ഈ ക്രിസ്മസ് മാര്‍ക്കോയ്ക്ക് സ്വന്തം... അവധിക്കാലത്ത് തീയേറ്ററുകള്‍ ഭരിക്കുകയാണ് മാര്‍ക്കോ ഷോകള്‍.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രത്തിന് ബോക്സ് ഓഫീസില്‍ ലഭിച്ചത്. ഉറപ്പായും ആദ്യ ആഴ്ചയില്‍ തന്നെ കളക്ഷന്‍ 50 കോടി കടക്കും എന്ന ഉറപ്പിലാണ് ബോക്സ് ഓഫീസ് കുതിപ്പ്. മൂന്നാം ദിവസത്തില്‍ 40 കോടി വേള്‍ഡ് വൈഡ് കളക്ഷനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിയേറ്ററിലേക്ക് പ്രേക്ഷകര്‍ നടന്നു കയറും മുന്‍പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ-സെയില്‍സ് നടന്ന അഞ്ചാമത് മലയാള ചിത്രം എന്ന ഖ്യാതിയും ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയ്ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഈ നേട്ടം കയ്യെത്തിപ്പിടിക്കുന്ന രണ്ടാമത് ചിത്രവുമാണിത്. ഇപ്പോളിതാ വിജയത്തില്‍ ഉണ്ണി മുകുന്ദനെ പുകഴ്ത്തി സംവിധായകന് വിനയനും കുറിപ്പ് പങ്ക് വച്ചു. യുവനടന്മാര്‍ ഉണ്ണി മുകുന്ദനെ കണ്ടുപഠിക്കണമെന്ന് വിനായകന്‍ അഭിപ്രായപ്പെട്ടു. ഒരു പാന്‍ ഇന്ത്യന്‍ താരമായി നടന്‍ ഉദിക്കട്ടെയെന്നും സംവിധായകന്‍ ആശംസിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ എന്ന ചിത്രത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിനയന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് 'മാര്‍ക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍ അത് തിയേറ്ററില്‍ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മാതാവിനേക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രൊമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യന്‍ താരം ഉദിക്കട്ടേ...ആശംസകള്‍
എന്നാല്‍'മാര്‍ക്കോ' കണ്ടിറങ്ങിയവര്‍ക്ക് നടന്‍ റിയാസ് ഖാന്‍ ചിത്രത്തില്‍ ഇല്ലയോ എന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ഇതിനിടെ മാര്‍ക്കോയുടെ ആദ്യ പ്രദര്‍ശനം കാണാനെത്തിയ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിനോടും റിയാസ് ഖാന്റെ സാന്നിധ്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം നല്‍കിയ മറുപടിയാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറലാവുകയാണ്.
സിനിമയുടെ ലൊക്കേഷന്‍ വിഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. അതേസമയം റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. '
'റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ (സെന്‍സറിങില്‍) പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്'-ഷെരീഫ് മുഹമ്മദിന്റെ വാക്കുകള്‍. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളുമായി ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നുണ്ട്.
രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
ചിത്രത്തിന്റെ ഒരു ആക്ഷന്‍ ടീസര്‍ പുറത്തിറക്കി കഴിഞ്ഞു അണിയറക്കാര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന 40 സെക്കന്‍ഡ് ടീസറില്‍ ഉണ്ണി മുകുന്ദന്റെ ഒരു പഞ്ച് ഡയലോഗും ഉണ്ട്. ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുകാ. ഇനിയിവിടെ ഞാന്‍ മതി, എന്നാണ് ആ ഡയലോഗ്.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തില്‍ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്.
ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകനും ചിത്രത്തില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് അഭിമന്യു ഇപ്പോള്‍. ആറ്റിറ്റിയൂഡും ലുക്കും നോട്ടവും കൊണ്ടുമെല്ലാം കഥാപാത്രത്തെ ഗംഭീരമാക്കിയ അഭിമന്യുവിനെ കുറിച്ച് ഷോബി തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.
തന്നെ വിളിച്ച് പറഞ്ഞിട്ടാണ് മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോയതെന്നും ആദ്യത്തെ സിനിമയില്‍ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതില്‍ ഒരുപാട് അഭിമാനിക്കുന്നുവെന്നും അവനത് നന്നായി ചെയ്യാന്‍ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ടെന്നും ഷോബി തിലകന്‍
'സന്തോഷം എന്ന് വെറുതെ പറഞ്ഞാല്‍ പോര. കാരണം എന്റെ ചേട്ടന്റെ മകനായത് കൊണ്ടുതന്നെ ഒരു വയസുമുതല്‍ ഞാന്‍ എടുത്തോണ്ട് നടന്ന ആളാണ്. എന്റെ ബൈക്കിന്റെ മുന്നിലിരുത്തി അവനെയും കൊണ്ട് കൊല്ലം ന?ഗരം ചുറ്റാന്‍ പോകാറുണ്ടായിരുന്നു. അവന്റെ ആ പ്രായത്തില്‍ കൊണ്ടുനടന്നിരുന്നത് ഞാന്‍ തന്നെയാണ്. അവനോടൊരു പ്രത്യേക സ്‌നേഹം എനിക്കുണ്ട്. എന്നെ വിളിച്ച് പറഞ്ഞിട്ടാണ് അവന്‍ മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോയത്.
ഒരുപാട് സന്തോഷം. 'അവന്‍ നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്. അവന്‍ നന്നായിട്ട് ഡബ്ബ് ചെയ്തിട്ടുണ്ട്. ശബ്ദം നന്നായിട്ടുണ്ട്. തിലകന്റെ പാരമ്പര്യം കാത്തു', എന്നാണ് പലരും തന്നോട് പറഞ്ഞതെന്ന് മകളെന്നോട് പറഞ്ഞിരുന്നു. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്. അഭിമന്യുവിനെ നമ്മള്‍ കേശു എന്നാണ് വിളിക്കുന്നത്. അച്ഛന്റെ അച്ഛന്റെ പേര് കേശവന്‍ എന്നാണ്. അതിന്റെ ചുരുക്കപ്പേരാണ് കേശു. അവന്‍ മാര്‍ക്കോയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ഭാവിയില്‍ കിട്ടട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുകയാണ്. ആദ്യത്തെ സിനിമയില്‍ തന്നെ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതില്‍ ഞാനും ഒരുപാട് അഭിമാനിക്കുന്നു. അവനത് നന്നായി ചെയ്യാന്‍ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ട്', എന്ന് ഷോബി പറയുന്നു.
ഞങ്ങളുടെ കുടുംബത്തില്‍ എടുത്തുപറയേണ്ടത് ഞങ്ങളുടെ ശബ്ദമാണ്. ആ ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. ആ ശബ്ദം തന്നെയാണ് തിലകന്‍ എന്ന വ്യക്തിയുടെ ഒരു ഐഡന്റിന്റിയും. ഏതോ ഒരു അഭിമുഖത്തില്‍ ഈ ശബ്ദം ഇല്ലായിരുന്നെങ്കില്‍ തിലകന്‍ എന്ന നടന്‍ ഉണ്ടാകുമോന്ന് ചോദിച്ചപ്പോള്‍, ഇല്ല ഒരിക്കലും ഉണ്ടാവില്ലായിരുന്നുവെന്നാണ് അച്ഛന്‍ മറുപടി നല്‍കിയത്', എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.