Latest News

മെഗാ ഹിറ്റിന് പിന്നാലെ ആര്‍.ജെ. ബാലാജിക്ക് സൂര്യ നല്‍കിയ വമ്പന്‍ സര്‍പ്രൈസ്; പുത്തന്‍ ലക്ഷ്വറി എസ്യുവിയില്‍ നഗരം ചുറ്റി താരങ്ങള്‍ 

Malayalilife
 മെഗാ ഹിറ്റിന് പിന്നാലെ ആര്‍.ജെ. ബാലാജിക്ക് സൂര്യ നല്‍കിയ വമ്പന്‍ സര്‍പ്രൈസ്; പുത്തന്‍ ലക്ഷ്വറി എസ്യുവിയില്‍ നഗരം ചുറ്റി താരങ്ങള്‍ 

ബോക്സ് ഓഫീസില്‍ 340 കോടിയിലധികം കളക്ഷന്‍ നേടി തരംഗമായി മാറിയ 'കറുപ്പ്' സിനിമയുടെ വന്‍ വിജയം ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ സംവിധായകനും നടനുമായ ആര്‍.ജെ. ബാലാജിക്ക് പുത്തന്‍ ലക്ഷ്വറി എസ്യുവി സമ്മാനമായി നല്‍കിയിരിക്കുകയാണ് തമിഴ് താരം സൂര്യ. സമ്മാനമായി കിട്ടിയ പുതിയ കാറില്‍ സൂര്യയെയും കൂട്ടി ആര്‍.ജെ. ബാലാജി നഗരം ചുറ്റിക്കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയുടെ വിജയത്തില്‍ പങ്കാളികളായ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വന്‍ സമ്മാനങ്ങളാണ് ലഭിച്ചത്. 

ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഛായാഗ്രാഹകന്‍ ജി.കെ. വിഷ്ണു, എഡിറ്റര്‍ ആര്‍. കലൈവനന്‍, സംഗീതസംവിധായകന്‍ സായ് അഭ്യങ്കര്‍ എന്നിവര്‍ക്ക് മഹീന്ദ്രയുടെ ബിഐ6 (BI6) ബാറ്റ്മാന്‍ എഡിഷന്‍ കാറുകളാണ് സമ്മാനമായി നല്‍കിയത്. ഇതിന് ശേഷമാണ് ചിത്രത്തിലെ നായകനായ സൂര്യ, ആര്‍.ജെ. ബാലാജിക്ക് പുത്തന്‍ എസ്യുവി സര്‍പ്രൈസായി നല്‍കിയത്. 

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സൂര്യക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ ബാലാജി പങ്കുവെച്ചത്. കാറിന്റെ ഉള്ളിലെ പ്ലാസ്റ്റിക് കവറുകള്‍ പോലും മാറ്റുന്നതിന് മുന്‍പ് തന്നെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ആദ്യ ദിവസം മുതല്‍ നിങ്ങള്‍ എന്നില്‍ വിശ്വസിച്ചു. ആ ഒറ്റ വിശ്വാസമാണ് ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ഞാന്‍ നല്‍കിയ ഒരു വാഗ്ദാനമായിരുന്നു ഈ ചിത്രം, അത് ഇന്ന് മെഗാ ബ്ലോക്ക്ബസ്റ്ററായി മാറി. സൂര്യ സാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു, ഒത്തിരി സ്‌നേഹം സര്‍,' - ബാലാജി കുറിച്ചു. 

 ചിത്രം റിലീസ് ചെയ്ത് അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് 340 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയത്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി 'കറുപ്പ്' മാറിയിരിക്കുകയാണ്. മുന്‍ ചിത്രങ്ങളായ കങ്കുവ, റെട്രോ എന്നിവയ്ക്ക് ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്ത സാഹചര്യത്തില്‍ സൂര്യയ്ക്ക് വലിയൊരു ആശ്വാസമാണ് ഈ മെഗാ ഹിറ്റ്. തീയേറ്ററുകളിലെ വന്‍ വിജയത്തിന് ശേഷം ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗും ആരംഭിച്ചിട്ടുണ്ട്. 

തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകള്‍ക്ക് പുറമെ തെലുങ്കില്‍ 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. കറുപ്പുസാമി എന്ന കാവല്‍ ദൈവത്തിന്റെ കഥ പറയുന്ന ഈ ഫാന്റസി ത്രില്ലര്‍ ചിത്രത്തില്‍ സൂര്യ, തൃഷ കൃഷ്ണന്‍, ആര്‍.ജെ. ബാലാജി എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര തന്നെയുണ്ട്. മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സ്, ശിവദ, സ്വാസിക എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമ്പോള്‍, അനഘ മായ രവി, നാട്ടി സുബ്രഹ്മണ്യം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

suriya gifts rj balaji suv car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES