ചിക്കൻ, പച്ചമുളക്, വെളുത്തുള്ളി, സവാള, ഇഞ്ചി, ചെറിയ ഉള്ളി, ബിരിയാണി അരി, ബിരിയാണി മസാല നന്നായി പൊടിച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി തുടങ്ങിയവയാണ് തലപ്പാക്കട്ടി ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
ആദ്യ എട്ടോ പത്തോ പച്ചമുളക് നന്നായി ചതച്ചെടുക്കണം. ശേഷം നാലോ അഞ്ചോ ചെറിയ ഉള്ളി നന്നായി ചതച്ചെടുക്കണം. ബിരിയാണി അരി നന്നായി കഴുകി ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വേവിക്കണം. അടുത്തതായി പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, ഉള്ളി ചതച്ചത് എന്നിവ വഴറ്റിയെടുക്കണം.
വഴണ്ട് വരുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് ചതച്ചത് കൂടി ചേർത്തുവഴറ്റണം. ഇതിലേയ്ക്ക് ഒന്നര സ്‌പൂൺ മുളകുപൊടി, ഒന്നര സ്‌പൂൺ മല്ലിപ്പൊടി, ഒരു സ്‌പൂൺ ഗരംമസാല, ഒരു സ്‌പൂൺ കുരുമുളക് പൊടി, ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു സ്‌പൂൺ ബിരിയാണി മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ചിക്കൻ ചേർത്ത് കൂട്ടുമായി നന്നായി യോജിപ്പിക്കണം. ചിക്കൻ വേവാൻ ആവശ്യമായ വെള്ളം ചേർത്ത് കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് കുറച്ച് നേരം അടച്ചുവയ്ച്ച് വേവിക്കണം. ചിക്കനും അരിയും പകുതിവേവ് വെന്തുകഴിയുമ്പോൾ ഒരുമിച്ച് യോജിപ്പിച്ച് ബാക്കി വേവിക്കുകയാണ് ചെയ്യേണ്ടത്. പത്ത് മിനിട്ട് വേവിച്ചുകഴിഞ്ഞാൽ തലപ്പാക്കട്ടി ബിരിയാണി തയ്യാർ.