വീട്ടില്‍ ഏത് ആഘോഷത്തിനും അനായാസ തയ്യാറാക്കാവുന്ന വിഭവമാണ് പായ പ്രഥമന്‍. ഇപ്പോള്‍ ചക്ക സീസണ്‍ ആയതിനാല് തന്നെ
ആവശ്യമുള്ള സാധനങ്ങള്‍:
ചക്കവരട്ടിയത് - അര കിലോ
ശര്‍ക്കര - ശര്‍ക്കരയുടെ അളവ് കൃത്യമായി പറയാന്‍ കഴിയില്ല. ഒരു മുക്കാല്‍ കിലോയോളം കരുതിവയ്ക്കുക.
തേങ്ങ - മൂന്ന്
തേങ്ങാക്കൊത്ത് - അര മുറിയുടേത് (കൂടുതല്‍ വേണമെങ്കില്‍ ആവാം)
ചുക്ക് പൊടിച്ചത് - 3 ടീ സ്പൂണ്‍
ജീരകം പൊടിച്ചത് - ഒന്നര ടീ സ്പൂണ്‍
നെയ്യ് - കുറച്ച്
ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ തേങ്ങ ചിരകി, ഒന്നാം പാലും രണ്ടാം പാലും, മൂന്നാം പാലും വെവ്വേറെ എടുത്തുവയ്ക്കുക. തേങ്ങയില്‍ ലേശം വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാല്‍. നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാല്‍ എടുത്ത ശേഷമുള്ള തേങ്ങയില്‍ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാല്‍. ഇതിന് അദ്യത്തേതിനേക്കാള്‍ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേര്‍ത്ത് ഞെരടി പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാല്‍. ഇത് വളരെ നേര്‍ത്തതായിരിക്കും. ( തേങ്ങാപ്പാല്‍ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, നല്ല കട്ടിയില്‍ കലക്കിയത്, കുറച്ചുകൂടി നേര്‍പ്പിച്ചത്, വളരെ നേര്‍പ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തില്‍ പാല്‍ തയ്യാറാക്കി വയ്ക്കുക).
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.
ഉരുളിയിലോ അല്ലെങ്കില്‍ നല്ല കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിലോ വേണം പായസമുണ്ടാക്കാന്‍. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ കരിഞ്ഞുപിടിക്കാന്‍ തുടങ്ങും. ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, ശര്‍ക്കരപ്പാനിയും ഒഴിച്ച് അടുപ്പത്തു വയ്ക്കുക. (ശര്‍ക്കരപ്പാനി അദ്യം തന്നെ മുഴുവനും ഒഴിക്കേണ്ട. ചക്കവരട്ടി മധുരമുള്ളതാണല്ലോ. അതുകൊണ്ട് ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച് മധുരം നോക്കിയശേഷം പിന്നീട് ആവശ്യത്തിന് ചേര്‍ത്താല്‍ മതി).
മെല്ലെ ഇളക്കിയിളക്കി, ചക്കവരട്ടിയെ ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം. കട്ടി കൂടുതലുണ്ടെങ്കില്‍ കുറച്ചു വെള്ളമൊഴിക്കാം. ലേശം നെയ്യ് ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.