കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയില്‍ സൈബര്‍ ആക്രമണവും ട്രോളുകളും നേരിടുകയാണ് താരപുത്രി വിസ്മയ മോഹന്‍ലാല്‍. ആദ്യ സിനിമ തുടക്കത്തിന്റെ പ്രമോഷന്റെ ഭാ?ഗമായി നിരവധി അഭിമുഖങ്ങളിലും പ്രെസ്മീറ്റിലും പങ്കെടുത്തശേഷമാണ് വിസ്മയ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വിഷയമായി മാറിയത്.
തുടക്കം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിന് പിന്നാലെയാണ് വിഡിയോകള്‍ക്ക് താഴെ വിസ്മയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി ഒരു കൂട്ടര്‍ എത്തിയത്. ബോഡി ഷെയ്മിങ് കമന്റുകളുമായി താരപുത്രിയെ കടന്നാക്രമിക്കുകയാണ് വിമര്‍ശകര്‍. അഭിനയിക്കാനുള്ള ആഗ്രഹം തനിക്ക് എന്നുമുണ്ടായിരുന്നു. എന്നാല്‍ ശരീര ഭാഷയെക്കുറിച്ചും, മലയാളം ശരിയായി അറിയാത്തതും മൂലം ആശങ്കയുണ്ടായിരുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വിസ്മയയുടെ ആ ആശങ്കള്‍ ശരിവെക്കുന്നതാണ് കമന്റുകള്‍.
'ബിന്ദു പണിക്കര്‍ക്കും പൊന്നമ്മ ബാബുവിനും പകരക്കാരി, ഒളിംപിക്സ് മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ റോള്‍ ചെയ്യാം, ആദ്യത്തെയും അവസാനത്തെയും പടം. നല്ല കലയുള്ള എത്രയോ കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, ഇത്രയും തടി കൂടുതല്‍ ഉള്ള മോഹന്‍ലാലിന്റെ മകള്‍ സിനിമയില്‍ വിജയിക്കാന്‍ സാധ്യതയില്ല, ഒഞ്ഞു പോയെടീ നല്ല മിടുക്കി സുന്ദരി പിള്ളേര്‍ ഇഷ്ടം പോലെ കേരളത്തില്‍ ഉണ്ട് നല്ല കഴിവ് ഉള്ളവര്‍ നീ നിന്റെ തന്തയുടെ പേരില്‍ ഞെളിയുന്നു അത്ര തന്നെ' എന്നിങ്ങനെയാണ് ചില കമന്റുകള്‍.
''അപ്പന്റെ വിരലുകള്‍ വരെ അഭിനയിക്കും. മോളുടെ ശരീരം മൊത്തം അഭിനയിക്കുന്നുണ്ട്. ഓരോ വാക്കും പറയുമ്പോള്‍ ശരീരം മൊത്തം ഇളകി ആടുന്നു. മലയാളം സിനിമയില്‍ അഭിനയിച്ച ഇവള്‍ ഒരൊറ്റ വാക്ക് മലയാളത്തില്‍ പറയുന്നില്ല, എന്തുപറ്റി സ്പ്രിംങ് വിഴുങ്ങിയോ, എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് തോന്നുന്നുണ്ടോ, ഇവള്‍ക്ക് ഏതോ ഒരു ഞരമ്പുരോഗം ഉണ്ട് അതായി കാണിക്കുന്നത് എത്രയും പെട്ടെന്ന് ഞരമ്പുരോഗത്തിന് ചികിത്സ തേടുക, എന്തോ ഒരു കിളി പോയ പോലെ. കിലുക്കത്തിലെ രേവതി കഥാപാത്രം, ഇവളെന്താ ഗുസ്തി, ടീമിലുള്ളവളാണോ ഇവളൊക്കെ എങ്ങനെ നായികമാരാകുന്നു.എവിടെയോ എന്തോ തകരാര്‍ പോലെ.. അതെ ഉള്ളൂ കുഴപ്പം, ഒരണ കുറവുള്ളത് പോലെ, ഗുസ്തി കഴിഞ്ഞ് വരുക ആണോ?' എന്നും ചിലര്‍ പറയുന്നു.
അതേസമയം വിസ്മയയെ ചേര്‍ത്തുപിടിക്കുകയും പ്രതിരോധിക്കുകയും ചെയ്തു കൊണ്ടും നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്. താരത്തിന് എതിരെ പരിഹാസ കമന്റുകള്‍ കുറിക്കുന്നവര്‍ക്ക് എതിരെ നടി സരിത ബാലകൃഷ്ണന്‍ പരിഹസിച്ച് എത്തി.
വിമര്‍ശിക്കണമെങ്കില്‍ സിനിമ കണ്ടശേഷം അഭിനയത്തെ വിമര്‍ശിക്കൂവെന്ന് സരിത കുറിച്ചു. മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാര്‍ക്ക് മുന്നില്‍ സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ച് നില്‍ക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടിയെന്നും സരിത പറയുന്നു. പണ്ടൊക്കെ ഒരു സിനിമ കണ്ട് കഴിഞ്ഞാല്‍ കഥ കൊള്ളാമോയെന്ന് നോക്കണം, അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം.
എത്ര ബോറായിരുന്നു ആ കാലം. പക്ഷെ ഇപ്പോള്‍ കഥ മാറി. പടം റിലീസ് ചെയ്യാന്‍ ഇനിയും ദിവസമെടുക്കും. അതിന് മുന്നേ ഇറങ്ങിയ ഒരു കുഞ്ഞ് വീഡിയോയില്‍ പെണ്‍കുട്ടി കൈ ഒന്ന് പൊക്കിയപ്പോള്‍ തല ഒന്ന് ചരിച്ചപ്പോള്‍ തന്നെ അയ്യോ ഇത് കൈവെട്ടലല്ല തലവെട്ടലാണ് എന്ന് അളവുനാട വെച്ച് അളന്ന് തിട്ടപ്പെടുത്തിയ സര്‍വ്വവിജ്ഞാനികളായ സൈബര്‍ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ... ഇത്രയും വലിയ നിരീക്ഷണ പാടവം കൈയിലുവെച്ചുകൊണ്ടാണോ നിങ്ങളൊക്കെ രാത്രി ഒമ്പത് മണിക്ക് മുന്നേ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നത്?.
ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന ഒരു ലൈറ്റ് പേടിയുണ്ട് അതിനെയാണ് നമ്മള്‍ സ്റ്റേജ് ഫിയര്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ നമ്മള്‍ മലയാളികള്‍ അത്ര പാവങ്ങളല്ലല്ലോ സ്വാഭാവികതയോ? അത് ഞങ്ങള്‍ക്ക് വേണ്ട നാടകം കളിച്ചാല്‍ മതിയെന്ന് പറയുന്ന കുറച്ച് കുരുപൊട്ടല്‍ ജീവികള്‍ കമന്റ് ബോക്‌സില്‍ ചാടിവീണു.
ഒരു പെണ്‍കുട്ടി അതും സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖം അവള്‍ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നില്‍ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ വലിയ ദേശീയ അപരാധം. ഇനി ഇതിന്റെ യഥാര്‍ത്ഥ ലോജിക് നോക്കാം. പെണ്‍കുട്ടിയുടെ കൈയനക്കം കണ്ടിട്ടല്ല ഇവിടെ ചിലര്‍ക്ക് വയറിളക്കം വന്നത്. ആ കുട്ടി ജെന്‍-സി പിള്ളേരുടെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്ത് എന്ന് രണ്ട് വാക്ക് പറഞ്ഞോ അന്നേ തുടങ്ങിയതാണ് ചിലരുടെ ഉറക്കംകെടല്‍. മോഹന്‍ലാലിന്റെ മകളല്ലേ ഒതുങ്ങി ജീവിച്ചൂടേ? സ്വന്തമായി അഭിപ്രായം പറയാന്‍ ഇവള്‍ക്കത്ര ധൈര്യമോ? എന്ന ആറാം തമ്പുരാന്‍ കാലത്തെ അസഹിഷ്ണുതയാണ് ഈ കൈവെട്ടല്‍-തലവെട്ടല്‍ ട്രോളുകളായി ഒലിച്ചിറങ്ങുന്നത്.
മറ്റുള്ളവരുടെ വീട്ടിലെ പെണ്‍കുട്ടികള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ ബോധമുള്ള പൗരന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ?. അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല പടം പൊട്ടും എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മള്‍ മ്യൂസിയത്തില്‍ വെച്ച് സംരക്ഷിക്കേണ്ടതാണ്. ലാലേട്ടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട് ഒന്നുമാത്രം... വിസ്മയയുടെ എഴുത്തും വരയും മാര്‍ഷല്‍ ആര്‍ട്‌സുമൊക്കെ അവിടെ നില്‍ക്കട്ടെ. ആ പെണ്‍കുട്ടിക്ക് അഭിനയിക്കാന്‍ അറിയാമോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ഈ അഴുകിയ കമന്റ് ബോക്‌സല്ല തിയേറ്ററിലെ വെള്ളിത്തിരയാണ്. മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാര്‍ക്ക് മുന്നില്‍ സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ച് നില്‍ക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടി. You May Also Like ചേച്ചിയുടെ മരണവിവരമറിഞ്ഞിട്ടും ഞാന്‍ ഷൂട്ടിന് നിന്നു, ഇന്നും അതൊരു ഷോക്കാണ്: രഞ്ജു രഞ്ജിമാര്‍ വിമര്‍ശമാകാം പക്ഷെ അത് പടം കണ്ടിട്ടാവാം. സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട് വിസ്മയയുടെ തുടക്കം തിയേറ്ററുകളില്‍ തന്നെ തകര്‍ക്കട്ടെ. മുന്നോട്ട് പോകൂ വിസ്മയ... ഈ സൈബര്‍ കുരച്ചുചാട്ടക്കാര്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാനുള്ളതല്ല ഈ തുടക്കം എന്നുമാണ് സരിത കുറിച്ചത്.
'വിസ്മയയില്‍ ഒരു മികച്ച കലാകാരിയുണ്ടോ എന്നത് അവരുടെ പ്രകടനം കൊണ്ട് കാലം തെളിയിക്കട്ടെ. അതേസമയം വിസ്മയയില്‍ ജനാധിപത്യബോധമുള്ള ഒരു നല്ല മനുഷ്യനുണ്ട് എന്നത് അവരുടെ ചില പ്രസ്താവനകളില്‍ നിന്ന് ബോധ്യമായി. രാഷ്ട്രം രാഷ്ട്രീയം ഭരണകൂടം സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയെല്ലാം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് വിസ്മയക്ക്. ഒരാള്‍ എത്രമാത്രം ജനാധിപത്യവാദിയാകുന്നുണ്ടോ എന്നതുതന്നെയാണ് പുതിയകാലത്ത് ഒരു മികച്ച മനുഷ്യന്റെ ലക്ഷണം. വിസ്മയ മോഹന്‍ലാല്‍ എന്ന കലാകാരിക്ക്, ജനാധിപത്യവിശ്വാസിക്ക് എല്ലാവിധ ആശംസകളും' എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.
'വലിയൊരു താരപുത്രി എന്നതിനപ്പുറം തികച്ചും ജെനുവിന്‍ ആയ, നല്ലൊരു മനുഷ്യനാണ് താനെന്ന് ആ ചടങ്ങിലൂടെ വിസ്മയ തെളിയിച്ചു കഴിഞ്ഞു. ഈ ഒരു ആത്മവിശ്വാസവും ലളിതമായ പെരുമാറ്റവും വെച്ച് നോക്കുമ്പോള്‍, വെള്ളിത്തിരയിലും സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ വിസ്മയക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലയാള സിനിമയിലേക്ക് കടന്നുവരുന്ന ഈ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരാം' എന്നും ചിലര്‍ പറയുന്നു.