മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മക്കുള്ളിലെ തര്‍ക്കം പോലീസ് കേസിലേക്ക് നീങ്ങുകയാണ്. നടന്‍ ടിനി ടോമിനെതിരായ പരാതി നിയമപരമാക്കാനാണ് അന്‍സിബയുടെ നീക്കം. ഇന്ന് പോലീസില്‍ അന്‍സിബ പരാതി നല്‍കിയേക്കും. നടി അന്‍സിബ ഉന്നയിച്ച പരാതിയെ പരിഹസിച്ച് നടന്‍ ടിനി ടോം അയച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതോടെ ഇതോടെ കേസില്‍ അന്‍സിബക്ക് അനുകൂലമായ ഡിജിറ്റല്‍ തെളിവുകളുമായി മാറുകയാണ്.
മതപരമായ വാര്‍ത്തകള്‍ ഓഹരി വിപണി നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നല്‍കിയ പരാതിയില്‍ സംഘടന നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അന്‍സിബ ആവശ്യപ്പെട്ടപ്പോഴാണ്, അത് 'ഊള കേസ്' ആണെന്ന തരത്തില്‍ ടിനി ടോം മറുപടി നല്‍കിയത്. 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്നു വന്ന പരാതികളില്‍ സംഘടന ഇടപെടണമെന്ന് അന്‍സിബ ആവശ്യപ്പെട്ടപ്പോള്‍, ഇത്തരം 'ഊള കേസുകള്‍' സംഘടനയിലല്ല, സ്റ്റേഷനിലാണ് കൊണ്ടുപോയി കൊടുക്കേണ്ടതെന്നാണ് ടിനി ടോം മറുപടി നല്‍കിയത്.
ഈ വിഷയത്തില്‍ മുതിര്‍ന്ന താരങ്ങളോട് സംസാരിക്കുന്നുണ്ടെന്ന് ടിനി ടോം ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ തന്നോട് പറയേണ്ടതില്ലെന്ന് അന്‍സിബ മറുപടി നല്‍കുന്നു. അന്‍സിബയ്ക്കെതിരെ നേരത്തെ ടിനി ടോം ഗുരുതരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ഈ ചാറ്റുകളിലൂടെ കൂടുതല്‍ വ്യക്തമാവുകയാണ്. അന്‍സിബ മറ്റൊരാളുടെ മകനെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നും 'ജിഹാദി'യാണെന്നും തരത്തിലുള്ള പ്രചാരണങ്ങള്‍ ടിനി ടോം നടത്തിയതായി അന്‍സിബ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളില്‍, ആരോപണവിധേയനായ രാജീവ് എന്ന വ്യക്തി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന്‍ മതം മാറിയിട്ടില്ലെന്നും അന്‍സിബയുടെ ഭാഗത്തുനിന്ന് അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാജീവ് ഓഡിയോയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതേ രാജീവ് തന്നോട് പറഞ്ഞ ചില രഹസ്യങ്ങള്‍ താന്‍ പുറത്തുപറയുന്നില്ല എന്നാണ് ടിനി ടോം വാട്സ്ആപ്പ് ചാറ്റില്‍ അന്‍സിബയെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സംഘടനയിലെ ഭാരവാഹികള്‍ തമ്മില്‍ത്തന്നെ പരസ്യമായ ചേരിതിരിവിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബയ്ക്കെതിരെ, വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ സംഘടന ഒരു അന്വേഷണ കമ്മീഷനെ വെക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ അവഹേളിക്കുന്ന നിലപാടാണ് മറ്റ് ഭാരവാഹികളില്‍ നിന്നുണ്ടായത്.
താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് അന്‍സിബ പ്രതികരിച്ചു. ടിനി ടോമിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അന്‍സിബയുടെ തീരുമാനം. നിലവില്‍ പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും കേസില്‍ അന്‍സിബയ്ക്ക് അനുകൂലമായ ശക്തമായ ഡിജിറ്റല്‍ തെളിവുകളായി മാറും. ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അന്‍സിബ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി അമ്മയില്‍ പറഞ്ഞട്ട് കാര്യമില്ലെന്നും അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നുമായിരുന്നു അവരുടെ പ്രതികരണം.
പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസ് വനിത സെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി. ഇന്നലെ അന്‍സിബയുടെ ശബ്ദസന്ദേശവും മറുനാടന്‍ പുറത്തുവിട്ടിരുന്നു. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് അന്‍സിബ ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തനിക്ക് 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നിട്ട് നീതി ലഭിക്കാത്തതുകൊണ്ടാണ് പുറത്തിറങ്ങി കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് അന്‍സിബ ഓഡിയോയില്‍ വ്യക്തമാക്കുന്നത്. താന്‍ ധൈര്യത്തോടെ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുമ്പോള്‍ അതിനെ വെറും 'പരദൂഷണം' എന്ന് പറഞ്ഞ് ഒതുക്കാനാണ് സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നത്. ഈ സംഘടന ഇനിയെങ്കിലും നന്നാവാനും സ്ത്രീകള്‍ക്ക് നീതി ലഭിക്കാനും വേണ്ടിയാണ് താന്‍ പോരാടുന്നത്. എപ്പോഴും പുരുഷന്മാരെ മാത്രം പിന്തുണയ്ക്കുന്ന പ്രവണതയാണ് ഇവിടെയുള്ളത്. താന്‍ സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെ മോശക്കാരിയാക്കാന്‍ സംഘടനയിലെ ചില സ്ത്രീകളെക്കൊണ്ട് തന്നെ തനിക്കെതിരെ സംസാരിപ്പിക്കുകയാണെന്നും അന്‍സിബ സങ്കടത്തോടെ പറയുന്നത് വ്യക്തമാണ്.
നടന്‍ ടിനി ടോം തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് നടി നീനാ കുറുപ്പ് തന്നോട് വെളിപ്പെടുത്തിയിരുന്നു. മറ്റ് ചില അംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ടിനി ടോം അന്‍സിബയെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞത്. ഇതിന് സാക്ഷി പറയാന്‍ നീനാ കുറുപ്പ് തയ്യാറായി മുന്നോട്ടുവരികയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടിനി ടോമിനെ സംരക്ഷിക്കാന്‍ വേണ്ടി സംഘടനയിലെ മറ്റ് ചില സ്ത്രീകള്‍ രംഗത്തുവരുന്നത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും, നീനാ കുറുപ്പിന്റെ പരാതി കത്ത് ഒരിക്കലെങ്കിലും വായിച്ചാല്‍ ആരും ടിനി ടോമിനെ പിന്തുണയ്ക്കില്ലെന്നും അന്‍സിബ പറയുന്നു. അന്‍സിബയ്ക്ക് നേരെ സംഘടനയ്ക്കുള്ളില്‍ നിന്നും 'ജിഹാദി' എന്ന വിളിപ്പേര് ഉണ്ടായതിന് പിന്നില്‍ ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെ എതിര്‍ത്തതു കൊണ്ടാണ്. 'അമ്മ'യുടെ ഒരു പരിപാടിക്ക് വേണ്ടി എറണാകുളം വെണ്ണലയിലുള്ള ഒരു ക്ഷേത്രം ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി എത്താന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ക്ഷേത്രമോ പള്ളിയോ മോസ്‌കോ ആകട്ടെ, ഒരു മതസംഘടനയും സംഘടനയുടെ പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകാന്‍ പാടില്ലെന്നും അത് മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ കാരണമാകും എന്നുമായിരുന്നു അന്‍സിബയുടെ നിലപാട്. ഇതിന്റെ പേരില്‍ അന്‍സിബ മുസ്ലിം ആയതുകൊണ്ട് മാത്രം അവരെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു.