കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമത്തിൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു ഉലകനായകൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹസൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത. ഇതിനൊപ്പം തന്നെ കാമുകനായ നടൻ മൈക്കിൾ കൊർസലെയും ഒത്തുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ലണ്ടനിലെ താരവുമായി ശ്രുതിയുടെ വിവാഹം ഉറപ്പിച്ചെന്ന വാർത്തയുടെ ചൂടാറും മുൻപാണ് ഇവർ വേർപിരിയുകയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മൈക്കിൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്.
മൈക്കിളിന്റെ പോസ്റ്റിങ്ങനെ: 'ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാൽ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഈ പെൺകുട്ടി എന്നും എന്റെ പ്രിയ്യപ്പെട്ടവളായിരിക്കും' എന്നാണ് മൈക്കിൾ കൊർസലെ ട്വിറ്ററിൽക്കുറിച്ചിരിക്കുന്നത്. എന്താണ് പറ്റിയത്, നിങ്ങൾ പിരിയാൻ കാരണം തുടങ്ങി നിരവധി കമന്റുകളുമായി ആരാധകർ മൈക്കിളിന്റെ പോസ്റ്റിനുതാഴെ ചോദ്യങ്ങളുമായി വന്നിട്ടുമുണ്ട്.
Life has just kept us on opposite sides of the globe unfortunately and so we have to walk solo paths it seems. But this young lady will always be my best mate. So grateful to always have… https://t.co/8KYFwxXgOa
— Michael Corsale (@MichaelCorsale) April 26, 2019
കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ നിന്നും ശ്രുതി ഒഴിഞ്ഞുമാറിയിരുന്നു. തനിക്ക് വിവാഹം കഴിക്കാൻ ധൃതിയില്ലെന്നും ഇപ്പോൾ അതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ മൈക്കിളിന്റെ പോസ്റ്റ് വന്നതിനുശേഷം ശ്രുതി പ്രതികരിച്ചിട്ടില്ല.