കപ്പ കൊണ്ടുള്ള പുഴുക്ക് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. മഴക്കാല സന്ധ്യകളെ മനോഹരമാക്കുന്നതില്‍ മികച്ച കപ്പ പുഴുക്കില്‍ ഇത്തിരി മത്തി കൂടിയായലോ. കപ്പയും മത്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്.
ആവശ്യമായ സാധനങ്ങള്‍
കപ്പ 500 ഗ്രാം
മത്തി 250 ഗ്രാം
മുളക് പൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
തക്കാളി 1
പച്ചമുളക് 3 എണ്ണം
ചെറിയ ഉള്ളി 4 എണ്ണം
വെളുത്തുള്ളി 2 അല്ലി
കറിവേപ്പില 3 തണ്ട്
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
തേങ്ങ ചിരകിയത് അര മുറി
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചു മാറ്റിവെക്കണം. തുടര്‍ന്ന് മത്തിയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോള്‍ മത്തിയുടെ മുള്ള് പതിയെ കുടഞ്ഞ് മാറ്റണം.
തേങ്ങയില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി ഇവ ചേര്‍ത്ത് അരച്ചുവെക്കുക (അധികം അരയരുത്)
വേവിച്ചു വെച്ച കപ്പയില്‍ മത്തിയുടെ കൂട്ട്, തേങ്ങ അരച്ചത് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് ചെറുതീയില്‍ വെക്കുക. ഇത് വെന്തിറങ്ങുമ്പോള്‍ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് അടച്ചു വെക്കണം. രുചിയേറിയ നാടന്‍ കപ്പ മത്തി പുഴുക്ക് തയ്യാര്‍.