മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം 'കാഴ്ച'യിലെ 'കൊച്ചുണ്ടാപ്രി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് യഷ് മാളവ്യ. 2001-ലുണ്ടായ ഗുജറാത്ത് ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, കുടുംബം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന കൊച്ചു കുട്ടിയുടെയും അവനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച് വളര്‍ത്തുന്ന മാധവന്റെയും (മമ്മൂട്ടി) കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലെ തേങ്ങലാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളി മനസ്സിനെ ഈറനണിയിക്കുന്ന 'കാഴ്ച' എന്ന സിനിമയെക്കുറിച്ചും അന്നത്തെ പരീക്ഷണങ്ങളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് യഷ് മാളവ്യ. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളത്തിലാണ് യഷ് ജനിച്ചതും വളര്‍ന്നതും. സിനിമ കാണുമ്പോള്‍ ഇപ്പോഴും താന്‍ ഏറെ വികാരാധീനാവാറുണ്ടെന്ന് യഷ് പറയുന്നു. ഹൃദയഭേദകമായ ഒരു സിനിമയാണതെന്നും ഇതുവരെ അങ്ങനെ വേറൊരു ചിത്രം താന്‍ കണ്ടിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ചിത്രം കാണുമ്പോള്‍ കരച്ചില്‍ അടക്കാന്‍ കഴിയാത്തതിനാല്‍ അധികം കാണാന്‍ മുതിരാറില്ലെന്നും യഷ് കൂട്ടിച്ചേര്‍ത്തു.
ഒരു ഗുജറാത്തി പയ്യനെ കേന്ദ്രകഥാപാത്രത്തിനായി അന്വേഷിച്ചാണ് ബ്ലെസി സാര്‍ എത്തുന്നതെന്ന് യഷ് ഓര്‍ത്തെടുക്കുന്നു. ഇവിടെ വെച്ച് നടന്ന ഓഡിഷനില്‍ തന്റെ ഡാന്‍സും പ്രകടനവും കണ്ടാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഓഡിഷനുശേഷം പ്രൊഡ്യൂസറെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ടേബിളിലിരുന്ന മുന്തിരിങ്ങ പേടിയൊന്നും കൂടാതെ എടുത്തു കഴിച്ച തന്റെ കുസൃതിയും ആത്മവിശ്വാസവും കണ്ടാണ് സിനിമയിലേക്ക് അന്തിമ തിരഞ്ഞെടുപ്പ് നടത്തിയത്. ചിത്രീകരണത്തിനിടയിലുണ്ടായ രസകരവും ബുദ്ധിമുട്ടേറിയതുമായ അനുഭവങ്ങളും യഷ് പങ്കുവെച്ചു.
'ഡപ് ഡപ് ജാനകി...' എന്ന ഹിറ്റ് പാട്ട് ചിത്രീകരിക്കുന്ന സമയത്ത് താന്‍ ഛര്‍ദ്ദിക്കുകയൊക്കെ ചെയ്തിരുന്നുവെന്നും ആ സമയത്ത് ബാലതാരമായി ഒപ്പമുണ്ടായിരുന്ന സനുഷ വലിയ പിന്തുണ നല്‍കിയിരുന്നുവെന്നും യഷ് പറഞ്ഞു. സനുഷയെ അടുത്തിടെ കണ്ടിരുന്നുവെന്നും സോഷ്യല്‍ മീഡിയ വഴി സംസാരിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയിലെ കരച്ചില്‍ രംഗങ്ങള്‍ക്കായി താന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിരുന്നില്ലെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലും യഷ് നടത്തി. കരയുന്ന ഷോട്ട് എടുക്കേണ്ട സമയത്ത് അച്ഛനെയും അമ്മയെയും തന്റെ അടുത്ത് നിന്ന് മാറ്റി നിര്‍ത്തുമായിരുന്നു.
അപ്പോള്‍ പേടിയും സങ്കടവും കാരണം താന്‍ സ്വാഭാവികമായി കരയാന്‍ തുടങ്ങുമെന്നും താരം പറയുന്നു. ഗുജറാത്തില്‍ ഭൂകമ്പം നടന്ന യഥാര്‍ത്ഥ സ്ഥലത്തായിരുന്നു ചിത്രീകരണം നടന്നത്. അത്തരമൊരു സീന്‍ ചിത്രീകരിക്കുന്നതിനായി ഒന്നൊന്നര ദിവസം തന്റെ മാതാപിതാക്കളെ തനിക്ക് കാണിച്ചു തരാതെ മാറ്റി നിര്‍ത്തിയിരുന്ന അനുഭവവും യഷ് ഓര്‍ത്തെടുത്തു. 'കാഴ്ച'യ്ക്ക് പുറമെ 'മൂന്നാമതൊരാള്‍' എന്ന ചിത്രത്തിലും യഷ് അഭിനയിച്ചിട്ടുണ്ട്