ഇന്നലെയാണ് സീരിയല്‍ ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടന്‍ ബിജു സോപാനത്തിനെതിരെയും ശ്രീകുമാറിനെതിരെയും പൊലീസ് കേസെടുത്തത്. ഉപ്പും മുളകും എന്ന ഹിറ്റ് കോമഡി പരമ്പരയിലൂടെയാണ് ബിജു സോപാനം മലയാളി പ്രേക്ഷക മനസുകളില്‍ ഇടം നേടിയതെങ്കില്‍ മാറിമായം എന്ന സിറ്റ്കോമിലൂടെയാണ് ശ്രീകുമാര്‍ പ്രശസ്തനായത്. ഇരുവരും ഒരുമിച്ചത് ഉപ്പും മുളകിലൂടെയും ആയിരുന്നു. ഉപ്പും മുളകിലെ ബാലുവായി ബിജു സോപാനവും ശ്രീക്കുട്ടന്‍ പിള്ളയെന്ന കുട്ടുമാമനായി ശ്രീകുമാറും തകര്‍ത്ത് അഭിനയിച്ച ഈ പരമ്പരയുടെ ആരാധകരെ മുഴുവന്‍ ഞെട്ടിച്ച വാര്‍ത്തയാണ് ഇന്നലെ പുറത്തു വന്നത്. അതിനു കാരണമായത് ഒരു സീരിയല്‍ നടി ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ നല്‍കിയ കേസാണ്.
കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ ഇതു വാര്‍ത്തയായതോടെ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ സോഷ്യല്‍ മീഡിയയില്‍ നേരിട്ടെത്തി പ്രതികരിക്കുകയായിരുന്നു. ഒരു കായലിനു നടുവിലൂടെ യാത്രാ വേളയില്‍ പരസ്പരം ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണ് സ്നേഹ പങ്കുവച്ചത്. നിറയെ ഹാര്‍ട്ട് ഇമോജികള്‍ നല്‍കി ശ്രീകുമാറിനെ ടാഗ് ചെയ്താണ് ഈ ചിത്രം പങ്കുവച്ചതും. നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുള്ളതും. സീരിയല്‍ ഷൂട്ടിങ്ങിനിടെ നടിക്കെതിരെ ബിജു സോപാനവും ശ്രീകുമാറും ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ഡിഐജി പൂങ്കുഴലിയാണ് അന്വേഷിക്കുന്നത്.
നടിയുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് ആദ്യം കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേ സീരിയലില്‍ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടി മൊഴി കൊടുത്തിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടിയുടെ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിംഗിനിടെ ഇവര്‍ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താന്‍ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലില്‍ നിന്നും പിന്‍മാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.