അമിതവണ്ണവും കുടവയറും ഒഴിവാക്കാന്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.അമിതവണ്ണവും കുടവയറുമൊക്കെ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ആരോഗ്യത്തോടെ ഇരിക്കാന്‍ ദൈനംദിന ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായ വ്യായാമം ശരിയായ ഭക്ഷണം തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ശരിരയായ രീതിയില്‍ ശരീരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. കൊഴുപ്പ് കുറഞ്ഞ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ കാരണമാകും. ശരീരഭാരം കുറയ്ക്കാനും അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കാനും ദൈനംദിന ഭക്ഷണത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
കടുക് എണ്ണ
മലയാളികള്‍ക്ക് അധികം താത്പര്യമില്ലാത്തതാണ് കടുക് എണ്ണ. പൊതുവെ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് കടുക് എണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നത്. വെളിച്ചെണ്ണ, പാമോയില്‍, നല്ലെണ്ണ എന്നിവയാണ് കേരളീയര്‍ കൂടുതലായി ഉപയോഗിച്ച് വരുന്നത്.
മറ്റ് പാചക എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതില്‍ പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ്. അത്താഴം തയ്യാറാക്കാന്‍ കടുകെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഫാറ്റി ആസിഡുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തേന്‍
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും ആദ്യം തിരഞ്ഞെടുക്കേണ്ടതാണ് തേന്‍. മധുരത്തിന് പകരം തേന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തേന്‍ കൊഴുപ്പിന്റെ എല്ലാ ഉറവിടങ്ങളില്‍ നിന്നും മുക്തമാണ് കൂടാതെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നു. ലിപിഡുകളും കൊളസ്‌ട്രോളും തകര്‍ക്കാന്‍, ഈ പോഷകങ്ങള്‍ ആവശ്യമാണ്. പോഷകങ്ങളുടെ നല്ലൊരു ഉറവിടമായതിനാല്‍, തേന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണക്രമത്തില്‍ ശുദ്ധമായ തേന്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.
വെളുത്തുള്ളി
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് വെളുത്തുള്ളി. കറികളില്‍ ചേര്‍ക്കാന്‍ മാത്രമല്ല നല്ല ആരോഗ്യത്തിനും വെളുത്തുള്ളി വളരെ മികച്ച ഒരു ഓപ്ഷനാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന പദാര്‍ത്ഥത്തിന് ആന്റി ബാക്ടീരിയല്‍ സ്വഭാവസവിശേഷതകള്‍ ഉണ്ട്, അത് കൊളസ്‌ട്രോളും ചീത്ത കൊഴുപ്പും കുറയ്ക്കുന്നു. വെളുത്തുള്ളി ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് പോലും നിയന്ത്രിക്കാനാകുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബട്ടര്‍ മില്‍ക്ക്
ബട്ടര്‍ മില്‍ക്ക് അഥവ മോര് മലയാളിയുടെ പ്രിയപ്പെട്ട പാനീയമാണ്. ചൂട് സമയങ്ങളില്‍ മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയം കൂടിയാണ് മോര്. 2.2 ഗ്രാം കൊഴുപ്പും ഏകദേശം 99 കലോറിയും മാത്രമാണ് പാനീയത്തില്‍ ഉള്ളത്. കൊഴുപ്പും കലോറിയും പാക്ക് ചെയ്യാതെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കി ശരീരഭാരം കുറയ്ക്കാന്‍ മോരിന്റെ പതിവ് ഉപഭോഗം സഹായിക്കുന്നു.
മഞ്ഞള്‍
കൊഴുപ്പ് ഇല്ലാതാക്കുന്ന ഗുണങ്ങള്‍ ഉള്ളതിനാല്‍ മഞ്ഞള്‍ ഏതൊരു ഭക്ഷണത്തിനും മികച്ച സപ്ലിമെന്റാണ്. പിത്തരസത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഭക്ഷണത്തിലെ കൊഴുപ്പ് വിഘടിപ്പിക്കാന്‍ മഞ്ഞള്‍ ശരീരത്തെ സഹായിക്കുന്നു. സ്ഥിരമായ ഉപയോഗം കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍), അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. അതുകൊണ്ട് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഇത് ഒരു ശക്തമായ ക്യാന്‍സര്‍ പോരാളിയാണെന്ന് കരുതപ്പെടുന്നു, കൂടാതെ ആന്റിഓക്സിഡന്റുകളും മഞ്ഞളില്‍ വളരെ കൂടുതലാണ്.