രജനികാന്ത് ചിത്രം ജയിലര്‍ സൂപ്പര്‍ വിജയമാണ് സ്വന്തമാക്കിയത്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. വര്മന് എന്ന കഥാപാത്രത്തിലൂടെ വിനായകന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. ജയിലറില്‍ അഭിനയിക്കാന്‍ വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി കിട്ടയതെന്ന് പ്രചാരണം ഉണ്ടായിരുന്നു. പിന്നാലെ വിനായകന് പ്രതിഫലം കുറഞ്ഞു പോയെന്ന തരത്തിലും അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിച്ച പ്രതിഫലം 35 ലക്ഷമല്ലെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. അതെല്ലാം നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണെന്നും, താന്‍ ചോദിച്ച പ്രതിഫലം അവര്‍ തനിക്ക് തന്നിട്ടുണ്ടെന്നും വിനായകന് പറഞ്ഞു.
35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം തന്നിട്ടുണ്ട്. ചോദിച്ച പ്രതിഫലം തന്നെ അവര്‍ തന്നു. ചെയ്ത ജോലിക്ക് കൃത്യമായ പ്രതിഫലത്തിനൊപ്പം സെറ്റില്‍ പൊന്നുപോലെ നോക്കുകയും ചെയ്തെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒരു വര്‍ഷത്തോളമാണ് വര്മന് എന്ന കഥാപാത്രത്തിന് വേണ്ടി മാറ്റിവച്ചത്. ഇപ്പോള്‍ താന്‍ സെലക്ടീവാണ്. ജയിലര്‍ പോലൊരു സിനിമ ചെയ്തുനില്ക്കുകയാണെന്നും അതിനാല്‍ അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വെല്ലുവിളികള്‍ സഹിച്ചാണ് ജയിലറിലെ വര്മന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വിനായകന് പറഞ്ഞു. ''പുറത്തിറങ്ങി അഭിനയിക്കാന്‍ എനിക്ക് താല്പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാന്‍ പറ്റില്ല. അതൊരു മോശം കാര്യമാണ്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷമാണ് വര്മന് എന്ന കഥാപാത്രത്തെ ഹോള്‍ഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കില്‍ ആ കഥാപാത്രത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകര്‍ന്നുപോയി ഒരു വര്‍ഷം. ഇത്രയും സ്ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വര്‍മനേക്കുറിച്ച് വിനായകന് പറഞ്ഞത് ഇതാണ്.