ഓണ സദ്യക്ക് ഒപ്പം ആദ്യമേ തന്നെ വിളബുന്ന ഒന്നാണ് അച്ചാറുകൾ. വിവിധതരം അച്ചാറുകളാണ് ഇന്ന് വിപണിയിൽ ഉള്ളതും. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ സ്വാദിഷ്‌ടമായ രീതിയിൽ തക്കാളി അച്ചാർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
നല്ല പഴുത്ത തക്കാളി – ഒരു കിലോ
നല്ലെണ്ണ – അര കിലോ
വെളുത്തുള്ളി – 25 ഗ്രാം
വിനാഗിരി തിളപ്പിച്ചത് – മൂന്നു സ്പൂൺ
കടുക്, കുരുമുളകുപൊടി, അയമോദകപൊടി – ഓരോ സ്പൂൺ വീതം
മുളകുപൊടി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ഓരോ തക്കാളിയും ആറായി മുറിച്ച് ഉപ്പ്, മുളകുപൊടി ആവശ്യത്തിനു ചേർത്ത് വെയിലിൽ കൊള്ളിച്ച് അഞ്ചു ദിവസം നന്നായി ഉണ്ടാക്കിയെടുക്കുക. ഇങ്ങനെ ഉണക്കുന്ന തക്കാളി ഒരു അര കിലോഗ്രാം ഉണ്ടാകും. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായായ ശേഷം കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂത്തശേഷം മുളകുപൊടി ചേർത്ത് കരിയാതെ ഇളക്കി വാങ്ങിവെക്കുക. പിന്നാലെ കുരുമുളക്, കടുക്, അയമോദകം ഇവ പൊടിച്ചതും പാകത്തിനുപ്പും ചേർത്ത് തയ്യാറാക്കിവെച്ച തക്കാളിയിൽ മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന എണ്ണയിലിട്ട് തുടരെ ഇളക്കുക. കരിയാതെയും അടിക്കു പിടിക്കാതെയും ഇവ ശ്രദ്ധിക്കണം. പിന്നാലെ ഇതിലേക്ക് ആവശ്യത്തിന് തിളപ്പിച്ച വിനാഗിരി കൂടി ഒഴിക്കണം. തണുത്തശേഷം ഇവ കുപ്പിയിലാക്കാം.