ട്രാക്കിലെ സ്വർണ തിളക്കത്തിന് വെള്ളിത്തിരയുടെ മക്കൾ സെൽവൻ വക സഹായ ഹസ്തം. ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തുവിന് അഞ്ചു ലക്ഷം രൂപയാണ് തമിഴ് നടൻ വിജയ് സേതുപതി സമ്മാനിച്ചത്. സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായതിനാൽ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ വഴിയാണ് വിജയ് പണം കൈമാറിയത്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ പത്തു ലക്ഷം രൂപ കൈമാറിയതിന് പിന്നാലെയാണ് പ്രിയതാരവും ഗോമതി മാരിമുത്തുവിന് സഹായ ഹസ്തവുമായി രംഗത്തെത്തിയത്.
ഗോമതിയുടെ വാക്കുകൾ കണ്ണ് നിറയ്ക്കുന്നത്
താൻ അനുഭവിച്ച യാതനകളും കഷ്ടപ്പാടുകളേയും പറ്റി ഗോമതി മാരിമുത്തു പറഞ്ഞ വാക്കുകൾ ഏവരുടേയും കണ്ണ് നിറയുമെന്ന് ഉറപ്പ്. അച്ഛനായിരുന്നു ഗോമതിയുടെ കരുത്ത്. എന്നാൽ ഒരു വാഹനാപകടത്തിൽ അച്ഛന്റെ കാലിന് സാരമായ പരിക്കേറ്റു. ഇതോടെ നടക്കാൻ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു, ടിവി എസ് എക്‌സ് എൽ സ്‌കൂട്ടർ. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്‌കൂട്ടറായിരുന്നു ഏക രക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛൻ ഈ സ്‌കൂട്ടറിൽ കൊണ്ടുവിടും. ഗോമതി പഴയകാലം ഓർത്തെടുക്കുന്നു.
എന്നാൽ മകൾ രാജ്യത്തിന്റെ അഭിമാനമായോപ്പോൾ അതുകാണാൻ അച്ഛനുണ്ടായിരുന്നില്ല. ക്യാൻസർ വന്ന് മാരിമുത്തു വർഷങ്ങൾക്ക് മുമ്പെ മരണത്തിന് കീഴടങ്ങി. വൈദ്യുതി പോലുമില്ലാത്ത തിരുച്ചിയിലെ ആ ഗ്രാമത്തിൽ അന്ന് ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടിയ കാലം ഗോമതിക്ക് ഒരിക്കലും മറക്കാനാകില്ല. ആകെ കുറച്ച് ഭക്ഷണമാണുണ്ടായിരുന്നത്. പലപ്പോഴും അഞ്ചംഗ കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാൽ എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമായിരുന്നു.
അതും പോഷകാഹാരം. ഇത് കൂടുതൽ പ്രതിസന്ധിയിലാക്കി. എന്നാലും ഞാൻ പരിശീലനത്തിന് പോകുമ്പോൾ അച്ഛൻ എനിക്കുള്ള ഭക്ഷണം എടുത്തുവെയ്ക്കും. പക്ഷേ അച്ഛന് കഴിക്കാൻ ഒന്നുമുണ്ടാകില്ല. പലപ്പോഴും കന്നുകാലികൾക്ക് കൊടുക്കാൻ വെച്ച തവിടായിരിക്കും അച്ഛന്റെ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കിൽ നിൽക്കുമ്പോഴെല്ലാം അത് ഓർമ്മയിലെത്തും. ഈ നിമിഷത്തിൽ എന്റെ അച്ഛൻ കൂടി അടുത്തുണ്ടായിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ദൈവം തന്നെയാണ് അച്ഛൻ.