തമിഴ് നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വീണ്ടും വിവാദത്തില്‍. നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണ (നിവാ)യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്ത് റീപോസ്റ്റ് ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസങ്ങളും ഒഴുകിയെത്തുകയാണ്. ഉദയനിധി റീപോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ, ''അബദ്ധത്തില്‍ കൈ തട്ടിയതായിരിക്കാം'' എന്ന വാദവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എങ്കിലും ട്രോള്‍ പേജുകളും രാഷ്ട്രീയ എതിരാളികളും അദ്ദേഹത്തെ കടുത്ത പരിഹാസത്തിന് വിധേയനാക്കി.
നടിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതായും ചില ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ നിവായുടെ ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടെന്ന് വര്‍ധിച്ച് നാല് ലക്ഷം പിന്നിട്ടു. സംഭവം ചര്‍ച്ചയായതോടെ നിവാ തന്റെ പോസ്റ്റിന്റെ കമന്റ് വിഭാഗം ഓഫ് ചെയ്തിരിക്കുകയാണ്.
ഉദയനിധി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, വിവാദമായ റീപോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ബൂമറാങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടുകയും ബിഗ് ബോസ് തമിഴ് സീസണില്‍ പങ്കെടുക്കുകയും ചെയ്തതാണ് നിവാഷിയ്‌നി കൃഷ്ണ. ഇതേ രീതിയിലുള്ള ഒരു സംഭവം നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെയും ബാധിച്ചിരുന്നു. നടി അവ്‌നീത് കൗറിന്റെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തതിനെ തുടര്‍ന്ന് കോലി ട്രോളിലാകുകയും പിന്നീട് ''തെറ്റായി ലൈക്ക് ചെയ്തതാണെന്ന്'' വിശദീകരിക്കേണ്ടിവന്നതുമാണ് ഓര്‍മ്മപ്പെടുത്തപ്പെടുന്നത്.