അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിക്കണമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യമാണ്. എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ താരം പറഞ്ഞു.
നടന്‍ കുറിച്ചത് ഇങ്ങനെ:
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം .-
കഴിഞ്ഞ ദിവസം ഗായിക കെ.എസ്. ചിത്രയും സമാനമായ ആവശ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. അയോദ്ധ്യ പ്രതിഷ്ഠാദിനത്തില്‍ വിളക്ക് തെളിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ചിത്രം പറഞ്ഞത്. ഇതിന് പിന്നാലെ ചിത്രയ്ക്ക് നേരെ വിമര്‍ശനവും വ്യാപക സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അതേസമയം ഗായികയെ പിന്തുണച്ചും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവന്‍ എല്ലാവരും വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. വാരണാസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂര്‍ ആസ്ഥാനമായുള്ള ശില്‍പി അരുണ്‍ യോഗിരാജ് ശില്‍പം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
ഏഴു ദിവസത്തെ ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ആചാരങ്ങളില്‍ വിവിധ തരത്തിലുള്ള പൂജകള്‍ ഉള്‍പ്പെടുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തര്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിലയിരുത്തല്‍.