മലയാളികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകണമെന്നത്. എന്നാല്‍ ഇത് മെഡിക്കല്‍ ഷോപ്പുകളിലൊന്നും കിട്ടാനുമില്ല. രാവന്തിയോളം ഇതും തേടി കടകള്‍ കയറിയിറങ്ങി കൊറോണ വിളിച്ചു വരുത്തുന്നതു മാത്രം മിച്ചം. എന്നാല്‍ ഈ ഹാന്‍ഡ് സാനിറ്റൈസര്‍ അല്‍പം സമയം ചെലവിട്ടാല്‍ എളുപ്പത്തില്‍ നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ. അതെങ്ങനെ എന്ന് അറിയുവാന്‍ താഴേക്കു വായിക്കൂ...
ഒരു ലിറ്റര്‍ സാനിറ്റൈസര്‍ ഉണ്ടാക്കുന്ന വിധം
വേണ്ട വസ്തുക്കള്‍: ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ (ഐസോപ്രൊപ്പനോള്‍), ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറോള്‍, തിളപ്പിച്ചാറിയ ശുദ്ധജലം അല്ലെങ്കില്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍.
തയ്യാറാക്കുന്ന വിധം: 99.8 ശതമാനം ശുദ്ധതയുള്ള ഐസോപ്രൊപ്പനോള്‍ 751.5 മില്ലിലിറ്റര്‍, മൂന്നുശതമാനം ഗാഢതയുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡ് 41.7 മില്ലിലിറ്റര്‍, 98 ശതമാനം ശുദ്ധതയുള്ള ഗ്ലിസറോള്‍ 14.5 മില്ലിലിറ്റര്‍ എന്നിവ ഒരു ലിറ്റര്‍ കൊള്ളുന്ന കുപ്പിയിലോ ജാറിലോ നന്നായി ഇളക്കി യോജിപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളമോ ഡിസ്റ്റില്‍ഡ് വാട്ടറോ ചേര്‍ത്ത് ഒരു ലിറ്റര്‍ അളവു തികയ്ക്കാം. ഇങ്ങനെ കിട്ടുന്ന ഹാന്‍ഡ് സാനിറ്റൈസറില്‍ 75 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കും. ഇത് ചെറിയ കുപ്പികളിലേക്ക് മാറ്റി ഉപയോഗിക്കാം.
ആല്‍ക്കഹോളിന് നശിപ്പിക്കാനാവാത്ത ബാക്റ്റീരിയ ബീജ ബിന്ദുക്കളെ നശിപ്പിക്കാനാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്. ഗ്ലിസറോള്‍ കൈകളിലെ ഈര്‍പ്പം സംരക്ഷിക്കാനും സാനിറ്റൈസറിന് കട്ടിനല്‍കാനും സഹായിക്കും.
മണത്തിനായി ഗ്രാമ്പൂ എണ്ണ, ലാവന്‍ഡര്‍ എണ്ണ, പെപ്പര്‍മിന്റ് തുടങ്ങിയവ ഒന്നോ രണ്ടോ തുള്ളി ഉപയോഗിക്കാമെങ്കിലും അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
നിറം ഉപയോഗിക്കുമ്പോഴും അവ മറ്റുഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയോ അലര്‍ജി ഉണ്ടാക്കുകയോ ഇല്ലെന്ന് ഉറപ്പാക്കണം. നിറമോ മണമോ ചേര്‍ക്കാത്തതാണ് നല്ലത്. ഐസോപ്രൊപ്പനോള്‍, ഗ്ലിസറോള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ കെമിക്കല്‍ സപ്ലയര്‍മാരില്‍നിന്ന് ലഭിക്കും (മെഡിക്കല്‍ സ്റ്റോറില്‍ ഗ്ലിസറിനും ഹൈഡ്രജന്‍ പെറോക്‌സൈഡും കിട്ടുമെങ്കിലും മേല്‍പ്പറഞ്ഞ അളവില്‍ ശുദ്ധതയും ഗാഢതയുമുണ്ടാവാന്‍ സാധ്യതയില്ല.)
ഐസോപ്രൊപ്പനോള്‍ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുവാണ്. സുരക്ഷിതമായി സൂക്ഷിച്ചാല്‍ അപകടമില്ല. ഗ്ലിസറോളും ഹൈഡ്രജന്‍ പെറോക്‌സൈഡും തീപിടിക്കുന്ന വസ്തുക്കളല്ല. നിര്‍മ്മിക്കാനും സൂക്ഷിക്കാനും ചില്ലുപാത്രമോ പ്ലാസ്റ്റിക്, ലോഹപ്പാത്രങ്ങളോ ഉപയോഗിക്കാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.