Latest News

ബാഹുബലിയിലെ 'ഭല്‍വാദേവ'നുമായുള്ള പ്രണയം പൊളിഞ്ഞു; വ്യവസായി വരുണുമായുള്ള നിശ്ചയം വരെയത്തിയ ബന്ധവും ഒഴിവാക്കി; 'സൂചിലീക്‌സില്‍' സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്ന് വിവാദവും; മുറിഞ്ഞ ബന്ധങ്ങള്‍ക്കിടയിലും വിജയ്യുടെ ഇദയക്കനി; തൃഷ രണ്ടാം ജയലളിതയാവുമോ? 

എം റിജു
 ബാഹുബലിയിലെ 'ഭല്‍വാദേവ'നുമായുള്ള പ്രണയം പൊളിഞ്ഞു; വ്യവസായി വരുണുമായുള്ള നിശ്ചയം വരെയത്തിയ ബന്ധവും ഒഴിവാക്കി; 'സൂചിലീക്‌സില്‍' സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്ന് വിവാദവും; മുറിഞ്ഞ ബന്ധങ്ങള്‍ക്കിടയിലും വിജയ്യുടെ ഇദയക്കനി; തൃഷ രണ്ടാം ജയലളിതയാവുമോ? 

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരറാണി ആരാണെന്ന് ചോദിച്ചാല്‍, ഒറ്റ ഉത്തരമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ, നമ്മുടെ തിരുവല്ലക്കാരി നയന്‍താര. പക്ഷേ ഇപ്പോള്‍ 'ക്വീന്‍ ഓഫ് സൗത്ത് ഇന്ത്യ' എന്ന് അറിയപ്പെടുന്ന മറ്റൊരു താരറാണി, നയന്‍സിനെ കടത്തിവെട്ടിയിരിക്കയാണ്. പത്തുകോടിയാണ് നയന്‍താര പ്രതിഫലം വാങ്ങുന്നതെങ്കില്‍, 12 കോടി രൂപ പ്രതിഫലം വാങ്ങുന്നത് മറ്റാരുമല്ല, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ ഇദയക്കനിയായ തൃഷയാണ്. കമല്‍ഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്നു, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 12 കോടിയാണ് തൃഷക്ക് പ്രതിഫലം ഓഫര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും രസാവഹം വിജയുടെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ നേതാവുമായ ഉദയനിധിസ്റ്റാലിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളെന്നതാണ്! 

എല്ലാവിമര്‍ശനങ്ങളെയും കാറ്റില്‍പറത്തി വിജയ് അധികാരമേറ്റതോടെ, തൃഷയും ശ്രദ്ധാകേന്ദ്രമായിരിക്കയാണ്. കാരണം വിജയുമായുള്ള ബന്ധത്തിന്റെ പേരില്‍ അത്രയേറെ അപമാനങ്ങളാണ്, തൃഷയും സഹിച്ചത്. 2026 ഫെബ്രുവരിയില്‍ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതും, അതില്‍ വിജയിക്ക് ഒരു നടിയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചതും തൃഷയിലേക്കാണ് വിരല്‍ ചൂണ്ടിയത്. കുടുംബബന്ധങ്ങള്‍ക്ക് വലിയ വിലകൊടുക്കുന്ന തമിഴ്‌നാട്ടില്‍ ഈ വിവാഹമോചനം വിജയ്യെ ബാധിക്കുമെന്നാണ് എല്ലാവരും കരുതിയത്. സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത വിജയ് എങ്ങനെ ഒരു നാട് സംരക്ഷിക്കുമെന്ന്' ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയെങ്കിലും, എല്ലാവരെയും ഞെട്ടിച്ച് വിജയ് ജയിച്ചുകയറി. തുടര്‍ന്ന് തമിഴക വെട്രി കഴകം നേതാവായ വിജയിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ പങ്കെടുത്തതും വലിയ മാധ്യമശ്രദ്ധ നേടി. വിജയ്യുടെ സ്ഥാനാരോഹണ ചടങ്ങില്‍ അമ്മ ഉമാ കൃഷ്ണന്റെ ഒപ്പമാണ് തൃഷ ഇരുന്നതും. 

2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പോടെ വിജയിന്റെ പാര്‍ട്ടിയിലൂടെ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശക്തമായ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. വിജയ് ഒഴിഞ്ഞു നല്‍കിയ ട്രിച്ചി സീറ്റില്‍ തൃഷ മത്സരിക്കും എന്നതും ഊഹാപോഹങ്ങളുടെ പട്ടികയിലുണ്ട്. അതോടെ മറ്റൊരു ജയലളിതയുടെ ആരോഹണമാണോ തമിഴകം സാക്ഷ്യം വഹിക്കുക എന്നും ചോദ്യം ഉയരുന്നു. 

മിസ് ചെന്നൈയായി തുടക്കം

 ഇന്ത്യന്‍ സിനിമാലോക്ക് 'സൗത്ത് ക്വീന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടി തൃഷ 1983 മേയ് 4-ന് ചെന്നൈയില്‍ ഒരു തമിഴ് അയ്യര്‍ കുടുംബത്തിലാണ് ജനിച്ചത്. കൃഷ്ണന്‍, ഉമ കൃഷ്ണന്‍ എന്നിവരുടെ ഏക മകളാണ്. കൃഷ്ണന്‍ പ്രമുഖ ഹോട്ടല്‍ ശൃംഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഉമാ കൃഷ്ണന്‍ വീട്ടമ്മയായിരുന്നു. പിന്നീട് തൃഷയുടെ മാനേജറായി അമ്മ ഒപ്പം നിന്നു. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉമയ്ക്ക് സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മകളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ അത് നിരസിക്കുകയായിരുന്നു. ഒരു അപ്പര്‍ മിഡല്‍ക്ലാസ് കുടുംബമായിരുന്നു അത്. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് സുരക്ഷിതവും ആഡംബരപൂര്‍ണ്ണവുമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ സേക്രഡ് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂളിലായിരുന്നു തൃഷയുടെ വിദ്യാഭ്യാസം. ചെന്നൈ എതിരാജ് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. പഠനകാലത്ത് തന്നെ മോഡലിംഗില്‍ താല്പര്യം കാണിച്ച തൃഷ 1999-ല്‍ 'മിസ് ചെന്നൈ' കിരീടം ചൂടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 

നമ്മുടെ പ്രിയദര്‍ശനാണ് തൃഷയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. 1999-ല്‍ 'ജോഡി' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. 2002-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മൗനം പേസിയതേ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പക്ഷേ തൃഷയുടെ കരിയര്‍ ഉയരാന്‍ തുടങ്ങിയത് വിജയ്‌ക്കൊപ്പം വേഷമിട്ടപ്പോഴയാണ്. 2023-ല്‍ വിക്രമിന്റെ നായികയായി അഭിനയിച്ച സാമി എന്ന തമിഴ് ചിത്രം തൃഷയെ മുന്‍നിര നായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി. 2004-ല്‍ പ്രഭാസിനൊപ്പം അഭിനയിച്ച വര്‍ഷം എന്ന തെലുങ്ക് സിനിമയില്‍ തൃഷയ്ക്ക് വന്‍ ജനപ്രീതി നേടിക്കൊടുത്തു.

 2004-ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച 'ഗില്ലി' എന്ന ചിത്രം തൃഷയെ തെന്നിന്ത്യയിലെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തി. 'വിണ്ണൈത്താണ്ടി വരുവായാ' എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ 'ജെസ്സി' എന്ന കഥാപാത്രം തൃഷയുടെ കരിയറിലെ ഏറ്റവും മികച്ചതാണ്. 2018-ല്‍ '96' എന്ന ചിത്രത്തില്‍ വിജയ് സേതുപതിയോടൊപ്പം വേഷമിട്ട 'ജാനു' എന്ന കഥാപാത്രം തൃഷയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാം വരവിന് പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തില്‍ 'കുന്ദവൈ' രാജകുമാരിയായി തൃഷ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 

'ഗില്ലി', 'തിരുപ്പാച്ചി', 'ആദി', 'കുരുവി' എന്നീ ചിത്രങ്ങളിലെ വിജയ്-തൃഷ ജോഡികളുടെ കെമിസ്ട്രി വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായി. ഈ ഗോസിപ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് വിജയിന്റെ കുടുംബത്തിന്റെ ഇടപെടലുകള്‍ കാരണം ഇരുവരും 15 വര്‍ഷത്തോളം ഒരുമിച്ച് അഭിനയിച്ചില്ല. 2023-ല്‍ ലോകേഷ് കനകരാജ് ചിത്രം 'ലീയോ'യിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചപ്പോള്‍ അതും ഹിറ്റായി. പക്ഷേ അതോടെ തൃഷ വിവാദനായികയുമായി. വിജയ് തൃഷ ബന്ധം വീണ്ടും ചര്‍ച്ചയായി. 

ലളിതമായും സ്വാഭാവികമായും കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കാന്‍ തൃഷയ്ക്ക് പ്രത്യേക കഴിവുണ്ട്. നാടകീയതയില്ലാത്ത അഭിനയശൈലിയാണ് അവരുടേത്. ഡയലോഗുകളേക്കാള്‍ തൃഷയുടെ കണ്ണുകളാണ് പലപ്പോഴും വികാരങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. '96' ലെ ജാനുവും, 'വിണ്ണൈത്താണ്ടി വരുവായാ'യിലെ ജെസ്സിയും ഇതിന് ഉദാഹരണങ്ങളാണ്. ഗ്ലാമര്‍ വേഷങ്ങളായാലും രാജകീയ വേഷങ്ങളായാലും (ഉദാഹരണത്തിന് കുന്ദവൈ) അതീവ മനോഹരമായും പ്രൗഢിയോടെയും കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നു. ഒരേസമയം കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലെ നായികയായും, അതേസമയം തന്നെ 'അഭിയും നാനും', 'ഹേ ജൂഡ്' പോലുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് ചിത്രങ്ങളിലും ഒരുപോലെ തിളങ്ങാന്‍ തൃഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് അവര്‍ക്ക് സൗത്ത് ഇന്ത്യയിലെ താരറാണി എന്ന പേര് ചാര്‍ത്തിക്കൊടുത്തത്. പക്ഷേ കരിയറിന്റെ ഉന്നതിയില്‍നില്‍ക്കുമ്പോഴും അവരുടെ സ്വകാര്യ ജീവിതം വിവാദമായിക്കൊണ്ടിരുന്നു. 

റാണാ ദഗ്ഗുബതിയുമായി പിരിയുന്നു 
തെലുങ്ക് താരം റാണാ ദഗ്ഗുബതിയും ( ബാഹുബലിയിലെ ഭല്‍വാദേവന്‍) തൃഷയും തമ്മിലുള്ള ബന്ധം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ കാലം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. പ്രണയത്തിലാകുന്നതിന് മുന്‍പ് തന്നെ ഇരുവരും ഏകദേശം പത്ത് വര്‍ഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. വളരെക്കാലം ഇരുവരും തങ്ങളുടെ ബന്ധം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചിരുന്നുവെങ്കിലും, പൊതുവേദികളിലെയും അവാര്‍ഡ് നിശകളിലെയും ഒരുമിച്ചുള്ള സാന്നിധ്യം ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ടു. വര്‍ഷങ്ങളോളം ഗോസിപ്പുകളായി തുടര്‍ന്ന ഈ ബന്ധം 'കോഫി വിത്ത് കരണ്‍' എന്ന പ്രശസ്തമായ ടെലിവിഷന്‍ ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് റാണാ ദഗ്ഗുബതി പരസ്യമായി സമ്മതിച്ചത്. താനും തൃഷയും ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്നുവെന്നും ഇടയ്ക്ക് കുറച്ചുകാലം ഡേറ്റ് ചെയ്തിരുന്നുവെന്നും റാണ വെളിപ്പെടുത്തി. 

റാണയോ തൃഷയോ വേര്‍പിരിയലിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത ചില സാഹചര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായെന്നാണ് റാണാ ദഗ്ഗുബതി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രണയത്തേക്കാള്‍ തങ്ങള്‍ക്ക് നല്ലത് സൗഹൃദമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വേര്‍പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.തെലുങ്ക് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സിനിമാ കുടുംബങ്ങളില്‍ ഒന്നാണ് റാണയുടേത് (ദഗ്ഗുബതി-സുരേഷ് പ്രൊഡക്ഷന്‍സ് കുടുംബം). ഒരു നടി തങ്ങളുടെ കുടുംബത്തിലെ മരുമകളായി വരുന്നതിനോട് റാണയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നും, ഇതാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നും ശക്തമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

റാണയ്ക്ക് ബോളിവുഡ് നടി ബിപാഷാ ബസു, കന്നഡ നടി രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെയുള്ള മറ്റ് ചില നടിമാരുമായി ഉണ്ടായ സൗഹൃദങ്ങളും ലിങ്ക്-അപ്പുകളും തൃഷയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതായി തമിഴ്-തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രണയം തകര്‍ന്നുവെങ്കിലും തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്ന നല്ല സുഹൃത്തുക്കളായി ഇവര്‍ തുടരുന്നു. പിന്നീട് 2020 ഓഗസ്റ്റില്‍ റാണാ ദഗ്ഗുബതി തന്റെ കാമുകിയും ഇന്റീരിയര്‍ ഡിസൈനറുമായ മിഹീകാ ബജാജിനെ വിവാഹം കഴിച്ചു. 

മുടങ്ങിപ്പോയ വിവാഹ നിശ്ചയം

 2015-ല്‍ വ്യവസായിയായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് തൃഷ ഈ ബന്ധം വേണ്ടെന്നുവെച്ചു. ചെന്നൈയിലെ റേഡിയന്‍സ് ഗ്രൂപ്പ് എന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയും സിനിമാ നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷ പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. 

2015 ജനുവരി 23-ന് ചെന്നൈയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയം വളരെ ആഡംബരമായി നടന്നു. വരുണ്‍ മണിയന്റെ കുടുംബം തമിഴ്നാട്ടിലെ വളരെ യാഥാസ്ഥിതികവും സ്വാധീനമുള്ളതുമായ ഒരു ബിസിനസ്സ് കുടുംബമായിരുന്നു. വിവാഹശേഷം തൃഷ സിനിമ പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും വരുണിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരിയറിന്റെ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന തൃഷ അഭിനയം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. 

തൃഷയുടെ അമ്മ ഉമ കൃഷ്ണനും വരുണ്‍ മണിയന്റെ കുടുംബവും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. വിവാഹനിശ്ചയ ചടങ്ങിലേക്ക് തൃഷയുടെ അടുത്ത സുഹൃത്തായ നടന്‍ ധനുഷിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വരുണ്‍ മണിയന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരുണും ധനുഷും തമ്മില്‍ നേരത്തെ ചില ബിസിനസ്സ്/വ്യക്തിപരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തൃഷയുടെ നിര്‍ബന്ധപ്രകാരം ധനുഷ് ചടങ്ങില്‍ പങ്കെടുത്തത് വരുണിനെയും കുടുംബത്തെയും ചൊടിപ്പിച്ചു. 

വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെ കമല്‍ ഹാസന്‍ ചിത്രമായ 'തൂങ്കാവനം' എന്ന സിനിമയില്‍ അഭിനയിക്കാന്‍ തൃഷ കരാറൊപ്പിട്ടു. വിവാഹ തീയതി നിശ്ചയിക്കുന്നതിന് മുന്‍പ് പുതിയ സിനിമകള്‍ ചെയ്യരുതെന്ന വരുണിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശം തൃഷ തള്ളിക്കളഞ്ഞതോടെയാണ് ബന്ധം പൂര്‍ണ്ണമായി തകര്‍ന്നത്. 2015 മേയ് മാസത്തോടെ തൃഷ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വരുണ്‍ മണിയനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയും താന്‍ സിംഗിള്‍ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.പിന്നീട് ഒരു അഭിമുഖത്തില്‍, തെറ്റായ ഒരു വ്യക്തിക്കൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കാതെ ജീവിക്കുന്നതാണെന്ന് തൃഷ വ്യക്തമാക്കുകയുണ്ടായി. കരിയറിന് മുന്‍ഗണന നല്‍കിക്കൊണ്ട് തൃഷ എടുത്ത ഈ തീരുമാനം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. 

സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട സൂചിലീക്‌സ് 

'സുചി ലീക്സ്' വിവാദവും തമിഴ് സിനിമാ ലോകത്തെ ഒന്നാകെ പിടിച്ചുലതായിരുന്നു. പ്രശസ്ത ഗായികയും റേഡിയോ ജാക്കിയുമായ സുചിത്ര രാമദുരൈയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്. ഇതില്‍ പ്രധാന ഇരകളില്‍ ഒരാളായിരുന്നു നടി തൃഷ. 2017-ലാണ് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ധനുഷ്, അനിരുദ്ധ്, തൃഷ, റാണാ ദഗ്ഗുബതി, ആന്‍ഡ്രിയ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പാര്‍ട്ടികളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. നടന്‍ റാണാ ദഗ്ഗുബതി തൃഷയെ ചുംബിക്കുന്ന ചിത്രവും, ധനുഷിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങളുമാണ് തൃഷയുടേതായി അന്ന് പ്രചരിച്ചത്. കോളിവുഡിലെ പ്രമുഖ താരങ്ങള്‍ മയക്കുമരുന്നിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഒത്താശ ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും ഈ അക്കൗണ്ടിലൂടെ ഉന്നയിക്കപ്പെട്ടു. 

സംഭവം വലിയ വിവാദമായതോടെ, സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ അറിയിച്ചു. സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആ ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തതല്ലെന്നും കുടുംബം വ്യക്തമാക്കി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍, താന്‍ ആ ചിത്രങ്ങള്‍ ലീക്ക് ചെയ്തിട്ടില്ലെന്നും ധനുഷും അനിരുദ്ധും തൃഷയും ചേര്‍ന്ന് തന്നെ തകര്‍ക്കാന്‍ വേണ്ടി ഒപ്പിച്ച പണിയായിരുന്നു അതെന്നും സുചിത്ര ആരോപിച്ചിരുന്നു. 

2017-ലെ സുചി ലീക്‌സിന് ശേഷവും തൃഷയും സുചിത്രയും തമ്മിലുള്ള ശത്രുത അവസാനിച്ചിട്ടില്ല. അടുത്തിടെയായി (2026 മാര്‍ച്ച് - മേയ് മാസങ്ങളില്‍) സുചിത്ര, തൃഷയ്ക്കെതിരെ വീണ്ടും അതീവ ഗുരുതരമായ വ്യക്തിപരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ തൃഷ പങ്കെടുത്തതിനെ സുചിത്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിജയ് തന്റെ മാതാപിതാക്കളില്‍ നിന്നും ഭാര്യ സംഗീതയില്‍ നിന്നും അകന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നതെന്നും, ഈ സാഹചര്യം മുതലെടുത്ത് വിജയ്യുടെ ജീവിതത്തിലേക്ക് കയറിക്കൂടിയ ഇത്തിള്‍ക്കണ്ണിതാണ്, തൃഷയെന്നുമാണ് സുചിത്രയുടെ ആരോപണം. 

വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതിന് പിന്നില്‍ തൃഷയാണെന്നും, വിജയിയെ തൃഷ തന്റെ സ്വാധീനവലയത്തിലാക്കിയിരിക്കുകയാണെന്നും സുചിത്ര പരസ്യമായി പറഞ്ഞു. തൃഷ ഒരു 'ബൈസെക്ഷ്വല്‍' ആണെന്നും തമിഴകത്തെ ഒരു പ്രമുഖ മുതിര്‍ന്ന നടിയുമായി തൃഷയ്ക്ക് രഹസ്യ ബന്ധമുണ്ടെന്നുമുള്ള തികച്ചും വ്യക്തിപരമായ ആരോപണങ്ങള്‍ സുചിത്ര ഉന്നയിച്ചു. തായ്ലന്‍ഡില്‍ വെച്ച് ഇരുവരും വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയതായും സുചിത്ര മാധ്യമങ്ങളോട് പറയുകയുണ്ടായി. 

സുചിത്രയുടെ ഈ ആരോപണങ്ങളോട് തൃഷ നേരിട്ട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'സ്‌നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്' എന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ തൃഷ ശ്രമിച്ചിരുന്നു. കൂടാതെ, സുചിത്ര ഉന്നയിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ ശ്രമങ്ങള്‍ മാത്രമാണെന്നാണ് തൃഷയുടെ ആരാധകരും സിനിമാ ലോകവും വിലയിരുത്തുന്നത്. 

തൃഷ രണ്ടാം ജയലളിതയാവുമോ? 

നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും തമിഴ്നാട് രാഷ്ട്രീയത്തിലെ സമീപകാല മാറ്റങ്ങളും മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വിജയ്-തൃഷ കൂട്ടുകെട്ടിനെ എം.ജി.ആര്‍-ജയലളിത കോമ്പോയുമായി താരതമ്യം ചെയ്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എംജിആറിന്റെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ജയലളിത. വിവാഹിതനായ എംജിആറും ജയയുമായുള്ള ബന്ധം 'ഇരുവര്‍' സിനിമയിടക്കം വന്നതാണ്. എംജിആര്‍ ജയയെ പ്രചാരണവിഭാഗം സെക്രട്ടറിയായി വെച്ചപ്പോള്‍, സ്വന്തം പാര്‍ട്ടിയില്‍നിന്നാണ് ഏറ്റവും വലിയ എതിര്‍പ്പ് വന്നത്. എംജിആറിന്‍െ വെപ്പാട്ടി എന്ന നിലയില്‍പോലും അവര്‍ പരിഹസിക്കപ്പെട്ടു. 

എംജിആര്‍ മരിച്ചപ്പോള്‍ ആ ശവഘോഷയാത്രയില്‍നിന്നുപോലും അവര്‍ ആട്ടിയറക്കപ്പെട്ടു. പക്ഷേ ജയലളിത പിന്നീട് തമിഴകത്തിന്റെ 'അമ്മ'യായി. വിമര്‍ശകരുടെയെല്ലാം വായമൂടിക്കെട്ടി. തൃഷയെ 'രണ്ടാം ജയലളിത' എന്ന് ചില ആരാധകര്‍ വിശേഷിപ്പിക്കുന്നതിന് പിന്നിലും സിനിമയും വ്യക്തിജീവിതവും രാഷ്ട്രീയവും കലര്‍ന്ന ചില സമാനതകളുണ്ട്. തമിഴ് സിനിമാ ചരിത്രത്തില്‍ എം.ജി.ആര്‍ - ജയലളിത കൂട്ടുകെട്ട് എത്രത്തോളം ജനപ്രിയമായിരുന്നോ, അതുപോലെ സമകാലിക സിനിമയിലെ ഏറ്റവും വലിയ വിജയ കൂട്ടുകെട്ടാണ് വിജയ്യും തൃഷയും. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവമായതോടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയില്‍ തൃഷയ്ക്കും പങ്കുണ്ടാകുമെന്ന് ആരാധകര്‍ കരുതുന്നു. 

തൃഷയും ജയലളിതയും ചെന്നൈയിലെ ഒരേ സ്‌കൂളിലാണ് പഠിച്ചത് (ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ്). രണ്ടുപേരും തമിഴ് കൂടാതെ മറ്റിതര ഭാഷകളിലും തിളങ്ങിയ മുന്‍നിര നായികമാരാണ്. കൂടാതെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയിലെ 'കുന്ദവൈ' രാജകുമാരിയെ അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനമായത് ജയലളിതയുടെ വ്യക്തിത്വമാണെന്ന് തൃഷ വെളിപ്പെടുത്തിയിരുന്നു. ജയലളിതയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും തൃഷ പലതവണ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ രാഷ്ട്രീയ സത്യപ്രതിജ്ഞാ ചടങ്ങിലും മറ്റും തൃഷയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ, വിജയ്ക്ക് ശേഷം തൃഷ തമിഴ് രാഷ്ട്രീയത്തിലെ ശക്തയായ വനിതാ നേതാവായി മാറുമോ എന്ന തരത്തിലുള്ള വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്നുണ്ട്.

ഇനി ആരാധകര്‍ കാത്തുനില്‍ക്കുന്നത് രണ്ട്കാര്യങ്ങളാണ്. ഒന്ന് വിജയ്- തൃഷ വിവാഹം. രണ്ട്, തൃഷയുടെ രാഷ്ട്രീയ പ്രവേശനം. രണ്ടിടത്ത് മത്സരിച്ച് ജയിച്ച വിജയ് ഒഴിഞ്ഞു നല്‍കിയ ട്രിച്ചി സീറ്റില്‍ തൃഷ മത്സരിക്കും എന്നതും ഊഹാപോഹങ്ങളുടെ പട്ടികയിലുണ്ട്. പക്ഷേ തനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്പര്യമില്ലെന്നും ഒരു നടിയായി തുടരാനാണ് ആഗ്രഹമെന്നും തൃഷ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ അവര്‍ ഉറച്ചുനില്‍ക്കുമോ എന്ന് കണ്ടറിയണം. 

Read more topics: # ,# തൃഷ
trisha krishnan in tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES