തെന്നിന്ത്യ ഒന്നാകെ ആരാധക ലക്ഷം സമ്പാദിച്ച നടനാണ് വിജയ് സേതുപതി. തമിഴ് മക്കള്‍ മക്കള്‍ സെല്‍വന്‍ എന്ന് വിളിപേരിട്ട വിജയ് സേതുപതി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 96 ലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാമനിതന്‍.
ഇദ്ദേഹത്തിന്റെ ഓരോ ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ഇപ്പോഴിതാ ഇതുവരെ പരീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഓട്ടോ ഡ്രൈവറായാണ് സേതുപതി ചിത്രത്തിലെത്തുന്നത്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രിയാണ് നായികയായെത്തുന്നത്.
സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും 'മാമനിത'നുണ്ട്. ഇതു ഏഴാമത്തെ തവണയാണ് ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നത്. മുന്‍പ് 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം', 'റമ്മി', 'പുരിയതാ പുതിര്‍', 'ഒരു നല്ല നാളാ പാത്തു സൊല്‍റേന്‍', സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന 'സൂപ്പര്‍ ഡീലക്‌സി'ലും വിജയ്ക്കൊപ്പം ഗായത്രിയുണ്ട്.
ഗ്രാമീണപശ്ചാത്തലത്തിലുള്ള ചിത്രമാണിത്. ഡിസംബറില്‍ തേനിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയണ്. കേന്ദ്രകഥാപാത്രമായി ഒരു ബാലതാരവും അഭിനയിക്കുന്നു എന്നതാണ് 'മാമനിത'ന്റെ മറ്റൊരു പ്രത്യേകത. 'ഇമൈക നൊടിഗല്‍' എന്ന ചിത്രത്തില്‍ നയന്‍താരയുടെ മകളായി അഭിനയിച്ച മാനസ്വിയാണ് ബാലതാരമായെത്തുന്നത്.