Latest News

സീ മ്യൂസിക് കമ്പനി, കെവിഎന്‍ പ്രൊഡക്ഷന്‍സ്, യഷ് എന്നിവര്‍ ടോക്‌സിക്കിനായി ഒന്നിക്കുന്നു; സിനിമയുടെ സംഗീത അവകാശത്തിനായി 2026-ലെ വമ്പന്‍ കരാര്‍

Malayalilife
 സീ മ്യൂസിക് കമ്പനി, കെവിഎന്‍ പ്രൊഡക്ഷന്‍സ്, യഷ് എന്നിവര്‍ ടോക്‌സിക്കിനായി ഒന്നിക്കുന്നു; സിനിമയുടെ സംഗീത അവകാശത്തിനായി 2026-ലെ വമ്പന്‍ കരാര്‍

യഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്‌ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പന്‍ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സും  മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ടോക്സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാന്‍-ഇന്ത്യന്‍, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകര്‍ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാല്‍ മിശ്ര നാല് ഗാനങ്ങള്‍ ഒരുക്കുമ്പോള്‍, തനിഷ്‌ക് ബാഗ്ചി, അര്‍സ്ലാന്‍ നിസാമി, ഫഹീം അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂര്‍ ഒരു ഗാനത്തിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. കഥയോട് ചേര്‍ന്നുനില്‍ക്കുന്നതും അതോടൊപ്പം വൈകാരികതയും മാസ് എനര്‍ജിയും നിറഞ്ഞതുമായ ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാകുക.

'ഭാഷയുടെയും, ദേശങ്ങളുടെയും ഒക്കെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തുള്ള പാന്‍-ഇന്ത്യന്‍ സിനിമയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് ടോക്‌സിക്,' എന്ന് സീ മ്യൂസിക് കമ്പനി സിബിഒ സുജല്‍ പരേഖ് പറഞ്ഞു. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ടോക്‌സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്. സിനിമയുടെ താളമാണ് സംഗീതം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സീ മ്യൂസിക്കുമായി ചേര്‍ന്നുള്ള ഈ യാത്ര കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ദീര്‍ഘകാലമായുള്ള സഹകരണത്തിന്റെ തുടക്കമാണ്.' എന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് ചെയര്‍മാന്‍ വെങ്കട്ട് കെ. നാരായണ പറയുകയുണ്ടായി. 

അതേസമയം, പുറത്തിറങ്ങിയ ടോക്‌സിക് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. യാഷിന്റെ പുതിയ കഥാപാത്രമായ 'ടിക്കറ്റ്' (Ticket) ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിനായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും നിര്‍മ്മിക്കുന്ന ടോക്‌സിക് 2026 മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തും.

Read more topics: # ടോക്‌സിക്:
yash toxic music rights

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES