കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ 20 പെട്രോള്‍ നയത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ, വേറിട്ട പ്രതികരണവുമായി നടന്‍ സണ്ണി വെയ്ന്‍. എഥനോളിന്റെ രാസസൂത്രവാക്യമായ $CH_3-CH_2-OH$ മാത്രം ഉള്‍പ്പെടുത്തി താരം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്.
സാധാരണ പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്ന ഇ 20 ഇന്ധന നയം വാഹനങ്ങളുടെ എന്‍ജിന്‍ തകരാറിലാക്കുന്നുവെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുന്നുവെന്നും വാഹന ഉടമകള്‍ക്കിടയില്‍ പരാതി ശക്തമാണ്. ഈ വിഷയത്തില്‍ വലിയ ജനരോഷം നിലനില്‍ക്കെയാണ് സണ്ണി വെയ്ന്‍ രാസസൂത്രവാക്യം മാത്രം പോസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ ഇന്ധന നയത്തിനെതിരെയുള്ള പരോക്ഷമായ പരിഹാസവും വിമര്‍ശനവുമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ ആരംഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി രംഗത്തെത്തി. ഇയാളുടെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ലെന്നു വരെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. സാധാരണക്കാരായ വാഹന ഉടമകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നം ആക്ഷേപഹാസ്യ രീതിയില്‍ സമൂഹത്തിന് മുന്നിലെത്തിച്ച താരത്തെ പിന്തുണച്ച് അനവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇ 20 പെട്രോള്‍ മൂലമുണ്ടാകുന്ന എന്‍ജിന്‍ കേടുപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ ഒറ്റ പോസ്റ്റിലൂടെ വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. എന്നാല്‍, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോടോ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കോ നടന്‍ സണ്ണി വെയ്ന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.