സിനിമാ താരം തൃഷയ്‌ക്കെതിരേ പൊതുറാലിയില്‍ വെച്ച് അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഡി.എം.കെ. നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരേ ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കി വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ.). ഉദയനിധിയുടെ പരാമര്‍ശം അത്യന്തം അപലപനീയവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ. ദേശീയ വനിതാ കമ്മീഷനെ (എന്‍.സി.ഡബ്ല്യു.) സമീപിച്ചത്. സംഭവത്തില്‍ ഉദയനിധിക്കെതിരേ കേസെടുക്കണമെന്നും ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിവാദ സംഭവം. തമിഴ്‌നാടിന് കാവേരി വെള്ളത്തിന്റെ ഒരു തുള്ളി പോലും ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് നിഷ്‌ക്രിയനാണെന്നും ഉദയനിധി ആരോപിച്ചിരുന്നു. പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ചിലര്‍ 'തൃഷ, തൃഷ' എന്ന് മുദ്രാവാക്യം വിളിച്ചതോടെ, പ്രസംഗം നിര്‍ത്തിവെച്ച് അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയായിരുന്നു.
പൊതുവേദിയില്‍ വെച്ച് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും വസ്തുവല്‍ക്കരിക്കുകയും ചെയ്യുന്ന പരാമര്‍ശമാണ് ഉദയനിധി നടത്തിയതെന്ന് ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ടി.വി.കെ. ചൂണ്ടിക്കാട്ടി. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടാകുന്നത് പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും അധിക്ഷേപങ്ങളെയും സ്വാഭാവികവല്‍ക്കരിക്കാന്‍ ഇടയാക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ഉദയനിധിക്ക് നോട്ടീസ് അയക്കണമെന്നും ടി.വി.കെ. ആവശ്യപ്പെട്ടു.
ഉദയനിധിയുടെ പരാമര്‍ശത്തിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് ടി.വി.കെ. ആഹ്വാനം ചെയ്തിട്ടുണ്ട്. ഉദയനിധിയുടേത് നിന്ദ്യവും തരംതാണതുമായ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ടി.വി.കെ. എം.എല്‍.എ. രേവന്ത് ചരണ്‍ വിമര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരേ ബി.ജെ.പിയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഉദയനിധിയുടെ പ്രസംഗം അങ്ങേയറ്റം അശ്ലീലവും നാണംകെട്ടതുമാണെന്ന് തമിഴ്‌നാട് ബി.ജെ.പി. വക്താവ് നാരായണന്‍ തിരുപ്പതി പ്രതികരിച്ചു. പൊതുവേദിയില്‍ വെച്ച് സ്ത്രീകളെ ഇത്തരത്തില്‍ അധിക്ഷേപിച്ച ഉദയനിധിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദയനിധിയുടെ തരംതാണ പ്രസംഗത്തിനെതിരേ ഡി.എം.കെ. നേതൃത്വം മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും ബി.ജെ.പി. ആരോപിച്ചു.
നേരത്തെയും വിജയ്യെയും തൃഷയെയും ലക്ഷ്യമിട്ട് ചില രാഷ്ട്രീയ നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തമിഴ്‌നാട് ബി.ജെ.പി. നേതാവ് നൈനാര്‍ നാഗേന്ദ്രന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ മുന്‍പ് തൃഷയുടെ ലീഗല്‍ ടീം നിയമനടപടി സ്വീകരിച്ചിരുന്നു.