സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയെ ഗൗരവത്തോടെ എടുത്ത് പോലീസ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് നടന്മാര്ക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ് നടപടികള്‍ തുടങ്ങിയത്. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഒരാള്‍ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കേസ് നിലവില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയല്‍ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം.
പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂ. ജനപ്രിയ സീരിയലിലെ താരങ്ങളാണ് പരാതിക്കാരിയും നടന്മാരും. പിന്നീട് നടി സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. നടന്മാര് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കും. ഇല്ലെങ്കില്‍ രണ്ടു പേരേയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കാത്തവര്‍ക്കും ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. എ.ഐ.ജി ജി. പൂങ്കുഴലിയെയാണ് നോഡല്‍ ഓഫിസര്‍ ആയി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ഹൈകോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്