Latest News

അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്; എക്സൈസ് അറസ്റ്റ് തടയണം'; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍; രണ്ട് സിനിമ താരങ്ങളുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകം; അന്വേഷണം തുടരുന്നു

Malayalilife
 അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്; എക്സൈസ് അറസ്റ്റ് തടയണം'; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍; രണ്ട് സിനിമ താരങ്ങളുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകം; അന്വേഷണം തുടരുന്നു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നും ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടന്‍ ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച തന്നെ പരിഗണിക്കും. തന്റെ പേര് മൊഴി നല്‍കി എന്നു പറയുന്നു. തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന-41)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ചില സിനിമാ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്‌സൈസ് സംഘം പറഞ്ഞിരുന്നു. രണ്ട് താരങ്ങളുമായുള്ള ചില വാട്‌സാപ്പ് ചാറ്റുകള്‍ എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം താരങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ്, എക്‌സൈസ് സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു. 


തസ്ലിമാ സുല്‍ത്താനയേയും സഹായി കെ. ഫിറോസിനേയും റിമാന്‍ഡുചെയ്തിരുന്നു. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍ ആയ കേസിന്റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയില്‍ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ. 

ഇവരിലൂടെ ലഹരി മാഫിയ സംഘത്തിലെ മറ്റുപ്രധാന ആളുകളിലേക്ക് കൂടി എത്താനാകും എന്നാണ് എക്സൈസിന്റെ പ്രതീക്ഷ. മാത്രവുമല്ല തസ്ലിമയുടെ ഫോണില്‍ നിന്ന് പലര്‍ക്കും സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. നേരത്തെ സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റിലായ ഇവര്‍ നിലവില്‍ ലഹരിക്കടത്തിനോ വിപണനത്തിനോ ഇത്തരം രീതി പിന്തുടരുന്നുണ്ടോ എന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബായ്, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ലഹരി കേസുകളില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്. വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് യുവതി വിതരണം ചെയ്തിരുന്നതെന്നാണ് സൂചന. 

ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്‍കാന്‍ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലായത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നര്‍കോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്റ്റീന എന്നും വിളിപ്പേരുള്ള തസ്ളീമ തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്. മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീമ. ഇവര്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.
 

sreenath bhasi anticipatory bail kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES