ഫാന്‍സ് ശരിക്കും കഴുതകളാണ്'; താരങ്ങള്‍ കോടികള്‍ ഉണ്ടാക്കുന്നു ആരാധകര്‍ക്ക് എന്തുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്; തെറ്റ് ചെയ്തവര്‍ അത് തിരുത്താന്‍ ശ്രമിക്കണമെന്ന് സത്യരാജ്; താരാരാധനയുടെ ബലിമൃഗങ്ങള്‍ എന്ന് ജോയ് മാത്യു; ഭാവിയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിശാല്‍; കരൂര്‍ അപകടത്തില്‍ പ്രതികരിച്ച് താരങ്ങളും; മരിച്ചവര്‍ക്ക് അനുശോചനവുമായി മോഹന്‍ലാലും

Malayalilife
ഫാന്‍സ് ശരിക്കും കഴുതകളാണ്'; താരങ്ങള്‍ കോടികള്‍ ഉണ്ടാക്കുന്നു ആരാധകര്‍ക്ക് എന്തുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്; തെറ്റ് ചെയ്തവര്‍ അത് തിരുത്താന്‍ ശ്രമിക്കണമെന്ന് സത്യരാജ്; താരാരാധനയുടെ ബലിമൃഗങ്ങള്‍ എന്ന് ജോയ് മാത്യു; ഭാവിയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിശാല്‍; കരൂര്‍ അപകടത്തില്‍ പ്രതികരിച്ച് താരങ്ങളും; മരിച്ചവര്‍ക്ക് അനുശോചനവുമായി മോഹന്‍ലാലും

തമിഴ്നാട്ടിലെ കരൂരില്‍ നടന്‍ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് താരങ്ങളും. അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍ എ്ത്തി.

എന്നാല്‍ അതിരൂക്ഷ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. ആരാധനയുടെ പേരില്‍ സ്വന്തം ജീവന്‍ കളയാന്‍ തയ്യാറാകുന്ന ആരാധകര്‍ കഴുതകളാണെന്ന് അദ്ദേഹം തുറന്നടിച്ചു. സിനിമ താരങ്ങള്‍ അവരുടെ തൊഴില്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും, എന്നാല്‍ ആരാധകര്‍ സ്വന്തം സമയവും പണവും ആരോഗ്യവും കളഞ്ഞ് അവരെ കാണാന്‍ പോകുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി.

താരങ്ങള്‍ ഇതുവഴി കോടികള്‍ സമ്പാദിക്കുകയും പുതിയ വീടുകളും വാഹനങ്ങളും ബിസിനസുകളും തുടങ്ങുമ്പോള്‍, പല ആരാധകര്‍ക്കും സ്വന്തമായി സൈക്കിള്‍ പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. നടീ നടന്മാരോടുള്ള ആരാധനമൂത്ത് അവര്‍ക്കായി മരിക്കുവാന്‍ പോകുന്ന ഫാന്‍സ് ശരിക്കും കഴുതകളാണ്.. സിനിമാക്കാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. നിങള്‍ നിങ്ങളുടെ ജോലിയും, സമയവും , മൊബൈല്‍ ഡാറ്റയും, പണവും, ആരോഗ്യവും കളഞ്ഞു അവരുടെ ജോലി പോയി കാണുന്നു. അവര്‍ക്ക് ഇതിലൂടെ കോടികള്‍ ഉണ്ടാക്കുന്നു. എല്ലാ മാസവും പുതിയ ഫ്‌ളാറ്റ്, കാര്‍, ബിസിനസ് സ്ഥാപനങ്ങള്‍ ഇതിലൂടെ ഉണ്ടാക്കുന്നു. 

ഇതെല്ലാം കാണുന്ന വിഡ്ഢികളില്‍ പലര്‍ക്കും സ്വന്തമായ വീടില്ല, കാര്‍ പോയിട്ട് സൈക്കിള്‍ പോലും ഇല്ല. ഒരു അസുഖം വന്നാല്‍ പോലും കൈയ്യില്‍ പൈസ ഇല്ലാതെ വിഷമിക്കുന്നു. അതിനാല്‍ ഇനിയെങ്കിലും സിനിമ, ക്രിക്കറ്റ്, ഫുട്ബോള്‍ , രാഷ്ട്രീയത്തിലെ നേതാക്കന്മാരെ ആരാധിക്കേണ്ടതുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കുക. സിനിമ, ക്രിക്കറ്റ്, ഫുട്ബോള്‍ etc ഒരു രസത്തിന് ടൈം പാസ് ആയി മാത്രം കണ്ട് ഒഴിവാക്കുക. ഇവിടെ കലാകാരന്‍മാര്‍ ഇല്ല, കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസ്‌കാര്‍ മാത്രമേ ഉള്ളു. തമിള്‍നാട്ടിലെ കരൂരില്‍ സൂപ്പര്‍ താരം വിജയ് ജിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തിന് ഇടയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര് കൊല്ലപ്പെടുകയും , പരിക്കേല്‍ക്കുകയും ചെയ്തല്ലോ. ഉച്ചയ്ക്ക് അദ്ദേഹം വരും എന്നാണ് ആദ്യം പറഞ്ഞത്. അത് വിശ്വസിച്ചു നേരത്തെ അവിടെ എത്തിയ ആരാധകര് 7 മണിക്കൂര്‍ വൈകി എത്തിയ അദ്ദേഹത്തെ കണ്ട് നിര്‍വൃതി അടഞ്ഞു. അതും ഇത്രയും വിശപ്പ് , ദാഹം സഹിച്ചു കണ്ട്. ഈ സമയം ദാഹിച്ച് വലഞ്ഞ് നില്‍ക്കുന്ന മൂന്നു ലക്ഷം വരുന്ന ജനകൂട്ടത്തിന് നേരെ 3 കുപ്പിവെള്ളം എറിഞ്ഞ് കൊടുത്തതാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് പറയുന്നു. 

ഒരു സ്റ്റേഡിയത്തില്‍ കസേര നിരത്തി നടത്തേണ്ട പരിപാടി ബസിനു മുകളില്‍ കയറി 'ഷോ' കാണിച്ചതാണ് പാരയായത്. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും പൊതുസമ്മേളനം നടത്തുന്നത് നല്ല സുരക്ഷ ഒരുക്കിയാണ്. മൂന്ന് ലക്ഷം ആളുകളെ മാനേജ് ചെയ്യുക എന്നത് എളുപ്പമല്ല. ഇതിനായി മെയിന്‍ റോഡിന് പകരം ബീച്ച് ഏരിയാ, അല്ലെങ്കില്‍ പ്രതേകം കെട്ടി ഉണ്ടാക്കിയ വലിയ ഗ്രൗണ്ട് എക്‌സ്ട്രാ തെരഞ്ഞെടുക്കണം. സിനിമയല്ല ജീവിതം. സിനിമയല്ല രാഷ്ട്രീയം . രാഷ്ട്രീയ കളി വിജയ് ജിക്കു അത്ര പരിചയമില്ല. രാഷ്ട്രീയ പക്വത അത് വേറെയാണ്. പതുക്കെ ശരിയാകും എന്ന് കരുതാം. ജനക്കൂട്ടം വോട്ടാകില്ല. കമല്‍ ഹാസന്‍ ജി അദ്ദേഹത്തെ ഈ സംഭവത്തിന്റെ പേരില്‍ വിമര്‍ശിച്ചു. ഇത്തരം പൊതു പരിപാടിയില്‍ ആള്‍ കൂട്ടത്തിലേക്ക് 18 വയസ്സില്‍ താഴെ ഉള്ളവരേയും 65 വയസിനു മേലെ ഉള്ളവരേയും അനുവദിക്കരുത്, 500 പേര്‍ ഇടവിട്ട് ഒരു വേലി ഉണ്ടായിരിക്കണം, ആവശ്യത്തിനു കുടിവെള്ളവും ഉണ്ടായിരിക്കണം. ഇത് ലോകത്തെ ആദ്യത്തെ സംഭവം അല്ല. പല ക്ഷേത്രങ്ങളിലും, കായിക മൈതാനങ്ങളിലും ഇതുപോലെ അപകടം ഉണ്ടായിട്ടുണ്ട് , എത്രയോ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

എങ്കിലും വിജയ് ജി എവിടെ പരിപാടി അവതരിപ്പിച്ചാലും ആള്‍കൂട്ടത്തെ നിയന്ത്രിക്കുന്നത് കൂടി ചിന്തിക്കുക. അല്ലെങ്കില്‍ പണിപാളും.. വാല്‍ കഷ്ണം: ഈ പ്രശ്നത്തിന്റെ പേരില്‍ വിജയ്ക്കെതിരെ കേസ് കൊടുക്കേണ്ട ആവശ്യമില്ല. ഇതിന്റെ പേരില്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയും വേണ്ട. സിനിമ ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ വരുവാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനം ഒരിക്കലും മാറ്റരുത്. ആത്മാര്‍ഥതയുള്ള രാഷ്ട്രീയക്കാരന്റെ തീരുമാനം ആണത്. ഭാവിയില്‍ കുറച്ചു കൂടി ശ്രദ്ധിച്ചു രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുക. വിജയം നിങ്ങള്‍ക്ക് ഉണ്ടാകും എന്നാണ് പണ്ഡിറ്റ് കുറിചച്ചത്്

കരൂരിലുണ്ടായ റാലി ദുരന്തത്തില്‍ ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സത്യരാജും എത്തി  തെറ്റ് ചെയ്തവര്‍ അത് തിരുത്താന്‍ ശ്രമിക്കണമെന്നും, അറിയാതെ സംഭവിച്ചതാണെങ്കില്‍ ഭാവിയില്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഛെ' എന്ന് പറഞ്ഞാണ് സത്യരാജ് തന്റെ വിമര്‍ശനം അവസാനിപ്പിച്ചത്.

സംഭവത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ ആവശ്യപ്പെട്ടിരുന്നു. നടനും ബിജെപി നേതാവുമായ ശരത്കുമാറും വിജയ്യെ രൂക്ഷമായി വിമര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നടന്‍ വിശാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ ആവശ്യപ്പെട്ടു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഓവിയ ഈ പോസ്റ്റ് പിന്‍വലിച്ചു. ഇതിനെത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയയില്‍ നിന്ന് ഓവിയ കടുത്ത അധിക്ഷേപങ്ങള്‍ നേരിടുകയാണ്. വിജയ് ആരാധകര്‍ നടിയുടെ കമന്റ് ബോക്‌സിലും മെസേജുകളിലും അശ്ലീല വാക്കുകളും തെറിവിളികളും നടത്തുന്നു. 'അണ്ണനെപ്പറ്റി പറഞ്ഞാല്‍ ഉടമ്പ് ഇരിക്കും, ഉയിര്‍ ഇരിക്കാത്!' (അണ്ണനെക്കുറിച്ച് പറഞ്ഞാല്‍ ഉടല്‍ ഉണ്ടാകും, ജീവന്‍ ഉണ്ടാകില്ല!) എന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഓവിയ പങ്കുവെച്ച ചില കമന്റുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തെ 'നിശ്ചയമായും ഒഴിവാക്കാവുന്നതായ ദുരന്തമായിരുന്നു' എന്ന് വിശാല്‍ വിലയിരുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച അദ്ദേഹം, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും ആവശ്യപ്പെട്ടു. ''മുപ്പതിലധികം നിരപരാധികളുടെ മരണം അത്യന്തം ദുഃഖകരമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ ഹൃദയവും വേദനിക്കുന്നു. ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു,'' വിശാല്‍ കുറിച്ചു.

നടന്‍ ജോയ് മാത്യു ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. താരാരാധനയുടെ അതിരുകടന്ന പ്രവണതയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ് എന്നൊരു നടനെ കാണാന്‍ മാത്രമാണ് നിരപരാധികളായ ജനങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നത് ഹൃദയഭേദകമാണെന്നും, ഒരാളുടെ പ്രശസ്തി മനുഷ്യജീവിതത്തേക്കാള്‍ വിലപിടിപ്പുള്ളതാകരുതെന്നും ജോയ് മാത്യു വ്യക്തമാക്കി.

 ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ: താരാരാധനയുടെ ബലിമൃഗങ്ങള്‍ വിജയ് എന്ന തമിഴ് താരത്തെ കാണാന്‍ ,കേള്‍ക്കാന്‍ തടിച്ചുകൂടിയവരില്‍ നാല്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ പത്തിലധികം പേരും കുട്ടികള്‍. എന്തൊരു ദുരന്തം! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രകടനമാണോ ? അല്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാന്‍; കേള്‍ക്കാന്‍. 

താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നുംതന്നെയില്ലാത്ത സാദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കല്‍ പരിവേഷത്തില്‍ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും എന്നാണ് ഇവര്‍ മനസ്സിലാക്കുക? തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി. എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു താരത്തെക്കാണാനും കേള്‍ക്കാനും വന്ന് തിക്കുതിരക്കുകളില്‍പ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേര്‍ ബലിയാടുകളാകുന്നത് ആദ്യം. അധികാരത്തിനു വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ അതിവൈകാരികതയുടെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. എന്നാണ് ജോയ് മാത്യു കുറിച്ചത്

എന്നാല്‍, ദുരന്തത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖമുണ്ടെന്ന് വിജയ് ഇന്നലെ പ്രതികരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, പൊലീസ് അനുമതി ലഭിച്ചാല്‍ കരൂരിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

കരൂര്‍ ദുരന്തത്തെക്കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ നൂറിലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും, പത്തുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റവരെയും കണ്ടിരുന്നു.

Read more topics: # വിജയ്
vijay karror incident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES