പ്രഭാത ഭക്ഷണമായി നമ്മുടെയൊക്കെ മുന്‍പിലെത്തുന്ന ഇഡ്ഡലിയ്ക്ക് പുതിയ റെക്കോര്‍ഡ്. മാര്‍ച്ച് 30-ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഊബര്‍ ഈറ്റ്‌സ് പുറത്തു വിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലിയാണെന്നതാണ്.
രാവിലെ ഏഴിനും 11.30-നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്നത്. 2019 മാര്‍ച്ച് 10-നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ലഭിച്ചത്. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്യപ്പെടുന്നതെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. മുന്‍പ് ഗാര്‍ഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡ്ഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിര്‍മ്മിക്കുന്നു. ഇഡ്ഡലി മാവും വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡ്ഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ് ഇഡലിയോടൊപ്പം കഴിക്കുന്ന കറികള്‍. ചെറുതായി ഉതിര്‍ത്ത ഇഡലിയില്‍ മുളകുപൊടി വിതറി കറിവേപ്പിലയും ചേര്‍ത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.
കേരളത്തില്‍ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തില്‍ രുചിയില്‍ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലി ലഭിക്കും. പാലക്കാടു നിന്നും വാളയാറിലേയ്ക്കുള്ള വഴിയില്‍ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. മുതലിയാര്‍ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്.