തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിനെ പിന്തുണച്ച് നടിമാര്‍ രംഗത്ത്.നടി സീമ ജി നായരും ഭാഗ്യലക്ഷ്മിയും ആണ് പ്രതികരിച്ച് രംഗത്തെത്തിയത്. പണം ആണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സ്ത്രീകളോടുളള പെരുമാറ്റ രീതികളിലും ചിന്തകളിലും മാറ്റം വരുത്തണമെന്നും സീമ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
ശുഭദിനം
സ്ത്രീയെ സ്ത്രീയായി അറിയുന്നവര്‍ക്ക് ,സ്ത്രീയെ സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കുന്നവര്‍ക്ക് ,അവള്‍ തണലും ..തുണയും ആവുന്നു ..പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം ,പെരുമാറാം ആ ചിന്തകള്‍ ഇനിയും മാറിയിട്ടില്ലെങ്കില്‍ ,എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം??? ..പണം എല്ലാത്തിനും പരിഹാരം അല്ല ..പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റ് ..എത്ര വലിയവന്‍ ആണേലും സ്വന്തം തെറ്റുകള്‍ തിരുത്തുക ..സീമ കുറിച്ചു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:ഇത് കുറേക്കൂടി മുന്‍പേ വേണ്ടതായിരുന്നു. ഇയാള്‍ എത്രയോ വര്‍ഷങ്ങളായി മുന്‍പിലിരുന്ന് സംസാരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ നിരന്തരം സംസാരിച്ച് കൊണ്ടേയിരിക്കുന്നു. ഹണി റോസിനെ സ്റ്റേജില്‍ നിര്‍ത്തിക്കൊണ്ടാണ് ഇയാള്‍ ആ വാക്ക് ഉപയോഗിച്ചത്. അന്ന് ഹണി അത് ചിരിച്ച് തമാശയായിട്ടെടുത്ത് കളഞ്ഞു. ഇയാള്‍ കരുതിയത് എന്ത് പറഞ്ഞാലും സ്ത്രീകള്‍ പ്രതികരിക്കില്ല, അല്ലെങ്കില്‍ സ്ത്രീകള്‍ അത് ആസ്വദിക്കുന്നുണ്ട് എന്നാണ്. അതാണ് അയാളെ ഇത്രയേറെ വളര്‍ത്തിയത്.
ഈ വളര്‍ത്തലിന്റെ പിന്നിലാണ് ഈ കമന്റ് ഇടുന്നവര്‍ ഉള്‍പ്പെടെ വരുന്നത്. നമ്മള്‍ മിണ്ടാതെ ഇരിക്കുന്തോറും അവര്‍ അതൊരു അവസരമായി എടുത്ത് വീണ്ടും വീണ്ടും ഇതാവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. മൂന്ന് ദിവസം മുന്‍പ് താനൊരു വീഡിയോ കണ്ടപ്പോള്‍ അതിലും ഒരു പെണ്ണിന്റെ മുന്നിലിരുന്ന് ഹണി റോസിനെ കുറിച്ച് വളരെ മോശമായി പറയുന്നു. അതായത് ഞാന്‍ നടി എന്നല്ലേ പറഞ്ഞത്, എന്നിട്ട് വേറൊരു വാക്ക് പറയുന്നു, അത് ഞാന്‍ പറഞ്ഞില്ലല്ലോ എന്ന്.
അപ്പോഴേ തനിക്ക് തോന്നി എന്തുകൊണ്ട് ഇവര്‍ ഇയാളുടെ പേര് പറഞ്ഞ് ഇയാള്‍ക്കെതിരെ കേസ് കൊടുക്കുന്നില്ല എന്ന്. ഇന്‍സ്റ്റഗ്രാമില്‍ താനൊരു പോസ്റ്റ് ഇട്ടു. ഹണീ നിങ്ങള്‍ക്ക് പേടിയാണോ, എന്ത് കൊണ്ടാണ് അയാളുടെ പേര് ഉറക്കെ പറഞ്ഞ് അയാള്‍ക്കെതിരെ പരാതി കൊടുക്കാത്തത് എന്ന് താന്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ വളരെ വൈകിയാണെങ്കിലും വളരെ സന്തോഷമുണ്ട്. ഇത് ഓരോരുത്തര്‍ക്കും ഒരു പാഠമാകണം. കമന്റ് ഇടുന്നവര്‍ക്കും സ്ത്രീകളെ ഇങ്ങനെ മോശം വാക്കുകള്‍ കൊണ്ട് അപമാനിക്കുന്ന, വെറും ഒരു സാധനം മാത്രമാണ് പെണ്ണ് എന്നുളള പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം ഹണി എടുത്തതില്‍ സന്തോഷമുണ്ടെന്നും ഭാഗ്യലക്ഷ്മി പങ്ക് വച്ചു.
ഡബ്ല്യുസിസിയും അമ്മ സംഘടനയും ഹണിറോസിനുവേണ്ടി രംഗത്ത് എത്തിയിരുന്നു.