അകാലത്തില്‍ വിട പറഞ്ഞ മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. കൊച്ചിന്‍ സംഗമിത്രയുടെ ഇരട്ട നഗരം എന്ന നാടകത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് രേണു അഭിനയ രംഗത്തേക്ക് എത്തുന്നത് . റിഹേഴ്‌സല്‍ അടുത്ത ആഴ്ച ആരംഭിക്കും. ആഗസ്റ്റ് ആദ്യവാരം നാടകം അവതരിപ്പിച്ചുതുടങ്ങും.
അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നിര്‍മ്മാണത്തിലിരിക്കുന്ന സിനിമയില്‍ ഒരുവേഷം ചെയ്യുന്നുണ്ടെന്നും രേണു പറഞ്ഞു
വാകത്താനം പുതുക്കാട്ടില്‍ തങ്കച്ചന്‍- കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് രേണു. 2017 മേയിലായിരുന്നു കൊല്ലം സുധിയുമായുള്ള രേണുവിന്റെ വിവാഹം.
2023 ജൂണ്‍ അഞ്ചിനാണ് തൃശൂര്‍ കയ്പ്പമംഗലം പറമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ സുധി മരിച്ചത്. സുധിയുടെ വിയോഗം മൂലം ഉണ്ടായ ആഘാതത്തില്‍ നിന്ന് മെല്ലെ കരകയറുകയാണ് രേണുവും രണ്ടുമക്കളും. സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമാണ് രേണു.
കോട്ടയം വാകത്താനത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് രേണുവും ഇളയ മകന്‍ ഋതുല്‍ ദാസും താമസിക്കുന്നത്. മൂത്തമകന്‍ രാഹുല്‍ ദാസ് പ്ലസ് ടു പഠനം കഴിഞ്ഞു.