പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മാന്യമായ വസ്ത്രധാരണം പുലര്‍ത്തണമെന്ന് തുറന്നടിച്ച് മുതിര്‍ന്ന നടി തെസ്‌നി ഖാന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുത്ത ചടങ്ങില്‍ പുതുമുഖ നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ചന്ദ്രന്‍ അണിഞ്ഞ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ടാണ് തെസ്‌നി ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. കൊച്ചിയില്‍ നടന്ന ഒരു പ്രമുഖ സ്വര്‍ണക്കടയുടെ ഉദ്ഘാടനച്ചടങ്ങിനിടെ വി.ഡി. സതീശനൊപ്പം ഐശ്വര്യ ചന്ദ്രന്‍ ഫോട്ടോയെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് വസ്ത്രധാരണത്തില്‍ പുലര്‍ത്തേണ്ട ഔചിത്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് തെസ്‌നി ഖാന്‍ തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.
പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സമ്മതിക്കുമ്പോഴും, ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും പ്രമുഖരും പങ്കെടുക്കുന്ന ഔദ്യോഗിക വേദികളില്‍ മാന്യത പാലിക്കണമെന്ന് താരം കുറിച്ചു. നല്ല നിലവാരമുള്ള സദസ്സുകളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നത് ഉചിതമായ കാര്യമാണെന്നും അവര്‍ കമന്റില്‍ വ്യക്തമാക്കി.
നടിയുടെ അഭിപ്രായപ്രകടനത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. വാര്‍ത്ത വലിയതോതില്‍ പ്രചരിച്ചതോടെ പൊതുവേദികളിലെയും ഔദ്യോഗിക ചടങ്ങുകളിലെയും വസ്ത്രധാരണരീതികളെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകള്‍ക്കാണ് സമൂഹമാധ്യമങ്ങളില്‍ വഴിതുറന്നിരിക്കുന്നത്. അതേസമയം, പ്രശസ്ത ഫുഡ് വ്‌ലോഗറും സംരംഭകയുമായ ഐശ്വര്യ ചന്ദ്രന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വേളയിലാണ് ഈ സംഭവം. 'പണി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പരിപാടി' എന്ന പുതിയ സിനിമയിലെ നായികയാണ് ഐശ്വര്യ.
സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി കമന്റ് 'എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന്‍ പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം, അതിനുള്ള പെര്‍മിഷനും അവകാശവുമുണ്ട്. പക്ഷേ ഒരു പ്രതിപക്ഷ നേതാവൊക്കെ വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡുള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നുഎന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്.
പിന്നാലെ തെസ്നി ഖാനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് എത്തിയത്. 'ഇതാണോ ഇപ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നം? നാട് മൊത്തം വെള്ളം കേറി ജനങ്ങള്‍ മൊത്തം ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തില്‍, ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇട്ടു അതിനു മഴയുടെ ബിജിഎം കേറ്റി ഉദ്ഘാടനത്തിനും വിരുന്നിനും പോകുന്നത് ഒരു പ്രശ്നം അല്ല. ഒരു മുഖ്യന്‍, അയാള്‍ക്കു ബോധം ഇല്ല. അത് ആര്‍ക്കും പ്രശ്നം അല്ല. അതില്‍ പങ്കെടുക്കുന്ന ആളുകളുടെ ഡ്രസ്സിന്റെ അളവ് ആണ് പ്രശ്നം' എന്നായിരുന്നു ഒരാളുടെ പ്രതികരണം.