റിലീസിന് മുന്നേ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് 'മാര്‍ക്കോ'. ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. 22നാണ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നത് എന്നാല്‍ റിലീസ് ആയി മണിക്കൂറുകള്‍ക്കകം ഗാനം യൂട്യൂബ് ബാന്‍ ചെയ്യുകയായിരുന്നു. എക്സ്ട്രീം വയലന്‍സ് ആണെന്ന് ചൂണ്ടി കാട്ടിയായിരുന്നു നീക്കം ചെയ്തത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്തി ഗാനം വീണ്ടും അപ്ലോഡ് ചെയ്തിരുന്നു. 'ബ്ലഡ്' എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു.
എന്നാല്‍ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഗായകനെ നിര്‍മ്മാതാക്കള്‍ മാറ്റി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്റൂര് ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ആദ്യ ഗാനത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ ധാരാളമായി എത്തി.
തുടര്‍ന്നാണ് ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. ഇപ്പോഴിതാ സന്തോഷ് വെങ്കി പാടി ഗാനം പുറത്തിറക്കിയിട്ടുമുണ്ട്. അതേസമയം, സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്, മാത്യു വര്‍ഗീസ്, അര്ജുന് നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന് ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തില്‍ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മിക്കുന്നത്.