മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന വരത്തൻ. നസ്രിയയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണം മാത്രമല്ല, ചിത്രത്തിൽ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ളൊരു ചിത്രം നടി പങ്ക് വച്ചതോടെ ആരാധകർ ആകാംക്ഷയിലാണ്.
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിലെത്തുന്ന വരത്തൻ വലിയ പ്രേക്ഷകശ്രദ്ധയാണ് നേടുന്നത്. ഇതാദ്യമായല്ല നസ്രിയ സിനിമയിൽ പാടുന്നത്. ഇതിന് മുൻപ് ദുൽഖർ ചിത്രം സലാല മൊബൈൽസിന് വേണ്ടി താരം പാടിയിരുന്നു.
ഇയോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. അമൽനീരദിന്റെ ഉടമസ്ഥതയിലുള്ള എഎൻപിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമൽനീരദ് ചിത്രത്തിൽ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം. ഓഗസ്റ്റ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.