിയന്ത്രണവും അച്ചടക്കവും സഹനശക്തിയും  വർദ്ധിപ്പിക്കുന്നുണ്ട്.

 ആർക്കൊക്കെ നോമ്പെടുക്കാം?

ശാരീരിക ക്ഷമതയുള്ള ആർക്കും നോമ്പ് എടുക്കാവുന്നതാണ്. അതേസമയം വൃക്ക രോഗം ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർമ്പ് ഒഴിവാക്കുന്നതാണ് ഉത്തമം. ദീർഘനേരം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതിന് കാരണം. അതേസമയം  ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ഭക്ഷണവും വെള്ളവും മരുന്നും ക്രമീകരിച്ച് നോമ്പ് എടുക്കാവുന്നതുമാണ്. എന്തായാലും വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ  നോമ്പെടുക്കുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് ഏറ്റവും അഭികാമ്യമാണ്.

 വൃക്ക രോഗികൾ നോമ്പെടുക്കണോ?

വൃക്കയുടെ പ്രവർത്തനക്ഷമത അടിസ്ഥാനപ്പെടുത്തിയാണ് നോമ്പ് എടുക്കണോ എന്ന് തീരുമാനിക്കേണ്ടത്.  നിർജലീകരണവും മറ്റും മൂലം വൃക്കരോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. രക്തത്തിൽ ക്രിയാറ്റിന്റെ അളവ് പരിശോധിച്ചാണ് വൃക്കയുടെ പ്രവർത്തനം വിലയിരിക്കുന്നത്.

സാരമായ വൃക്ക രോഗം ഉള്ളവരും ട്രാൻസ്‌പ്ലാന്റേഷൻ കഴിഞ്ഞവരും നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ നോമ്പ് എടുക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ നിർദ്ദേശ പ്രകാരം മാത്രം വ്രതം അനുഷ്ഠിക്കുക. മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ കല്ല് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നോമ്പ് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

 ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

വൃക്കരോഗം ഉള്ളവർ വ്രതാനുഷ്ഠാനത്തിനു മുമ്പ് തന്നെ ഡോക്ടറുമായി സംസാരിച്ച് നോമ്പിന് അനുസരിച്ച് മരുന്നുകളുടെ സമയം പുനക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതും നിർബന്ധമാണ്. നോമ്പ് സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുമെങ്കിലും നോമ്പ് മുറിച്ച ശേഷം  മതിയായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒരുമിച്ച് കുറെയധികം വെള്ളം ഒരുമിച്ച് കുടിക്കുന്നതിലും നല്ലത്, ഇടവേളകളിൽ ചെറിയ അളവിൽ, കൂടുതൽ വെള്ളം കുടിക്കുന്നതാണ്. നോമ്പ് തുറക്കുമ്പോൾ ധാരാളമായി പഴവർഗ്ഗങ്ങൾ കഴിക്കുന്നവരാണെങ്കിൽ പൊട്ടാസ്യത്തിന്റെ അളവ് കുറവുള്ള പഴങ്ങൾ ഉപയോഗിക്കാൻ   ശ്രദ്ധിക്കുക.

നോമ്പ് എടുക്കുന്നത് മൂലം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട്  അനുഭവപ്പെട്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷം മാത്രം നോമ്പ് തുടരാൻ ശ്രദ്ധിക്കുക. നോമ്പ് തുറന്നശേഷം ഉടൻ തന്നെ  കൂടിയ അളവിൽ   വെള്ളം കുടിക്കുന്നത് ശ്വാസംമുട്ടലിനും നീർ വീക്കത്തിനുമെല്ലാം കാരണമായേക്കാം. ഇത് ഒഴിവാക്കാൻ സാധാരണ കുടിക്കുന്നതുപോലെ തന്നെ വെള്ളം  കുടിക്കാൻ ശ്രമിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നതും  എണ്ണ പലഹാരങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് വിവിധതരം ആരോഗ്യപ്രശ്നങ്ങൾക്കും അമിതവണ്ണത്തിനും കാരണമായേക്കാം.

ഈ റമദാനിൽ നോമ്പ് നോൽക്കാം.. ആരോഗ്യത്തിന് കൂടി പരിഗണന നൽകിക്കൊണ്ട്. എല്ലാവർക്കും വിശുദ്ധ റമദാൻ ആശംസകൾ നേരുന്നു.

 

Special Article kidny day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES