Latest News

ബ്ലാസ്റ്റ് സിനിമയുടെ ലീക്കായ സിനിമാ ദൃശ്യം പങ്കുവെച്ചു; ഗായിക ചിന്മയിക്കെതിരെ പൈറസി ആരോപണം; നടപടിക്ക് ആവശ്യപ്പെട്ട് തമിഴ് സിനിമാലോകം; താരം വീണ്ടും വിവാദത്തില്‍

Malayalilife
 ബ്ലാസ്റ്റ് സിനിമയുടെ ലീക്കായ സിനിമാ ദൃശ്യം പങ്കുവെച്ചു; ഗായിക ചിന്മയിക്കെതിരെ പൈറസി ആരോപണം; നടപടിക്ക് ആവശ്യപ്പെട്ട് തമിഴ് സിനിമാലോകം; താരം വീണ്ടും വിവാദത്തില്‍

 പ്രമുഖ തെന്നിന്ത്യന്‍ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ വീണ്ടും വിവാദത്തില്‍. സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത് ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ 'ബ്ലാസ്റ്റ്' എന്ന പുതിയ തമിഴ് സിനിമയിലെ, ഇന്റര്‍നെറ്റില്‍ ലീക്കായ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദത്തിന് കാരണമായത്. സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ അതിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ചിന്മയിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 

 ചിത്രത്തില്‍ നടി പ്രീതി മുകുന്ദന്‍ അഭിനയിച്ച 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഫൈറ്റ് സീനാണ് ചിന്മയി എക്‌സ് പ്ലാറ്റ്ഫോമില്‍ റീപോസ്റ്റ് ചെയ്തത്. ടാക്‌സിയില്‍ വെച്ച് തന്നെ ശല്യം ചെയ്യാന്‍ ശ്രമിച്ചയാളെ പ്രീതിയുടെ കഥാപാത്രം ശക്തമായി തിരിച്ചടിക്കുന്നതാണ് ഈ രംഗത്തിലുള്ളത്. 'വാട്ടേ വൗ' (What a wow) എന്ന അടിക്കുറിപ്പോടെയാണ് ചിന്മയി സിനിമയിലെ ഈ ദൃശ്യം തന്റെ പ്രൊഫൈലിലൂടെ വീണ്ടും പങ്കുവെച്ചത്.

ചിന്മയിയുടെ ഈ പ്രവര്‍ത്തി കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ നിന്ന് ക്യാമറ ഉപയോഗിച്ച് നിയമവിരുദ്ധമായി ചിത്രീകരിച്ച പൈറേറ്റഡ് ദൃശ്യങ്ങളാണ് ചിന്മയി തന്റെ പ്രൊഫൈലിലൂടെ പങ്കുവെച്ചത് എന്നതാണ് പ്രധാന ആരോപണം. സിനിമ റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ചിലര്‍ തമിഴ്നാട് പോലീസിനെയും ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ എജിഎസ് എന്റര്‍ടൈന്‍മെന്റിനെയും ടാഗ് ചെയ്ത് ചിന്മയിക്കെതിരെ നിയമനടപടി ആവശ്യപ്പെടുകയും ഈ പോസ്റ്റ് എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന പൈറസിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ട ഒരു കലാകാരി തന്നെ ഇത്തരത്തില്‍ പൈറേറ്റഡ് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്തത് ശരിയായില്ലെന്നാണ് പൊതുവെയുള്ള വിമര്‍ശനം. ചിന്മയി ഇതിന് മുമ്പ് ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന സിനിമയില്‍ തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിരുന്നു. ആ ചിത്രം ലോകമെമ്പാടും 300 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി തിയേറ്ററുകളില്‍ വന്‍ മുന്നേറ്റം നടത്തുന്നതിനിടയിലാണ് ഗായികയെ തേടി പുതിയ വിവാദം എത്തിയിരിക്കുന്നത്. 

അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ബ്രഹ്മാണ്ഡ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ചിത്രമാണ് 'ബ്ലാസ്റ്റ്'. പ്രമുഖ സംവിധായകന്‍ സുഭാഷ് കെ. രാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ഒരു കരാട്ടെ പരിശീലകനായ രാജാരാമന്റെയും (അര്‍ജുന്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഭീഷണികളും, അവര്‍ അതിനെ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെയ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

sripaada blast movie leak

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES