നമ്മുക്ക് ചുറ്റിലും ധാരാളം പോഷക സമൃതമായ ഇല വിഭവങ്ങള്‍ ഉണ്ട്. നമ്മള്‍ അറിയാതെ പോകുന്ന ഒരു പാട് ഗുണങ്ങളുള്ള ഇല വിഭവങ്ങള്‍.
ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണ ഘടകമാണ്. കണ്ണിനു കാഴ്ച നല്‍കുന്നത് ആണ് ഇല കറികള്‍ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍. പലപ്പോഴും പല അസുഖങ്ങളുടെയും മരുന്നായി ഇല കറികള്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്.
ബുദ്ധിചീര എന്നും കുടകന്‍ എന്നും പേരുള്ള കുടങ്ങല്‍ കാരറ്റിന്റെ കുടുംബാംഗമാണ്. നിലത്ത് പടര്‍ന്നുവളരുന്ന ബഹുവര്‍ഷിയായ ഒരു ഔഷധിയാണിത്. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട് ഈ ചെടിക്ക്. ചെടിയില്‍ നിന്നും പൊട്ടിമുളച്ചുണ്ടാകുന്ന കാണ്ഡങ്ങള്‍ മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. വെള്ളം കൂടുതലുള്ള പ്രദേശങ്ങളില്‍ ഈ ചെടി നന്നായി വളരും. വരള്‍ച്ചയില്‍ നശിച്ചുപോകും. ഇളം തണ്ടും ഇലകളും ഇലക്കറിയായും, ദോശയുടേയും ചപ്പാത്തിയുടേയും മാവില്‍ അരിഞ്ഞിട്ടും, ചമ്മന്തിയില്‍ ചേര്‍ത്തും ഉപയോഗിക്കാം. ശരീരത്തിനു ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ആ ചീര.
സൗഹൃദച്ചീര പ്രഷര്‍, ഷുഗര്‍ ചീരയെന്നും ലെറ്റൂസ് ട്രീ എന്നും അറിയപ്പെടുന്നു. നിത്യഹരിത വൃക്ഷമായ സൗഹൃദച്ചീരയുടെ ശാസ്ത്രനാമം പിസോണിയ ആല്‍ബ എന്നാണ്. പച്ചക്കറിയായും, ഇറച്ചിയുടെ കൂടെ ചേര്‍ത്തും, മീന്‍ പൊള്ളിക്കുന്നതിനും, സാലഡ് ആയും ഉപയോഗിക്കാം.
ആണ്‍ചെടിയുടെ ഇലകള്‍ ഇരുണ്ട പച്ചനിറമായിരിക്കും. ഇളംപച്ച കലര്‍ന്ന മഞ്ഞനിറമാണ് പെണ്‍ചെടികള്‍ക്ക്. മൂന്നു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. പൂന്തോട്ടങ്ങള്‍ക്ക് അതിരായി വളര്‍ത്താവുന്നതാണ്. ഇലകള്‍ക്കും വേരുകള്‍ക്കും ഔഷധഗുണമുണ്ട്. ഇലകള്‍ മന്തിനെതിരേയും പ്രമേഹത്തിനും ഉപയോഗിക്കാം.
വള്ളിച്ചീര,ബസെല്ല ചീരയെന്നും വഷളചീരയെന്നും മലബാര്‍ സ്പിനാഷ് എന്ന പേരിലും അറിയപ്പെടുന്നു. ചുവന്ന തണ്ടുള്ളവ ബസെല്ല റൂബറ എന്നും വെള്ളതണ്ടുള്ളവ ബസെല്ല ആല്ബ എന്നും അറിയപ്പെടുന്നു. ഈ ചീരയില്‍ ബീറ്റാ കരോട്ടിന്‍, കാല്‍സ്യം, ഇരുമ്പ്, ജീവകം സി എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.വിത്തുകള്‍ വഴിയും തണ്ട് മുറിച്ചുനട്ടുമാണ് പിടിപ്പിക്കുന്നത്. മഴക്കാലത്ത് 30 സെ. മീ. നീളമുള്ള തണ്ടുകള്‍ 45 സെ.മീ അകലത്തില്‍നട്ടു പിടിപ്പിക്കാവുന്നതാണ്. ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകം ഇട്ടുകൊടുത്താല്‍ സമൃദ്ധമായി വളരും. ഇളം ഇലകളും തണ്ടും തോരനും മറ്റു കറികളും ഉണ്ടാക്കാം. ഇലകള്‍ ബജി ഉണ്ടാക്കാന്‍ നല്ലതാണ്. വള്ളിച്ചീരയുടെ കായ്കളില്‍ നിന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിറം നല്കുന്ന ഒരിനം ചായം ഉണ്ടാക്കാം. അലങ്കാരച്ചെടിയായും ഇത് വളര്‍ത്താവുന്നതാണ്.
മധുരച്ചീര വേലിച്ചീരയെന്നും ചെക്കുര്‍മാനിസ് എന്നും അറിയപ്പെടുന്ന ചീരയുടെ ശാസ്ത്രനാമം സൗറോപ്പസ് ആന്‍ഡ്രോഗയ്നസ് എന്നാണ്. അടുക്കളത്തോട്ടത്തില്‍ വേലിയായോ നടപ്പാതയുടെ ഇരുവശമായോ നടാവുന്നതാണ്. പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉള്ളതിനാല്‍ ഇതിനെ വൈറ്റമിന്‍ ആന്റ് മള്‍ട്ടിമിനറല്‍ പാക്ക്ഡ് ഇലയെന്നും വിളിക്കാറുണ്ട്. മധുരച്ചീര ധാരാളം കഴിച്ചാല്‍ ശ്വാസകോശത്തിന് ഗുരുതര അസുഖമുണ്ടാകുമെന്ന് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് ഇത് അമിതമായി ഉപയോഗിക്കരുത്.
പാലക് ചീര ഇന്ത്യന്‍ സ്പിനാഷ് എന്നും ഈ ചീരയ്ക്കു പേരുണ്ട്. ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ബീറ്റാ ബംഗാളന്‍സിസ് എന്നാണ്ണുശാസ്ത്രീയനാമം. തണുത്ത കാലാവസ്ഥയാണ് അനുയോജ്യം. ശീതകാലങ്ങളില്‍ പാലക്കില്‍ നിന്നും നീണ്ടകാലം വിളവെടുക്കാന്‍ സാധിക്കും. വേനലില്‍ പെട്ടെന്ന് പൂവിടും. ഒരു ഹെക്ടര്‍ കൃഷി ചെയ്യുന്നതിന് 30 കിലോ. വിത്ത് വേണ്ടിവരും. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും നൈട്രജന്‍ അടങ്ങിയ ജൈവവളം നല്കിയാല്‍ പലതവണ വിളവെടുക്കാം. ഇലകള്‍ വാട്ടി അരച്ചാണ് സാധാരണ വിഭവങ്ങളില്‍ ചേര്‍ക്കുന്നത്. പാലക് പനീര്‍, ദാല്‍ പാലക്, പാലക് കട്ലറ്റ് അങ്ങനെ പലതും ഉണ്ടാക്കാം.