പച്ചമാങ്ങ കുരുകുരാന്ന് നുറുക്കി ഉണ്ടാക്കുന്ന അച്ചാറാണ് ഇത്. സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവം.... മാങ്ങാക്കറി എന്നാണ് ഞങ്ങൾ പറയുന്നത്. മാങ്ങാഅച്ചാറുകളിൽ വച്ച് ഏറ്റവും ലളിതം;ഉണ്ടാക്കാൻ വളരെ എളുപ്പം. മാങ്ങ നുറുക്കിയെടുക്കേണ്ട താമസമേയുള്ളൂ.
ആവശ്യമുള്ള സാധനങ്ങൾ:
പച്ചമാങ്ങ - രണ്ടെണ്ണം (മൂവാണ്ടൻ മാങ്ങയാണ് ഏറ്റവും യോജിച്ചത്)
മുളകുപൊടി - പാകത്തിന് (ഞാൻ ഏകദേശം 4 റ്റീ സ്പൂൺ എടുത്തു). കാശ്മീരി മുളകുപൊടിയാണെങ്കിൽ നല്ല ചുവപ്പുനിറം കിട്ടും.
കായം പൊടി - 3/4 - 1 ടീ സ്പൂൺ
ഉലുവാപ്പൊടി - 3/4 - 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
വറുത്തിടാനാവശ്യമായ നല്ലെണ്ണ, കടുക്, മുളക്, കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക.
മാങ്ങാക്കഷ്ണങ്ങളിൽ പാകത്തിന് ഉപ്പ് ചേർത്തിളക്കി 2-3 മണിക്കൂർ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ഉലുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനിൽക്കണം. അതാണ് അതിന്റെയൊരു ഇത്.
സാധാരണയായി മാങ്ങാക്കറിയുണ്ടാക്കുമ്പോൾ ഇത്രയുമേ പതിവുള്ളു. സ്വല്പം ആർഭാടം വേണമെങ്കിൽ നല്ലെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർത്തിളക്കുക. സ്വാദും കൂടും. ഞാൻ ചെയ്യാറുണ്ട്.
പെട്ടെന്നു കേടായിപ്പോകുമെന്നൊരു ദോഷം മാങ്ങാക്കറിക്കുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം(ഒന്നോ രണ്ടോ മാങ്ങകൊണ്ട്)ഉണ്ടാക്കുന്നതാണു നല്ലത്. കൂടുതലുണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.