ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങള്‍ക്ക് സഹായം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ സോനു സൂദ്. ലോക്ഡൗണ്‍ സമയത്ത് കുടുങ്ങിപ്പോയ ആളുകളെ വീട്ടിലെത്തിച്ചും പാവങ്ങള്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ എത്തിച്ച് നല്‍കിയും താരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ സോനു ഹീറോയായാണ് അറിപ്പെടുന്നത്. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒറു വാര്‍ത്തയാണ് പുറത്തുവരുന്നത്.
പാവങ്ങളെ സഹായിക്കാനുള്ള പണം കണ്ടെത്താനായി താരം തന്റെ മുബൈയിലെ എട്ടോളം കെട്ടിടങ്ങള്‍ പണയം വച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂഹുവിലെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളുമാണ് ബാങ്കില്‍ പണയത്തിലുള്ളത്. അതേസമയം ഈ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് സോനുവിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സോനു സജീവമായി രംഗത്തിറങ്ങിയിരുന്നു. 10 ബസുകള്‍ കര്‍ണാടകയിലേക്കും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഓഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും താരം സര്‍ക്കാരുമായി സഹകരിച്ച് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ എത്തിച്ചും, പിപിഇ കിറ്റുകള്‍ വിതരണം ചെയ്തുമൊക്കെ താരം സാധാരണക്കാര്‍ക്കിടയില്‍ ഹീറോയായി മാറിയിരുന്നു. ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുന്നത് തന്റെ കടമയാണെന്നും അവസാന ശ്വാസംവരെ അത് തുടരുമെന്നുമാണ് സഹായങ്ങള്‍ ചെയ്ത്‌കൊണ്ട സോനു വ്യക്തമാക്കിയത്.