കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ വിജയ് വര്‍മ. പ്രഖര്‍ ഗുപ്തയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് താനും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയത്. ഹൈദരാബാദില്‍ സിനിമയിലും മോഡലിങ്ങിലും അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചിരുന്ന കാലത്തായിരുന്നു ഈ അനുഭവം ഉണ്ടായത്. മോഡലിങ് ചെയ്തിരുന്ന സമയത്ത് ഒരു മോഡല്‍ കോര്‍ഡിനേറ്ററില്‍ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് വിജയ് വര്‍മ ഓര്‍ക്കുന്നു. 'ഹൈദരാബാദില്‍ ചെറിയ തോതില്‍ മോഡലിങ് ഒക്കെ ചെയ്ത് വരുന്ന സമയമായിരുന്നു. ആ സമയത്താണ് ഞാനൊരു വിചിത്ര മോഡല്‍ കോര്‍ഡിനേറ്ററെ കണ്ടുമുട്ടിയത്.
അയാള്‍ എന്നോട് അല്പം മോശമായി പെരുമാറാന്‍ തുടങ്ങി. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഞാന്‍ ചോദിച്ചു, 'ബ്രോ, ഇത് എന്താണ്? നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്ന്. അപ്പോള്‍ തന്നെ ഞാന്‍ അയാളെ നിരുത്സാഹപ്പെടുത്തി'- നടന്‍ വ്യക്തമാക്കി.തുടക്കക്കാരനായിരുന്നതുകൊണ്ട് ആ സംഭവം തന്നെ ഏറെ നിരാശനാക്കിയെന്നും എന്നാല്‍ അതിനെ ധൈര്യത്തോടെ നേരിടാന്‍ തന്നെയാണ് താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഭിനയമാണ് തനിക്ക് വേണ്ടതെങ്കില്‍ ആ പാതയില്‍ തന്നെ മുന്നോട്ട് പോയേ മതിയാകൂ എന്ന് അപ്പോള്‍ ഉറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അദ്ദേഹം മോഡലിങ് രംഗം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എങ്കിലും അഭിനയത്തിലേക്കുള്ള വഴികളും വിജയ് വര്‍മയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. ഹൈദരാബാദിലെ പ്രശസ്തമായ 'സൂത്രധാര്‍ സ്‌കൂള്‍ ഓഫ് ആക്ടിങ്ങി'ല്‍ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവര്‍ അദ്ദേഹത്തെ നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) അപേക്ഷിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ പ്രവേശനം ലഭിച്ചില്ല. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ വീണ്ടും പരിശ്രമിച്ച താരം, രണ്ടാം ശ്രമത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന കാലത്ത് രാജ്കുമാര്‍ റാവു, ജയ്ദീപ് അഹ്ലാവത് തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അഭിനയം പരിശീലിക്കാന്‍ സാധിച്ചതും കരിയറില്‍ വഴിതിരിവായി എന്ന് നടന്‍ ഓര്‍ത്തെടുത്തു.
വിഭു പുരി സംവിധാനം ചെയ്ത 'ഗുസ്താഖ് ഇഷ്‌ക്' ആണ് വിജയ് വര്‍മയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.