അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മകന്റെ വിജയം കാണാന്‍ സുകുമാരന്‍ കൂടി ഈ ലോകത്ത് വേണമായിരുന്നുവെന്നത് പലരും സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നത്. സംവിധാന മോഹം ബാക്കി വെച്ചാണ് സുകുമാരന്‍ അകാലത്തില്‍ വിടപറഞ്ഞ് പോയത്. ആ മോഹത്തിന്റെ പൂര്‍ത്തികരണമാണ് പൃഥ്വിരാജ് ചെയ്യുന്നത്. ഇപ്പോഴിതാ സുകുമാരന്റെ കുടുംബത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മല്ലിക സുകുമാരനുമായുമെല്ലാം സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് സിദ്ദു പനയ്ക്കല്‍.
'ഒരു അച്ഛന് എത്രമാത്രം സന്തോഷമുണ്ടാക്കുന്നതായിരിക്കും കേരളത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ആഹ്ലാദവും, ആവേശവും, ആഘോഷവും ആരവങ്ങളും. എല്ലാം എന്തിനു വേണ്ടിയാണ് ഒരേയൊരു സിനിമയ്ക്ക് വേണ്ടി 'എമ്പുരാന്‍' ന് വേണ്ടി. വിഗതകുമാരന്‍ മുതല്‍ ഇങ്ങോട്ട് ഇന്നുവരെ ഒരു സിനിമയ്ക്കും ഉണ്ടാക്കാനാവാത്ത ആവേശത്തോടെ, കാണണമെന്ന ആഗ്രഹത്തോടെ ജനങ്ങള്‍ കാത്തിരിക്കുന്ന ഒരേ ഒരു സിനിമ 'എമ്പുരാന്‍'
തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ, അല്ലെങ്കില്‍ ദൈവം അനുവദിക്കാതെ പോയ സംവിധാനം എന്ന സ്വപ്നം മകന്‍ പൂര്‍ത്തീകരിച്ചു 6 വര്‍ഷം കഴിയുമ്പോള്‍ തന്റെ കൈകളില്‍ ഇരിക്കുന്ന ഈ കൊച്ചുമകന്‍ ഇന്ന് സിനിമാ ലോകത്തിന്റെ കൈകളില്‍ അല്ലെങ്കില്‍ നിറുകയില്‍ എത്തിനില്‍ക്കുന്നു എന്നത് ഈ അച്ഛനോളം സന്തോഷത്തോടെ ആര്‍ക്കും കാണാനാവില്ല. ആ അച്ഛന്‍ അത് കാണുന്നുണ്ട് ഉറപ്പ്.
സൈബര്‍ ആക്രമണം എന്ന വെയിലത്ത് രാജുവിനെ വാട്ടാന്‍ ഒരുകാലത്ത് പലരും കിണഞ്ഞു പരിശ്രമിച്ചതാണ്. അങ്ങിനെ വാടുന്ന ആളല്ല രാജു. സുകുമാരന്‍ എന്ന തീയില്‍ കുരുത്ത രാജു സൈബര്‍ ആക്രമണം എന്ന വെയിലത്ത് വാടില്ല.
അച്ഛനാണെന്നെ സത്യം പറയാന്‍ പഠിപ്പിച്ചത്, അച്ഛനാണെന്നെ സാഹിത്യത്തിലേക്കു കൊണ്ടുവന്നത്, അച്ഛനാണെനിക്ക് ലിറ്ററേചര്‍ എന്താണെന്ന് പഠിപ്പിച്ചുതന്നത്, അച്ഛനാണെന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്നത്, എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണ്, ഭാഷ എങ്ങിനെ പ്രയോഗിക്കണം എന്ന് പഠിപ്പിച്ചതും അച്ഛനാണ് എന്ന് രാജു വര്‍ഷങ്ങള്‍ ക്ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഇത് മാത്രമല്ല, ഈ മകന്‍ സിനിമകണ്ട് തുടങ്ങിയത് അച്ഛനിലൂടെയാണ് , അച്ഛന്റെ കണ്ണുകളിലൂടെയാണ്. ഇന്ന് ലോകത്തോളം വളര്‍ന്നു നില്‍ക്കുന്ന മകനെ ആ അച്ഛന്‍ കാണുന്നതും കണ്ണിലൂടെ തന്നെ ദൈവത്തിന്റെ കണ്ണിലൂടെ. എമ്പുരാന്റെ കൈകളില്‍ സയിദ് മസൂദും തൊട്ടരികില്‍ ഗോവര്‍ദ്ധനും, അച്ഛനെക്കാള്‍ വളര്‍ന്ന മക്കള്‍. ആ വളര്‍ച്ച സന്തോഷത്തോടെ കാണുന്ന അമ്മ. ആ അമ്മയോട് അച്ഛന്‍ പറയുന്നുണ്ടാവണം കണ്ടോ എന്റെ മക്കള്‍... നമ്മുടെ മക്കള്‍. ആ അമ്മ, മല്ലികചേച്ചി അത് കേള്‍ക്കുന്നുമുണ്ടാകും' സിദ്ധു പനക്കല്‍ കുറിച്ചു.