സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ തിളങ്ങി താരങ്ങളായ ആസിഫ് അലിയും ടൊവീനോ തോമസും.സമാപനസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആവേശം നിറച്ചു കൊണ്ടാണ് ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായി എത്തിയത്.
അവസാന നിമിഷംവരെ ആകാംഷ നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ പിന്നിലാക്കി തൃശൂരാണ് വിജയം നേടിയത്. കലോത്സ വേദിയില്‍ എത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും, ഇന്നിവിടെ നില്‍ക്കാന്‍ സാധിച്ചത് സിനിമയെന്ന കല തന്ന എറ്റവും വലിയ ഭാഗ്യമാണെന്നും ആസിഫ് അലി പറഞ്ഞു.
കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയില്‍ കയറിയിട്ടില്ലെന്നും, സ്‌കൂള്‍ കാലഘട്ടത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആസിഫ് പറഞ്ഞു. 'ഇന്നിവിടെ വന്നു നില്‍ക്കുന്നത് കല എന്ന എന്റെ സിനിമ തന്ന വലിയ ഭാഗ്യമാണ്. വേറൊരു മേഖലയിലേക്ക് പോകുമ്പോള്‍ കലയെ നിങ്ങള്‍ കൈവിടരുത്. ജീവിതകാലം മുഴുവന്‍ കല നിങ്ങള്‍ക്കൊപ്പമുണ്ടാകണം. ആ കലയാല്‍ നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടണമെന്ന് ആശംസിക്കുന്നു,' ആസിഫ് അലി പറഞ്ഞു.
കലോത്സവ വിജയികളായ തൃശൂര്‍ ജില്ലയിലെ മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യമായി 'രേഖാചിത്രം' എന്ന തന്റെ പുതിയ ചിത്രം കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. വീണ്ടും ഒരു വേദിയിലോ, ഒപ്പം ഒരു സിനിമയില്‍ ഭാഗമാകുന്നതു വരെയോ എല്ലാവരെയും കാത്തിരിക്കുന്നുവെന്നും ആസിഫ് പറഞ്ഞു.
അതേസമയം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ നിര്‍ത്തണമെന്ന് ടൊവീനോ തോമസ് പറഞ്ഞു..ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധമെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. എന്നാല്‍, വിധിവൈപരിത്യം പോലെ ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖല കലാരംഗമാണ്. ഇനി എനിക്കും നാട്ടില്‍ ചെന്ന് പറയാന്‍ കഴിയും, ഞാനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആളാണെന്ന്; ടൊവിനോ പറഞ്ഞു.
ഇവര്‍ ഭാവിയുടെ വാഗ്ദാനങ്ങളായി വളര്‍ന്നുവരുന്നത് കാണുന്നത് തന്നെ അഭിമാനകരമാണ്. ജീവിതത്തില്‍ ഒരിക്കലും കലയെ കൈവിടരുത്. കല മനുഷ്യരെ തമ്മില്‍ തമ്മില്‍ അടുപ്പിക്കുകയും സ്നേഹിപ്പിക്കുകയും ചെയ്യുമെന്നും ടൊവിനോ തോമസ് പറഞ്ഞു. കലയുടെ ആത്യന്തികമായ ലക്ഷ്യം വിനോദമാണെങ്കിലും അത് മനുഷ്യരില്‍ സൗഹൃദം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.