തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിക്കുന്നത്. കങ്കുവയുടെ പുതിയ ഒരു അപ്ഡേറ്റാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കേരളത്തിലെ സൂര്യ ആരാധകരെ ആവേശത്തിലാക്കാന്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന് കേരളത്തില്‍ എത്താന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കങ്കുവയുടെ കേരളത്തിലെ പ്രൊമോഷന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സൂര്യ എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്. ഇന്ന് കൊച്ചിയിലും നാളെ തിരുവനന്തപുരത്തും എത്തും. നാളെ വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരാധകരുമായി സൂര്യ സംവദിക്കും.സൂര്യയെ വരവേല്‍ക്കാന്‍ ആരാധകര്‍ ഗംഭീരമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്
കേരള, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതല്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ എക്സിലൂടെ അറിയിച്ചു. തമിഴ് നാട്ടില്‍ നിലവില്‍ 9 മണിക്കാണ് ആദ്യ ഷോ ആരംഭിക്കുക. 14-ന് അതിരാവിലെയുള്ള ഷോകള്‍ക്കായി തങ്ങള്‍ TN ഗവണ്മെന്റിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും, അതിനുള്ള അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സമയം അപ്ഡേറ്റ് ചെയ്യുമെന്നും നിര്‍മാതാക്കള്‍ കുറിച്ചു.
വലിയ ബഡ്ജറ്റില്‍ പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന കങ്കുവയില്‍ രണ്ട് കഥാപാത്രങ്ങളായിട്ടാണ് സൂര്യ എത്തുന്നത്.രണ്ട് മണിക്കൂര്‍ 34 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയില്‍ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഫ്രാന്‍സിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ സൂര്യയും ദിഷാ പഠാണിയുമൊത്തുള്ള ഗാനം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവംബര്‍ 14 ന് ചിത്രം തിയേറ്ററിലെത്തും.
ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടന് ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.