സൂര്യയെ നായകനാക്കി തെലുഗു ഹിറ്റ്‌മേക്കര്‍ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജു നായികയാകുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഹൈദരാബാദില്‍ വച്ചു നടന്നു. സൂര്യയുടെ 46 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.
മമിത ബൈജു, രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ജി. വി പ്രകാശ് ആണ് സം ഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം.
നേരത്തെ സൂര്യ പ്രധാന വേഷത്തില്‍ എത്തിയ ബാല ചിത്രമായ 'വണങ്കാനില്‍' മമിത പ്രധാന വേഷത്തില്‍ എത്തിരുന്നു. പിന്നീട് തിരക്കഥയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഈ ചിത്രത്തില്‍ നിന്ന് മമിതയും പിന്മാറി.
തന്റെ ഇഷ്ടതാരമായ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും മമിത പറഞ്ഞിരുന്നു.
അതേസമയം ധനുഷിന്റെ നായികയാവാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേല്‍ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഐസരി കെ ഗണേഷ് നിര്‍മിച്ച് വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ട്
റെബല്‍ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. ജി.വി പ്രകാശ് കുമാര്‍ നായകനായി എത്തിയ ഈ ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നു. വിജയ് നായകനാകുന്ന ജനനായകന്‍, രാക്ഷന്‍സ് ടീം വീണ്ടും ഒന്നിക്കുന്ന ഇരണ്ടുവാനം, പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഡ്യൂഡ് എന്നിവയാണ് മമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ടാണ് മമിത തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. കേരളത്തിന് പുറത്തേക്ക് വലിയ ജനപ്രീതിയാണ് പ്രേമലു എന്ന ചിത്രത്തിലെ റീനു എന്ന കഥാപാത്രത്തിന് ലഭിച്ചത്. പിന്നാലെ വിജയ്യുടെ ജനനായകന്‍ എന്ന ചിത്രത്തിലും മമിത പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തയും വന്നു. തുടര്‍ന്നാണ് മമിത തമിഴില്‍ ചുവടുറപ്പിച്ചത്.