തമിഴ്നാടിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സൂപ്പര്‍ താരം ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇനി തങ്ങള്‍ക്കൊരു എതിരാളികള്‍ ഇല്ലെന്ന് വിചാരിച്ച ഡിഎംകെ യ്ക്ക് വലിയൊരു തിരിച്ചടി ആയിരിന്നു വിജയ്യുടെ എന്‍ട്രി. ഇപ്പോഴിതാ, വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണറാലി നടത്തുന്നതിനിടെ നടന്ന സംഭവമാണ് വൈറലായിരിക്കുന്നത്. വഴിയരികിലെ മരത്തിന്റെ മുകളില്‍നിന്ന് അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് ഒരു ആരാധകന്‍ കുതിച്ചു ചാടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം വൈറലായി.
ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ കാട്ടുന്ന ആരാധകര്‍ക്ക് തലച്ചോറുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവം ആസൂത്രിതമാണോ എന്ന സംശയവും പലരും ഉന്നയിക്കുന്നു. വിജയ് തന്റെ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയിരിക്കുന്ന വലിയ ജനക്കൂട്ടത്തെ കൈവീശി കാണിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനിടെ, പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ട് വിജയ് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ആരാധകന്‍ മരത്തില്‍ നിന്ന് തന്റെ വാഹനത്തിലേക്ക് ചാടുന്നതാണ് കാണുന്നത്. ഒന്നു ഞെട്ടിയ അദ്ദേഹം തൊട്ടടുത്ത നിമിഷം ആരാധകനെ എഴുന്നേല്‍പ്പിക്കാന്‍ സഹായിക്കാന്‍ തുനിയുന്നതും ദൃശ്യത്തില്‍ കാണാം.
നടന്‍ പാര്‍ട്ടി നിറങ്ങളിലുള്ള ഒരു ഷാള്‍ അയാള്‍ക്ക് നല്‍കി. എന്നാല്‍ ഇതോടെ മറ്റൊരു ആരാധകനും അദ്ദേഹത്തെ കാണാന്‍ വാഹനത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമം നടത്തി. കൂടുതല്‍ പേര്‍ വാഹനത്തില്‍ കയറുന്നത് തടയാന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ വിജയ് വാഹനത്തിനുള്ളിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 'ഇതെന്ത് വിഡ്ഢിത്തമാണ്?' എന്ന തരത്തിലാണ് വീയോയ്ക്ക് ചിലര്‍ കമന്റുചെയ്തത്. 'രാഷ്ട്രീയക്കാരനായി മാറിയ ഒരു നടനെ കാണാന്‍ മരത്തില്‍നിന്ന് വാനിലേക്ക് ചാടുന്നോ?', 'വിജയ് ആരാധകര്‍ക്ക് തലച്ചോറുണ്ടോ?' 'ഇങ്ങനെയുള്ള വിഡ്ഢിത്തം ഞാന്‍ വെറുക്കുന്നു' എന്ന തരത്തിലായിരുന്നു പ്രതികരണങ്ങളില്‍ ഒന്ന്.
'ഇത് ആസൂത്രിതമാണെന്ന് തോന്നുന്നു' എന്നായിരുന്നു മറ്റൊരു പ്രതികരണം. ഒരാള്‍ അതിനെ 'ഭ്രാന്ത്' എന്നാണ് വിശേഷിപ്പിച്ചത്. ' 'പോക്കിരി'യിലെ വിജയിയുടെ രംഗം ബ്രോ യഥാര്‍ഥ ജീവിതത്തില്‍ പുനരാവിഷ്‌കരിച്ചു'വെന്നും ചിലര്‍ തമാശയോടെ പറയുന്നുണ്ട്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്.