പ്രഭാതഭക്ഷണം ഒഴിവാക്കാരുത്; അറിഞ്ഞിരിക്കാം ഇവയെല്ലാം

Malayalilife
പ്രഭാതഭക്ഷണം ഒഴിവാക്കാരുത്;  അറിഞ്ഞിരിക്കാം ഇവയെല്ലാം

പുതിയ കാലഘട്ടത്തില്‍ പ്രഭാത ഭക്ഷണത്തിന് ആരും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാന്യമുള്ളത് പ്രഭാത ഭക്ഷണം തന്നെയാണ്.

ഒരര്‍ഥത്തില്‍ നീണ്ട ഉപവാസം അഥവാ ഫാസ്റ്റിങ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ ദിവസത്തേക്കും ആവശ്യമായ ഊര്‍ജം നല്‍കുന്നതിന്റെ അടിസ്ഥാന സ്രോതസും പ്രഭാത ഭക്ഷണം തന്നെ.

ഭക്ഷണം സ്വാദിഷ്ടമായാല്‍ മാത്രം പോരാ പോഷക സമൃദ്ധവുമായിരിക്കണം. വേണ്ടത്ര ഊര്‍ജം നല്‍കുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം നമ്മുടെ ഊര്‍ജനില ഉയര്‍ത്തി മുഴുവന്‍ ദിവസത്തെയും പ്രസരിപ്പുള്ളതാക്കുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍


രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. 'ബ്രേക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍' എന്നാണല്ലോ ശാസ്ത്രം. അത്താഴം കഴിഞ്ഞു രാവിലെ ഉണരുന്നതുവരെ ഭക്ഷണമൊന്നും കഴിക്കുന്നില്ല.

 

ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കുറയ്ക്കുന്നു. അതോടെ തലച്ചോറിനു വേണ്ട പോഷണം കിട്ടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതയിലാവുന്നു. അതുകൊണ്ട് ഏകാഗ്രത കുറയുന്നു. ഒരു പ്രസരിപ്പുമില്ലാതെ ജോലി ചെയ്യുമ്പോഴാണ് വേഗം തളര്‍ന്നു പോകുന്നത്.

വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ശരിയായി വിനിയോഗിക്കാന്‍ ശരീരത്തിന് സമയം കിട്ടാതെ വരും. അങ്ങനെ അധിക ഊര്‍ജം ശരീരത്തില്‍ കെട്ടിക്കിടക്കാന്‍ കാരണമാവുന്നു. ഇത് അമിതവണ്ണത്തിന് വഴിയൊരുക്കുന്നു. അതിനാല്‍ സുഗമമായ ശാരീരിക പ്രവര്‍ത്തനത്തിനു വേണ്ട പോഷകങ്ങള്‍ രാവിലെ കൃത്യസമയത്തുതന്നെ കൊടുക്കണം. 

Breakfast

പ്രഭാത ഭക്ഷണം എപ്പോള്‍ കഴിക്കണം


രാവിലെ ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ രാവിലത്തെ മുഖ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ആറുമണിക്ക് ഉണരുന്നവര്‍ എട്ടുമണിയോടെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ ഒരു ഗ്ലാസ് ജ്യൂസോ അല്ലെങ്കില്‍ ചായയോ കഴിക്കുന്നത് പ്രഭാത ഭക്ഷണമായി കരുതരുത്.

 

ചായയും കാപ്പിയും അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ കൂടുതല്‍ കഴിക്കുന്നത് വിശപ്പു കെടുത്തുകയേ ഉള്ളൂ. അവ തല്‍ക്കാലത്തേക്ക് ഊര്‍ജം നല്‍കുമെങ്കിലും അതിനെ ആശ്രയിച്ച് മുന്നോടു പോകാനാവില്ല.

പ്രഭാത ഭക്ഷണം അനാവശ്യമായി താമസിപ്പിക്കുന്നവരുമുണ്ട്. ഒരു ചായ, പിന്നെ എന്തെങ്കിലും ലഘു പാനീയം, രണ്ടു കഷണം ബ്രെഡ് അല്ലെങ്കില്‍ പഫ്‌സ് എന്നിങ്ങനെ പലതും കഴിച്ച് സമയം 12 മണി വരെ തള്ളി നീക്കും. പിന്നെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കും. ഇത് ഒട്ടും ആരോഗ്യകരമല്ല. സ്‌നാക്‌സും ചായയും പാനീയങ്ങളും കഴിച്ച് വയറു നിറച്ച് വൈകുന്നേരം വരെ ഇരുന്ന ശേഷം വൈകിട്ട് കട്ടിയായി കഴിക്കുന്നത് ഒട്ടും ഗുണകരമല്ല.

രാവിലെ തന്നെ നല്ലൊരു ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ ഇടനേരങ്ങളില്‍ കാര്യമായി ഒന്നും കഴിക്കണമെന്നു തോന്നുകയില്ല. പകരം ഒരു പഴമോ പഴച്ചാറോ നാരങ്ങാ വെള്ളമോ സംഭാരമോ ഒക്കെ ശീലിക്കുന്നതില്‍ കുഴപ്പമില്ല.

എന്ത് കഴിക്കണം


നമ്മുടെ പ്രാതല്‍ വിഭവങ്ങളായ ഇഡ്‌ലി, ദോശ, സാമ്പാര്‍, അപ്പവും മുട്ടക്കറിയും, നുറുക്കു ഗോതമ്പ് ഉപ്പുമാവ്, പുട്ടും കടലയും ഇവയൊക്കെ വളരെ പോഷകസമൃദ്ധമാണ്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള മാംസ്യം, ഊര്‍ജം, കാല്‍സ്യം, വിറ്റാമിന്‍-സി ഇവയുടെ കാല്‍ ശതമാനം ഒരു പ്രാവശ്യം കഴിക്കുന്ന പുട്ടും കടലയില്‍ നിന്നും ലഭിക്കും. കേരളീയ പ്രഭാത ഭക്ഷണയിനങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് പുട്ട്.

 

പയര്‍, പപ്പടം, പഴം, മീന്‍ കറി, കോഴിയിറച്ചി, മുട്ടക്കറി തുടങ്ങിയവയും പുട്ടിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ തുടങ്ങിയ ഘടകങ്ങളും പുട്ടില്‍ അടങ്ങിയിട്ടുണ്ട്. തികച്ചും കേരളീയമായ ഭക്ഷണമായാണ് പുട്ടിനെ കരുതുന്നത്. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ച് പ്രഷര്‍കുക്കറിന്റെ ആവിക്കുഴലിനു മേല്‍ വെച്ച് ചിരട്ടപ്പുട്ട് ചുട്ടെടുക്കുന്നത് പുട്ടുകുറ്റിയില്‍ ചുട്ടെടുക്കുന്നതിനെക്കാള്‍ എളുപ്പവും രുചികരവുമായിരിക്കും.

അതുപോലെ തന്നെ മറ്റൊരു പ്രധാന പ്രാതല്‍ വിഭവമാണ് അപ്പം. അരിമാവ് യീസ്റ്റ് ചേര്‍ത്തു പുളിപ്പിച്ച് അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുന്ന അപ്പം. ഇത് പുളിപ്പിച്ചുണ്ടാക്കുന്നതു കൊണ്ട് അന്നജം വിഘടിക്കുകയും അത് കൂടുതല്‍ ആഗിരണക്ഷമമാകുകയും ചെയ്യും. 

Breakfast


ഫെര്‍മെന്റേഷന്‍ കൊണ്ട് പോഷകാംശം വര്‍ധിക്കുകയും ചെയ്യുന്നു. അപ്പവും മുട്ടക്കറിയും അല്ലെങ്കില്‍ വെജിറ്റബിള്‍ കറിയും പോഷക സമൃദ്ധമാണ്. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രാധാന്യത്തില്‍ ഒട്ടും അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭവമാണ് ഉപ്പുമാവ്.

 

നുറുക്ക് ഗോതമ്പ്, ക്യാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഉപ്പുമാവ് കൂടുതല്‍ ആരോഗ്യകരമാണ്. അതുപോലെ തന്നെ ഗോതമ്പ് ഉപ്പുമാവില്‍ നാരിന്റെ അംശം കൂടുതലാണ്. അതുകൊണ്ട് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതുപോലെ തോന്നും. ഈ നാരുകള്‍ കൊളസേ്ട്രാള്‍ ആഗിരണത്തെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ക്രമപ്പെടുത്താനും സഹായിക്കുന്നു.

ഇഡ്‌ലി പോഷകസമ്പന്നമാണ്. പ്രധാന ഘടകം അരിയായതിനാല്‍ വേണ്ടത്ര അന്നജമുള്ളതും ധാരാളം ഉഴുന്നു ചേരുന്നതിനാല്‍ ആവശ്യത്തിന് പ്രോട്ടീനുള്ളതുമാണ് ഇഡ്‌ലി. ഇഡ്‌ലിക്കും ദോശക്കുമൊപ്പം സാമ്പാര്‍ കൂട്ടുമ്പോള്‍ പോഷകാംശം വീണ്ടും വര്‍ധിക്കുന്നു. ആവിയില്‍ തയാറാക്കുന്ന കലോറി കുറഞ്ഞ ആഹാരമായതുകൊണ്ട് ഇഡ്‌ലിയുടെ സ്വീകാര്യത കൂടുന്നു. ഇടിയപ്പം സ്വാദിഷ്ടമാണ്. ഇടിയപ്പം ചിക്കന്‍ സ്റ്റിയൂവോ വെജിറ്റബിള്‍ സ്റ്റിയൂവോ ചേര്‍ത്തു കഴിച്ചാല്‍ പോഷക പ്രാധാന്യം വര്‍ധിക്കും.

കപ്പയും മത്തിയും ഒന്നാന്തരം ആഹാരമാണ്. കപ്പയില്‍ ഇല്ലാത്ത ഒമേഗാ-ബി, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവ മത്തിയിലുണ്ട്. അയഡിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കപ്പയില്‍ ധാരാളം കാര്‍ബോഹൈഡ്രറ്റ് അടങ്ങിയിട്ടുണ്ട്. ഗോയിറ്റര്‍ പ്രശ്‌നം ഉള്ളവര്‍ കപ്പ പതിവായി കഴിക്കുന്നത് നല്ലതാണ്.

കടപ്പാട്: 
സ്വപ്നാ ജോര്‍ജ് 
ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്

Read more topics: # food habits breakfast
food habits breakfast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES