ബോളി തമിഴ്നാട്ടിലെ (പ്രത്യേകിച്ചും നാഗർകോവിൽ ഭാഗങ്ങളിൽ) ബ്രാഹ്മണരുടെ ഒരു മധുരപലഹാരമാണ്. നാഗർകോവിലിനോടുള്ള അടുപ്പംകൊണ്ടായിരിക്കണം, കേരളത്തിൽ തിരുവനന്തപുരത്തുകാർക്കാണ് ബോളി ഏറെയും പ്രിയകരം. അവിടങ്ങളിൽ കല്യാണസദ്യകൾക്കൊക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ബോളി. വളരെ സ്വദിഷ്ടമായ വിഭവമാണിത്. പ്രത്യേകിച്ചും കുട്ടികൾക്കൊക്കെ നന്നായി ഇഷ്ടപ്പെടും. ചില ബേക്കറികളിലൊക്കെ മധുരപലഹാരങ്ങളുടെ കൂട്ടത്തിൽ ബോളിയും വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ശ്രമിച്ചാൽ നമുക്കും വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളു ബോളി. എങ്ങിനെയെന്ന് പറയാം:
ആവശ്യമുള്ള സാധനങ്ങൾ:
മൈദ - ഏകദേശം രണ്ടു കപ്പ് (മൈദയുടെ അളവ് കൃത്യമായിക്കൊള്ളണമെന്നില്ല. കൂടുതലോ കുറവോ ആവാം. കുഴച്ചുവരുമ്പോഴേ അറിയാൻ പറ്റൂ)
കടലപ്പരിപ്പ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു സ്പൂൺ
ജാതിക്കാപ്പൊടി - കാൽ സ്പൂൺ
നെയ്യ് - രണ്ടു സ്പൂൺ
പാചകയെണ്ണ - ആവശ്യത്തിന് (വെളിച്ചെണ്ണ ഇതിന് നല്ലതല്ലാട്ടോ)
ഫുഡ് കളർ(മഞ്ഞ) - രണ്ടു നുള്ള്
ഉണ്ടാക്കുന്ന വിധം :
മൈദ പാകത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴയ്ക്കുക. (കുഴയ്ക്കാനുള്ള വെള്ളത്തിൽ കുറച്ചെടുത്ത് ഫുഡ് കളർ ഒരു നുള്ളു ചേർത്ത് അലിയിക്കുക. ഈ വെള്ളവും ചേർത്ത് കുഴയ്ക്കുമ്പോൾ മാവിന് നല്ല മഞ്ഞനിറം കിട്ടും). കുഴഞ്ഞുവരുമ്പോൾ കുറച്ച് എണ്ണയും ചേർത്ത് വീണ്ടും കുഴയ്ക്കുക. ശക്തിയായി കുഴച്ച് നല്ല മയത്തിലാക്കിയെടുക്കണം. എത്ര നന്നായി കുഴയ്ക്കുന്നുവോ, ബോളി അത്രയും സോഫ്റ്റാവും. (ഒട്ടിപ്പിടിക്കാതിരിക്കാൻ കയ്യിൽ എണ്ണ പുരട്ടണം). കുഴച്ച മാവ് 2-3 മണിക്കൂർ നേരം അടച്ചുവയ്ക്കുക.
കടലപ്പരിപ്പ് വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. ഇതിൽ പഞ്ചസാരയും ചേർത്ത് ഒരു ചീനച്ചട്ടിയിലിട്ട് അടുപ്പത്തുവയ്ക്കുക. വേണമെങ്കിൽ ഒരുനുള്ള് ഫുഡ് കളർ ഇതിലും ചേർക്കാം. തുടർച്ചയായി ഇളക്കണം. കുറുകാൻ തുടങ്ങുമ്പോൾ നെയ്യും ഏലയ്ക്കാപ്പൊടിയും ജാതിക്കാപ്പൊടിയും ചേർക്കുക.
വെള്ളമയം നിശേഷം വറ്റിയാൽ വാങ്ങാം.
വാങ്ങിവച്ച കടലപ്പരിപ്പ് കൂട്ട് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. (ചൂടോടെ തന്നെ അരയ്ക്കണം. അല്ലെങ്കിൽ മിശ്രിതം വല്ലാതെ കട്ടിയായി അരയ്ക്കാൻ പറ്റാതാവും). തണുത്തുകഴിഞ്ഞാലിത് ഉരുട്ടിയെടുത്താൽ ഏതാണ്ട് ചപ്പാത്തിമാവിന്റെ പരുവത്തിലാവും. ദാ, നോക്കൂ:
ഇനി, കുഴച്ചുവച്ചിരിക്കുന്ന മൈദമാവിൽ നിന്ന് ഒരു ഉരുള എടുത്ത് പകുതിയോളം പരത്തുക. കടലപ്പരിപ്പ് മിശ്രിതത്തിൽ നിന്ന് ഇതേ വലുപ്പത്തിലുള്ള ഒരു ഉരുള എടുത്ത് മാവ് പരത്തിയതിന്റെ നടുക്ക് വയ്ക്കുക.
മാവ് കൊണ്ട് ഈ ഉരുളയെ പൊതിയുക.
എന്നിട്ട് കുറേശ്ശെ മൈദ തൂവി നന്നായി പരത്തുക. എത്രത്തോളം കനം കുറച്ച് പരത്താൻ പറ്റുമോ, അത്രയും നന്ന്.
ചൂടായ ദോശക്കല്ലിലിട്ട്, ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഇരുവശവും എണ്ണ പുരട്ടി വേവിച്ചെടുക്കുക. മാവ് കുഴച്ചതിന്റേയും പരത്തിയതിന്റേയുമൊക്കെ പാകം ശരിയാണെങ്കിൽ, ചൂടായി വരുമ്പോൾത്തന്നെ ബോളി നന്നായി പൊങ്ങിവരും.
സ്വാദിഷ്ടമായ ബോളി റെഡി! ഒന്നു പരീക്ഷിച്ചുനോക്കൂ....