അച്ചറുണ്ടാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളില്‍ നിന്നും വിത്യസ്ഥമാണ് ഇന്ന് ഉപയോഗിക്കുന്നത്.മലയാളികള്‍ കൂടുതല്‍ വിഭവങ്ങള്‍ ഒന്നും ഇല്ലെങ്കിലും നല്ലൊരു അച്ചാറുണ്ടെങ്കില്‍ സമൃതിയായി ചോറ് കഴിക്കാം. എരുവും പുളിയും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അച്ചാറുകളില്‍ വ്യത്യസ്തത കണ്ടെത്തുന്നവര്‍ക്ക് ഇതാ ഈ ചിക്കന്‍ അച്ചാറുകൂടി പരീക്ഷിച്ചുകൂടെ… ചിക്കന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ചിക്കന്‍ എല്ലില്ലാതെ ചെറിയ കഷണങ്ങള്‍ – അരക്കിലോ
ചുവന്നുള്ളി – ഒരു കപ്പ്
ഇഞ്ചി ചതച്ചത് – 2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
മുളകുപൊടി – 4 ടീസ്പൂണ്‍
കായപ്പൊടി – ഒരു ടീസ്പൂണ്‍
ഉലുവ പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാല പൊടി – ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
കടുക് – ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 ടീസ്പൂണ്‍
നാരങ്ങാ നീര് – ഒരു ടീസ്പൂണ്‍
വിനാഗിരി – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ പുരട്ടി ഒന്നര മണിക്കൂര്‍ വെക്കുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി, കായപ്പൊടി, ഉലുവ പൊടി എന്നിവയിട്ട് മൂപ്പിച്ച് ഇറക്കി വെയ്ക്കുക. ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ മൂപ്പിച്ച് കോരുക. ഇത് നേരത്തെ തയ്യാറാക്കിയ മസാലയില്‍ ചേര്‍ത്തിളക്കുക. തണുത്തശേഷം വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കി ഒരാഴ്ചക്കു ശേഷം ഉപയോഗിക്കാം.