സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടന്‍ ഇക്കാര്യം അറിയിച്ചത്.
രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാല്‍ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാല്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ പറഞ്ഞു.
'അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അത് നടന്നത് മുംബൈയിലെ സിബിഎഫ്സി ഓഫീസിലാണ്. എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' വിശാല്‍ കുറിച്ചു.
ആധിക് രവിചന്ദ്രനാണ് മാര്‍ക്ക് ആന്റണിയുടെ സംവിധായകന്‍. കോളിവുഡ് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി മുന്നേറുന്ന ചിത്രത്തില്‍ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെല്‍വരാഘവന്‍, ഋതു വര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മാര്‍ക്ക് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജന്‍ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്.